അവസര സേവകര്‍ എന്നും ബാധ്യയാണ്; തരൂരിനെതിരെ മുല്ലപ്പള്ളി

കണ്ണൂര്‍: മോദിയെ പ്രശംസിച്ച് സംസാരിച്ച തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തരൂര്‍ എന്ത് സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഇത് കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ടെന്നും തരൂരിനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി അറിയിച്ചു.

അവസര സേവകന്മാരെ സ്വീകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അത് പലപ്പോഴും പാര്‍ട്ടിക്ക് ബാധ്യത ആയിട്ടുമുണ്ടെന്നും തുറന്നടിച്ച മുല്ലപ്പള്ളി ഇനി അത്തരമൊരു ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും വ്യക്തമാക്കി. മാനസാന്തരം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. തരൂരിനെ പോലെ അച്ചടക്കം ലംഘിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയതോടെ തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരും ഉണ്ടാകില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവും ഇല്ലെന്ന് തരൂരും നിലപാട് വ്യക്തമാക്കി. തരൂരിനെതിരെ നടപടി ആവശ്യം ശക്തമായതോടെ വിശദീകരണം ചോദിക്കാന്‍ കെപിസിസിയും തീരുമാനിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ