ഇത്തവണ കിടുക്കും; മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരുമായി കൈകോര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: മുന്‍ യൂറോപ്യന്‍ ലീഗ് ചാമ്പ്യന്മാരായ സെര്‍ബിയന്‍ ക്ലബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡുമായി തന്ത്രപരമായ സഹകരണത്തിന് ഒരുങ്ങി കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇരുടീമുകള്‍ക്കും ഗുണകരമാകുന്ന തരത്തിലുള്ള കരാറിന്റെ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി കായിക വെബ്‌സൈറ്റായ ഖേല്‍ നൗ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ വിപണിയില്‍ കണ്ണുള്ള ക്ലബ്ബാണ് ബല്‍ഗ്രേഡ് ആസ്ഥാനമായ റെഡ് സ്റ്റാര്‍. നേരത്തെ, ചില ഇന്ത്യന്‍ ക്ലബുകളുമായി റെഡ് സ്റ്റാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ലെന്ന് വെബ്‌സൈറ്റ് പറയുന്നു.1990ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് (അന്ന് യൂറോപ്യന്‍ ലീഗ്) ഉയര്‍ത്തിയ ക്ലബാണ് റെഡ് സ്റ്റാര്‍. ബോറ കോസ്റ്റിക്, ഡ്രാഗണ്‍ ജാസിക് തുടങ്ങി യൂഗോസ്ലോവ്യന്‍-സെര്‍ബിയന്‍ ഫുട്‌ബോളിനെ മാറ്റിമറിച്ച താരങ്ങള്‍ ക്ലബിന്റെ ഉത്പന്നങ്ങളായിരുന്നു. ഐ.എസ്.എല്ലില്‍ എ.ടി.കെ, ബംഗളൂരു എഫ്.സി, ജംഷഡ്പൂര്‍ എഫ്.സി എന്നീ ക്ലബുകള്‍ക്ക് വിദേശടീമുകളുമായി സഹകരണമുണ്ട്. സമാനരീതിയിലാണ് ബ്ലാസ്റ്റേഴ്‌സും വിദേശ ടീമുമായി കൈ കോര്‍ക്കുന്നത്. ഏതു തരത്തിലുള്ള സഹകരണങ്ങളാണ് വേണ്ടത് എന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. ഇതുവരെയുള്ള ചര്‍ച്ചകള്‍ പോസിറ്റീവാണെന്ന് ക്ലബ് വൃത്തങ്ങളെ ഉദ്ധരിച്ച് ഖേല്‍ നൗ വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സില്‍ കഴിഞ്ഞ തവണ കളിച്ച ഡിഫന്‍ഡര്‍ ലാകിച് പെസിച്ച് ബെല്‍ഗ്രേഡ് സ്വദേശിയായിരുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച ആരാധക വൃന്ദമുള്ള ടീമാണ് റെഡ് സ്റ്റാറെന്നും അതിനേക്കാള്‍ മനോഹമാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ആരാധക കാഴ്ചയെന്നും പെസിച്ച് പറഞ്ഞിരുന്നു. അതിനിടെ, സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഈയിടെ കൊമ്പന്മാര്‍ ജെയന്‍ യൂണിവേഴ്‌സിറ്റിയുമായി അഞ്ചു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരുന്നു. മോശം കളി കൊണ്ട് കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട ആരാധകര്‍ ഇത്തവണ തിരിച്ചുവരുമെന്ന വിശ്വാസത്തിലാണ് ക്ലബ്. ഇതിന്റെ ഭാഗമായി മുന്‍ സീസണുകളില്‍ നിന്ന് ഭിന്നമായി മികച്ച താരങ്ങളെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ നിരയിലെത്തിച്ചിട്ടുള്ളത്. കോച്ചായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ എല്‍കോ ഷട്ടോരിയെ ക്ലബിലെത്തിച്ച അധികൃതര്‍ പിന്നീട് നടത്തിയ തെരഞ്ഞെടുപ്പുകളെല്ലാം ബുദ്ധിപൂര്‍വ്വമായിരുന്നു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കു വേണ്ടി കളിച്ചിട്ടുള്ള മുന്‍ നോര്‍ത്ത് ഈസ്റ്റ് താരം ബെര്‍ത്തലോമിയോ ഒഗ്ബച്ചെ, സെനഗല്‍ ഇന്റര്‍നാഷണല്‍ മുഹമ്മദ് മുസ്തഫ നിങ്, സ്പാനിഷ് താരങ്ങളായ സെര്‍ജിയോ സിഡോഞ്ച, മാരിയോ അര്‍ക്കസ്, ഡച്ച് താരം ജിയാനി സുയിവെര്‍ലൂണ്‍ തുടങ്ങിയ വിദേശ താരങ്ങളെ ഇത്തവണ ക്ലബ് ടീമിലെത്തിച്ചിട്ടുണ്ട്. ഗോള്‍കീപ്പര്‍മാരായി മലയാളി താരം ടി.പി രഹനേഷ്, കശ്മീരി താരം ബിലാല്‍ ഹുസൈന്‍ ഖാന്‍, ഷിബിന്‍രാജ്, സ്‌ട്രൈക്കറായി മലയാളി കെ.പി രാഹുല്‍ തുടങ്ങിയവരും ഇത്തവണ മഞ്ഞക്കുപ്പായ്തില്‍ അരങ്ങേറും.