മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം ; ശ്രീറാമിനെതിരെ സര്‍ക്കാര്‍ വകുപ്പ് തല നടപടി തുടങ്ങി

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ വകുപ്പ് തല നടപടി തുടങ്ങി. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു.

വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ പറയുന്നു. കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഖിലേന്ത്യാ സര്‍വ്വീസ് ചട്ടപ്രകാരമാണ് ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീര്‍ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീര്‍ മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ