വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാം; യു.എ.പി.എ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: വിവാദ യു.എ.പി.എ (ഭേദഗതി) ബില്‍ രാജ്യസഭ പാസാക്കി. ബില്ലിന് അനുകൂലമായി 147 പേര്‍ വോട്ടു ചെയ്തു. 42 പേര്‍ എതിര്‍ത്തു. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രമേയവും ഉപരിസഭ തള്ളി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ യു.പി.എ സര്‍ക്കാറാണ് കൊണ്ടുവന്നത്. തങ്ങള്‍ ഇതില്‍ ഭേദഗതി അവതരിപ്പിക്കുകയാണ് ചെയ്തത്. ഭീകരരെ നേരിടാന്‍ തങ്ങള്‍ക്കു മാത്രമേ സാധിക്കൂ. ഇപ്പോള്‍ വെച്ച് കോണ്‍ഗ്രസ് കാലു മാറുകയാണ്. എന്തു കൊണ്ടാണ്- ബില്‍ അവതരിപ്പിക്കവെ അമിത് ഷാ ചോദിച്ചു. വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്ന വിവാദ വ്യവസ്ഥയെ ഷാ ന്യായീകരിച്ചു.

ഇത്തരം നിയമങ്ങള്‍ വിദേശരാഷ്ട്രങ്ങളിലുണ്ട്. ഒരു സംഘടനയെ നിരോധിച്ചാല്‍ അതിലുള്ള വ്യക്തികള്‍ മറ്റൊരു സംഘടനയുമായി വരും. സംഘടനയെ നിരോധിച്ചതു കൊണ്ട് എന്തു കാര്യമാണ. വ്യക്തികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനായിരുന്നു സംഝോധ, മക്ക മസ്ജിദ് സ്‌ഫോടനക്കേസുകള്‍- അദ്ദേഹം പറഞ്ഞു.എന്തിനാണ് ബില്ലില്‍ ഭേദഗതി അവതരിപ്പിക്കുന്നത് എന്നായിരുന്നു മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ ചോദ്യം. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നതിന്റെ സാംഗത്യവും അദ്ദേഹം ചോദ്യം ചെയ്തു. ഈ ഭേദഗതിക്കു മുമ്പു തന്നെ വ്യക്തികള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്താണ് യു.എ.പി.എ ബില്‍?

1- സംഘടനകളെ തീവ്രവാദി സംഘങ്ങളാക്കി പ്രഖ്യാപിക്കുന്നതിന് പകരം, വ്യക്തിയെ കൂടി ഭീകരനായി പ്രഖ്യാപിക്കാന്‍ ബില്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നു

2- വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ എതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണം നടത്തിക്കഴിഞ്ഞാല്‍, അവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ എന്‍.ഐ.എ ഡയറക്ടര്‍ ജനറലിന്റെ അനുമതി മാത്രം മതി. ഇതിന് സംസ്ഥാന സര്‍ക്കാറിന്റെയോ പൊലീസിന്റെയോ അനുമതി ആവശ്യമില്ല.

3- ഭീകരകേസുകളിലെ അന്വേഷണ അധികാരം ഇന്‍സ്‌പെക്ടര്‍ റാങ്ക് മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കും. നേരത്തെ ഇത് ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പൊലീസ് എന്നിവര്‍ മുതലായിരുന്നു.