ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള സമയമല്ലിത്; ലേലത്തിന് കെട്ടിവെച്ച തുക ദുരിതാശ്വാസത്തിന് നല്‍കി പൃഥ്വിരാജ്

കാക്കനാട്: ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ കെട്ടിവെച്ച ലേലത്തുക ദുരിതാബാധിതര്‍ക്കായി മാറ്റിവെച്ച് പൃഥ്വിരാജ്. കേരളം മുഴുവന്‍ വിഷമാവസ്ഥ നേരിടുമ്പോള്‍ ഫാന്‍സി നമ്പറിന് പുറകെ പോകണ്ട സമയമല്ലിത് എന്ന പൃഥ്വിവിന്റെ തീരുമാനം ആരാധകരും സോഷ്യല്‍മീഡിയയും കൈയ്യടികളോടെയാണ് സ്വീകരിച്ചത്. പുതുതായി വാങ്ങിയ റേഞ്ച് റോവര്‍ വോഗിനുവേണ്ടി ബുക്ക് ചെയ്തിരുന്ന കെ.എല്‍07 സി.എസ് 7777 നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍നിന്നാണ് പിന്മാറിയത്. ലേലത്തില്‍ പങ്കെടുക്കുന്നില്ലെന്നും ഇതിനുള്ള തുക ദുരിതാശ്വാസത്തിനുപയോഗിക്കുമെന്നും വെള്ളിയാഴ്ച രാവിലെ എറണാകുളം എന്‍ഫോഴ്‌സ്മന്റെ് ആര്‍.ടി.ഒ ടി. മനോജ് കുമാറിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പൃഥ്വിരാജിന്റെ സദുദ്ദേശ്യം മനസിലാക്കിയ ആര്‍.ടി.ഒ ഇതംഗീകരിച്ചു.ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ മറ്റ് രണ്ട് അപേക്ഷകള്‍ കൂടിയുള്ളതിനാലാണ് നമ്പര്‍ ലേലത്തിനുവെച്ചത്. 50,000 രൂപ അടച്ച് ലേലത്തിന് ബുക്ക് ചെയ്തത് ദിവസങ്ങള്‍ക്കുമുമ്പാണ്. നടന്‍ പിന്മാറിയതോടെ മൊബൈല്‍ കിങ് ഉടമ മുഹമ്മദ് ഫയാസ് തന്റെ വോക്‌സ് വാഗണ്‍ പോളോക്കുവേണ്ടി 78,000 രൂപക്ക് ഈ നമ്പര്‍ നേടി. ഇതാദ്യമായല്ല പൃഥ്വി ദുരിതബാധിതര്‍ക്കുള്ള സഹായം നല്‍കുന്നത്. ദുരിതബാധിത പ്രദേശങ്ങൡലേക്ക് ഒമ്പത് ലക്ഷം രൂപയുടെ സാധനങ്ങള്‍ നല്‍കിയിരുന്നു. ഒരു ലോറി നിറയെ സ്‌നേഹം നല്‍കിയ പൃഥ്വിവിനെ ചേട്ടന്‍ ഇന്ദ്രജിത്തും കുടുംബവും അന്‍പോടു കൊച്ചിയിലെ അംഗങ്ങളും മനസ് നിറഞ്ഞ് അഭിനന്ദിച്ചതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.