ശശി തരൂരിനെതിരെ നടപടി ഇല്ലാത്തത് രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം

ശശി തരൂരിനെതിരായ നടപടി കോണ്‍ഗ്രസ് അവസാനിപ്പിച്ചത് രാഹുല്‍ ഗാന്ധി ശാസിച്ചതോടെ. ശശി തരൂര്‍ വസ്തുതപോലെയാണിത്. കശ്മീര്‍ വിഷയത്തിലും രാഹുല്‍ നേരത്തെ മലക്കം മറിഞ്ഞിരുന്നു.

മോദിയെ ഏറ്റവുമധികം വേട്ടയാടിയ ആ നാവുകള്‍ ഇപ്പോള്‍ മോദിക്കനുകൂലമായും വഴങ്ങുന്നുണ്ട്. അതുകൊണ്ടു തന്നെ രാഹുല്‍ ശശി തരൂരിനെ സംരക്ഷിക്കുന്നതില്‍ വലിയ പുതുമയൊന്നും രാഷ്ട്രീയ കേന്ദ്രങ്ങളും കാണുന്നില്ല. തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായാലും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായാലും പ്രശ്നമില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. നേരത്തെ എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും നിര്‍ദ്ദേശിച്ചതും ശശി തരൂരിനെയായിരുന്നു.

ഹൈക്കമാന്റ് നോമിനിയായാണ് തരൂര്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായിരുന്നത്. യു.പി.എ ഭരണകാലത്ത് അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കിയതും രാഹുലും സോണിയയും ഇടപെട്ടായിരുന്നു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ വ്യാപകമായി ശ്രമം നടന്നിരുന്നു. തരൂര്‍ പരാതി നല്‍കിയതോടെ ഹൈക്കമാന്റ് ഇടപെട്ടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ഏകോപിപ്പിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങളെയും എതിര്‍ത്താല്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടമാകുമെന്ന ശശി തരൂരിരിന്റെ ട്വീറ്റാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂരിനെതിര ആയുധമാക്കിയിരുന്നത്. പ്രവര്‍ത്തകരുടെ വികാരവും ഇതു തന്നെയായിരുന്നു.

അവസര സേവകന്‍ ബാധ്യതയാണെന്ന കടുത്ത വിമര്‍ശനമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തരൂരിനെതിരെ ഉയര്‍ത്തിയിരുന്നത്. തരൂരിന് ബി.ജെ.പിയിലേക്ക് പോകാമെന്ന് തുറന്നടിച്ച് കെ. മുരളീധരനും രംഗത്തെത്തുകയുണ്ടായി. പ്രതിപക്ഷ നേതാവ് ചെന്നിത്തലയും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാനും തരൂരിനെതിരെ ശക്തമായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചിരുന്നത്.

ടി.എന്‍ പ്രതാപന്‍ ഒരു പടികൂടി കടന്ന് തരൂരിനെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതുക കൂടി ചെയ്തു. ഇതോടെയാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി തരൂരിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഇതിനോട് ശക്തമായ ഭാഷയിലാണ് തരൂര്‍ പ്രതികരിച്ചിരുന്നത്.

മോദിയുടെ വലിയ വിമര്‍ശകനായ താന്‍ മോദിയെ സ്തുതിച്ചെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നോട്ടീസിലെ പരാമര്‍ശം ആശ്ചര്യപ്പെടുത്തിയെന്നാണ് തരൂര്‍ മറുപടിയില്‍ പറഞ്ഞിരിക്കുന്നത്. ‘മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതെന്ന് പറയുക മാത്രമാണ് ചെയ്തത്. അങ്ങനെ ചെയ്താലേ മോദിയെ വിമര്‍ശിക്കാനുമാകൂ. തന്റെ ഏതെങ്കിലും ഒരു പരാമര്‍ശം മോദി സ്തുതിയാണെന്ന് കാണിച്ച് തന്നാല്‍ നന്നാകുമെന്നും’ തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. വിശദീകരണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി നല്‍കിയ കത്ത് ചോര്‍ന്നതിലും അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് സെഷനില്‍ 50 തവണയിലധികം ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നും 17 ബില്ലുകളില്‍ ഉത്തമബോധ്യത്തോടെ ധൈര്യപൂര്‍വ്വം സര്‍ക്കാരിനെതിരെ സംസാരിച്ചുവെന്നും തരൂര്‍ അവകാശപ്പെടുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള തന്റെ വിമര്‍ശകര്‍ക്കാര്‍ക്കെങ്കിലും അവര്‍ അപ്രകാരം ചെയ്തു എന്ന് അവകാശപ്പെടാന്‍ കഴിയുമോ എന്നും അദ്ദേഹം വെല്ലുവിളിക്കുകയുണ്ടായി.

എ.കെ ആന്റണിയെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്നാവശ്യപ്പെടുകയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അലുമിനീയം പട്ടേല്‍ എന്നു വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത കെ. മുരളീധരനായിരുന്നു തരൂരിനെതിരെ നടപടി വേണമെന്ന ശക്തമായ ആവശ്യം ആദ്യം ഉയര്‍ത്തിയിരുന്നത്. ഇതും പ്രതിരോധത്തിനായി തരൂര്‍ വിഭാഗം ഇപ്പോള്‍ ഉയര്‍ത്തുന്നുണ്ട്.

കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തതും കെ.പി.സി.സി യോഗത്തിനെത്തിയ രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും ഉടുമുണ്ടഴിച്ച് തല്ലിയതുമെല്ലാമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കാല ചരിത്രം. അന്നൊന്നും അച്ചടക്ക നടപടിയുമായെത്താത്തവരാണ് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തരൂരിനെതിരെ തിരിഞ്ഞതെന്നാണ് ഈ വിഭാഗത്തിന്റെ പരാതി. ഇക്കാര്യമുന്നയിച്ച് ഹൈക്കമാന്റിന് തരൂര്‍ അനുകൂലികള്‍ ഫാക്സ് അയച്ചിട്ടുണ്ട്.

രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥരുടെ പട്ടികയിലാണ് നിലവില്‍ തരൂരിന്റെ സ്ഥാനം. രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുമ്പോള്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതല നല്‍കിയിരുന്നതും തരൂരിനായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരത്തെ വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ശശി തരൂര്‍ ഇപ്പോള്‍ ആര്‍.എസ്.എസിന്റെയും മോദിയുടെയും കടുത്ത വിമര്‍ശകനാണ്. യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിരുന്ന ശശി തരൂര്‍ ഇന്ത്യയുടെ പിന്തുണയില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര രംഗത്ത് എഴുത്തുകാരനും വാഗ്മിയും നയതന്ത്രജ്ഞന്‍ എന്ന പ്രതിഛായയുമുള്ള ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ പുതുതലമുറയുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടല്‍ തരൂര്‍ അനുകൂലികള്‍ക്കുണ്ട്. രാഹുല്‍ഗാന്ധി ഭാരതപര്യടനവുമായി സംഘടനയെ ശക്തിപ്പെടുത്തുമ്പോള്‍ തരൂര്‍ കോണ്‍ഗ്രസിന് പുതിയ കാലത്തിന്റെ പ്രതിഛായ നല്‍കി നയിക്കണമെന്ന നിലപാടാണ് ഈ വിഭാഗത്തിനുള്ളത്. സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍ ഇക്കാര്യം രാഹുലിനെ ധരിപ്പിച്ചിരുന്നു.

സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ ജാമ്യത്തിലായതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചാലും അറസ്റ്റുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് തരൂര്‍ അനുകൂലികള്‍ കണക്കു കൂട്ടുന്നത്. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ തരൂര്‍ കുടുങ്ങുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് അദ്ദേഹം മോദി സ്തുതിയുമായി രംഗത്തു വന്നതെന്നാണ് പാര്‍ട്ടിയിലെ എതിര്‍ വിഭാഗം ആരോപിക്കുന്നത്.

സുനന്ദ പുഷ്‌ക്കര്‍ മരണപ്പെട്ടതിനു ശേഷം തരൂര്‍ പ്രധാനമന്ത്രി മോദിയുമായി സൗഹൃദനിലപാടാണ് സ്വീകരിച്ചിരുന്നത്. പാര്‍ലമെന്റില്‍ മോദിക്ക് പ്രസംഗിക്കാന്‍ തരൂര്‍ കുറിപ്പ് കൈമാറിയത് ഏറെ വിവാദമായിരുന്നു. ഇക്കാര്യത്തിന് തരൂരിനെ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശാസിക്കുകയുമുണ്ടായി.

തരൂര്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന പ്രചരണവും അക്കാലത്ത് ഡല്‍ഹിയില്‍ സജീവമായിരുന്നു. എന്നാല്‍ പിന്നീട് മോദിക്കെതിരെ ശക്തനായ വിമര്‍ശകനായി രാഹുല്‍ ഗാന്ധിക്കൊപ്പം ഉറച്ചു നില്‍ക്കുന്ന സമീപനമാണ് ശശി തരൂര്‍ സ്വീകരിച്ചിരുന്നത്. ആര്‍.എസ്.എസിന്റെ ആശയങ്ങളെയും ശക്തമായ ഭാഷയിലാണ് ശശി തരൂര്‍ കടന്നാക്രമിച്ചിരുന്നത്. എന്നാല്‍ ചിദംബരത്തിന്റെ അറസ്റ്റോടെ തരൂര്‍ വീണ്ടും നിലപാട് മാറ്റി മോദി സ്തുതിയുമായി രംഗത്തു വരികയാണുണ്ടായത്. ഇതെല്ലാം കേസില്‍ കുരുക്കിലാകുമെന്ന പേടിയിലാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ഇപ്പോള്‍ സംശയിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും തരൂരിനെതിരേ നടപടി സ്വീകരിക്കാത്തതില്‍ ആ പാര്‍ട്ടിയിലെ പ്രവര്‍ത്തകരുമിപ്പോള്‍ വലിയ നിരാശയിലാണ്. തരൂര്‍ മുന്‍പ് യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരിക്കെ വ്യക്തിപരമായി രാഹുല്‍ ഗാന്ധിയ്ക്കു നല്‍കിയ ഒരു സഹായമാണ് ഇപ്പോഴും അദ്ദേഹത്തിന് രക്ഷയായിരിക്കുന്നതത്രേ. ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഇക്കാര്യം രഹസ്യമായി ചൂണ്ടിക്കാട്ടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ