നെയ്മർ ഉടൻ ബാർസയിലേക്കില്ല

ബാര്‍സലോണ: ബ്രസീലിയന്‍ സുപ്പര്‍ താരം നെയ്മർ ബാര്‍സയിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതീക്ഷയോടെ കാത്തിരിപ്പായിരുന്നു അദ്ദേഹത്തിൻെറ ആരാധകര്‍. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് ബാര്‍സയുടെ ഭാഗത്തു നിന്നുള്ള പ്രതികരണം. നെയ്മര്‍ ഈ സമ്മറില്‍ ടീമിനൊപ്പം ചേരില്ലെന്നാണ് ക്ലബ് വൈസ് പ്രസിഡന്റ് ജോര്‍ഡി കോര്‍ഡോണര്‍ പറയുന്നത്. ഇത്തവണയെന്തായായും നെയ്മറിന് ബാര്‍സയില്‍ ചേരാനാകുമെന്ന് കരുതുന്നില്ല. ഒരു ദിവസം ഇത്തരം സാഹചര്യം വന്നാല്‍ ഞങ്ങള്‍ അതേക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം താരം പി.എസ്.ജിയില്‍ സന്തോഷവാനല്ലെന്ന കാര്യം ജോര്‍ഡി കോര്‍ഡോണര്‍ സ്ഥരീകരിച്ചു. വിഷയം അവര്‍ ക്ലബിനുള്ളില്‍ തന്നെ പരിഹരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. അടുത്തിടെ തന്നെ 27കാരനായ നെയ്മർ നിലവിലെ ക്ലബായ പാരീസ് സെയ്ന്റ് ജെര്‍മ്മന്‍ വിട്ട് ബാര്‍സയിലെത്തുമെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു. എന്നാല്‍ ഈ സമ്മറോടെ മാത്രമേ താരത്തിന്റെ കൈമാറ്റകാര്യത്തില്‍ തീരുമാനമാകുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്ക് താരത്തിനെ വലയ്ക്കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ കഴിഞ്ഞ കോപ്പ ടൂര്‍ണമെന്റ് നെയ്മറിന് നഷ്ടമായിരുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ടീമിനൊപ്പമുള്ള പരിശീലനം നെയ്മർ പുനരാരംഭിച്ചിട്ടുണ്ട്. 222 മില്ല്യന്‍ പൗണ്ടിന്റെ റെക്കോര്‍ഡ് തുകയ്ക്കാണ് രണ്ട് വര്‍ഷം മുന്നെ നെയ്മര്‍ ബാര്‍സ വിട്ട് കറ്റാലൻ പടയിൽ ചേക്കേറിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ