സഭയില്‍ സംസാരിക്കാനുള്ള അവകാശം തനിക്കുണ്ട്: ബി.ജെ.പിയെ വിറപ്പിച്ച് രമ്യ ഹരിദാസ്

ന്യൂഡൽഹി: പോക്‌സോ നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് എം.പി രമ്യ ഹരിദാസ്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയോടെ പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയിൽ ഉന്നാവ് സംഭവത്തെ മുൻനിർത്തി ബി.ജെ.പിയേയും രമ്യ കടന്നാക്രമിച്ചു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ഒരു എം.എല്‍.എ പീഡനക്കേസില്‍ കുറ്റക്കാരനായി നില്‍ക്കുന്ന സമയത്ത് തന്നെ ഇത്തരമൊരു ബില്‍ ലോക്‌സഭയില്‍ എത്തിയത് വിരോധാഭാസമാണെന്ന് രമ്യ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങിയ രമ്യ പ്രസംഗം പിന്നീട് മലയാളത്തിലേക്ക് മാറ്റുകയായിരുന്നു.

ഇന്ന് ഞാന്‍ എന്‍റെ മാതൃഭാഷയില്‍ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നു. കാരണം ഇത് കുട്ടികളെയും സ്ത്രീകളെയും ഇരകളെയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വിഷയമാണ്. എന്‍റെ വികാരങ്ങളെ ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ മാതൃഭാഷയാണ് കൂടുതല്‍ അനുയോജ്യം. അതിനാല്‍ മലയാളത്തിലാണ് ഇന്ന് സംസാരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും തുടക്കത്തില്‍ രമ്യ വ്യക്തമാക്കി. പ്രസംഗത്തിനിടെ ഭരണപക്ഷത്തുനിന്നുള്ള എം.പിമാര്‍ ബഹളം വച്ചെങ്കിലും താന്‍ ഒരു പാര്‍ലമെന്റ് അംഗമാണെന്നും സഭയില്‍ സംസാരിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും പറഞ്ഞ് രമ്യ പ്രസംഗം തുടരുകയായിരുന്നു.

ലോകത്ത് യഥാര്‍ത്ഥമായ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ യുദ്ധത്തിനെതിരെ ഒരു മുന്നേറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ അത് കുട്ടികളില്‍ നിന്നും തുടങ്ങണമെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളോടെയാണ് രമ്യ പ്രസംഗം ആരംഭിച്ചത്. ഇന്നലെയാണ് പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതാണ് ബില്‍. പോക്‌സോ നിയമഭേദഗതി ബില്‍ നേരത്തെ രാജ്യസഭ പാസാക്കിയതാണ്. ഭേദഗതികളോടെയുള്ള ബില്‍ ആണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവച്ചാല്‍ ബില്ലിന് അംഗീകാരം ലഭിക്കും. രാജ്യത്ത് നിയമമാകുകയും ചെയ്യും.