തുഷാര്‍ കേസില്‍ നിന്നും എം.എ യൂസഫലി തല ഊരിയത് പ്രതിഷേധത്തെ ഭയന്ന്

തുഷാര്‍ കേസില്‍ ഇടപെട്ടിട്ടില്ലെന്ന വ്യവസായി യൂസഫലിയുടെ ഓഫീസിന്റെ വാദം തന്നെ വലിയ തെറ്റാണ്. ജയില്‍ മോചിതനാകാന്‍ ജാമ്യ തുക നല്‍കിയത് ഇടപെടലല്ലെന്ന ന്യായം എന്തായാലും യുക്തിസഹമല്ല.

യഥാര്‍ത്ഥത്തില്‍ യൂസഫലി ചെയ്ത സഹായം തുഷാര്‍ വെള്ളാപ്പള്ളി തന്നെ മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ഒടുവില്‍ അദ്ദേഹത്തിന്റെ ഓഫീസ് മലക്കം മറിഞ്ഞത് ജനരോഷം ഭയന്നാണെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം യൂസഫലി എന്ന ഈ പ്രമുഖ വ്യവസായിക്ക് ഇതുപോലെ പൊതു സമൂഹത്തില്‍ നാണം കെടേണ്ട സാഹചര്യം മുന്‍പ് ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല.

പാവപ്പെട്ട ഒരു ചെറുപ്പക്കാരനെ വഞ്ചിച്ചവന് ജാമ്യത്തിലിറങ്ങാന്‍ പണം കൊടുത്തതിനാല്‍ ലുലു സ്ഥാപനങ്ങളെ ബഹിഷ്‌ക്കരിക്കണമെന്ന് വരെ സോഷ്യല്‍ മീഡിയകളില്‍ പ്രതികരണങ്ങളുയര്‍ന്നിരുന്നു. നിരപരാധികളായ എത്രയോ പേര്‍ ജീവിത സാഹചര്യങ്ങളില്‍ കുടുങ്ങി യു.എ.ഇയിലെ ജയിലുകളിലുണ്ട്. ഇവര്‍ക്കില്ലാത്ത പരിഗണന യൂസഫലി തുഷാറിന് നല്‍കിയതാണ് ജനരോഷത്തിന് പ്രധാന കാരണമായിരിക്കുന്നത്.

ചെക്ക് മോഷ്ടിച്ചതാണ്, പണം നല്‍കാനില്ല എന്നൊക്കെയുള്ള തുഷാറിന്റെ വാദം പൊളിഞ്ഞതും യൂസഫലിക്ക് വലിയ പ്രഹരമായി മാറിയിട്ടുണ്ട്. അണിയറയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുറത്തായതോടെയാണ് കള്ളക്കഥകളെല്ലാം പൊളിഞ്ഞത്. തുഷാറിന്റെ വാദത്തെ പിന്തുണച്ചാല്‍ യു.എ.ഇ കോടതി കേസെടുത്ത് റിമാന്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാകുമത്. ഈ അപകടം മുന്നില്‍ കണ്ടാണ് യു.എ.ഇയില്‍ വളരെ ശക്തമായ നിയമ സംവിധാനമാണെന്നും നീതിക്കും ന്യായത്തിനും അനുസരിച്ച് മാത്രമാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്നും യൂസഫലിയ്ക്ക് പറയേണ്ടി വന്നിരിക്കുന്നത്.

ഇനിയും ഈ കേസില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ് വിവാദത്തില്‍ നിന്നും തലയൂരാന്‍ യൂസഫലി ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നഷ്ടമായ പ്രതിച്ഛായ തിരിച്ച് കിട്ടാന്‍ ഇനി പ്രയാസമായിരിക്കും. അത്രയ്ക്കും ശക്തമാണ് യൂസഫലിയ്ക്കെതിരായ വികാരം. അതേസമയം യു.എ.ഇ പൗരന്റെ പാസ്പോര്‍ട്ട് പകരം നല്‍കി കേരളത്തിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ നീക്കവും ഇപ്പോള്‍ പാളിയിട്ടുണ്ട്.

സ്വദേശി പൗരന്റെ പാസ്‌പോര്‍ട്ട് നല്‍കി സ്വന്തം പാസ്‌പോര്‍ട്ടുമായി കേരളത്തിലേക്ക് മടങ്ങാനായിരുന്നു തുഷാറിന്റെ നീക്കം. എന്നാല്‍ തുഷാറിന്റെ സാമ്പത്തിക ബാധ്യതകള്‍ സ്വദേശി പൗരന് ഏറ്റെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയുള്ളതിനാലാണ് കോടതി അപേക്ഷ തള്ളിയത്. നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് അജ്മാന്‍ പ്രോസിക്യൂട്ടറുടെ ഈ നടപടി.

പത്ത് വര്‍ഷം മുമ്പുള്ള ഒരു ഇടപാടിന്റെ ഭാഗമായി ഒമ്പത് ദശലക്ഷം ദിര്‍ഹം, ഏകദേശം ഇരുപത് കോടി രൂപ തനിക്ക് കിട്ടാനുണ്ടെന്ന് കാണിച്ച് തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ പരാതിയിലാണ് തുഷാറിനെതിരെ അജ്മാന്‍ പോലീസ് കേസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പുള്ള ചെക്കാണ് പരാതിയോടൊപ്പം നാസില്‍ പോലീസിന് നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയ കാര്യം അറിയാതെ ഈ മാസം 20ന് യു.എ.ഇയിലെത്തിയ തുഷാറിനെ പോലീസ് അവിടെ ഒരു ഹോട്ടലില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

തുഷാറിനെതിരെ കേസ് നല്‍കിയ നാസില്‍ അബ്ദുള്ള യു.എ.ഇ ജയിലിലായിട്ടും സഹായിക്കാത്ത യൂസഫലിയുടെ ഇരട്ടതാപ്പ് നയവും പരക്കെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി വരുത്തിവച്ച ബാധ്യത മൂലമാണ് തനിക്ക് ജയിലില്‍ പോകേണ്ടി വന്നതെന്നാണ് പരാതിക്കാരനായ നാസില്‍ പറയുന്നത്.

തുഷാര്‍ നല്‍കാനുള്ള പണം മുന്നില്‍ കണ്ട് ചെക്ക് നല്‍കിയതാണ് നാസിലിന് വിനയായിരുന്നത്. അന്ന് നാസിലിനോട് കാണിക്കാത്ത പരിഗണന ഇപ്പോള്‍ യൂസഫലി തുഷാറിന്റെ കാര്യത്തില്‍ കാണിച്ചതിലാണ് സോഷ്യല്‍ മീഡിയയുടെ രോഷം മുഴുവന്‍. യൂസഫലിയുടെ സ്വാര്‍ത്ഥ താല്‍പ്പര്യവും കച്ചവട താല്‍പ്പര്യവുമാണ് അദ്ദേഹത്തിന്റെ സഹായങ്ങള്‍ക്ക് പിന്നിലെന്ന ആക്ഷേപവും വ്യാപകമായി ഉയര്‍ന്നിരുന്നു.

ചെക്ക് കേസില്‍പ്പെട്ട് അകത്തായവരില്‍ സ്വന്തം ജീവനക്കാര്‍ ഉള്‍പ്പെടെ അനവധി പേര്‍ ഉണ്ടായിട്ടും യൂസഫലി തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് മറ്റൊരു ആരോപണം. നിരവധി പേരാണ് ഇത്തരം ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയ നേതാവായാലും സാമുദായിക നേതാവായാലും യൂസഫലി കൈ കൊടുക്കുന്നതിന് പിന്നില്‍ വ്യക്തമായ താല്‍പ്പര്യം ഉണ്ടെന്നാണ് ഈ വിഭാഗം പറയുന്നത്.

കേരളത്തില്‍ ഏത് സര്‍ക്കാര്‍ ഭരിച്ചാലും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പദവിയില്‍ നിന്നും യൂസഫലിയെ മാറ്റാത്തതും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ യൂസഫലിയുടെ സ്വാധീനത്തിന് ഒരു പ്രധാന കാരണം ഇന്ത്യയിലെ ഭരണാധികാരികളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. തുഷാറിനെ പുറത്തിറക്കിയത് മനുഷ്യ സ്നേഹമാണെന്ന് പറഞ്ഞാല്‍ പിന്നെ യഥാര്‍ത്ഥ മനുഷ്യസ്നേഹത്തെ എന്താണ് വിളിക്കുക എന്നതും പ്രസക്തമായ ചോദ്യം തന്നെയാണ്.

കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ മുന്‍പ് പറഞ്ഞതും ഈ ഘട്ടത്തില്‍ വീണ്ടും ചര്‍ച്ചയായിരുന്നു. നൗഷാദ് മുസ്ലിം ആയതു കൊണ്ടാണ് സര്‍ക്കാര്‍ സഹായധനം അനുവദിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം. മുസ്ലീമായി മരിക്കാന്‍ കൊതി തോനുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് വെള്ളാപ്പള്ളിക്ക് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നേരിടേണ്ടി വന്നിരുന്നത്.

ഇന്ന് വെള്ളാപ്പള്ളിയെ നവോത്ഥാന നായകനാക്കിയ ഇടതുപക്ഷമാണ് ഏറ്റവും ശക്തമായി വിവാദ പരാമര്‍ശത്തിനെതിരെ അന്ന് രംഗത്ത് വന്നിരുന്നത്. രൂക്ഷമായി പ്രതികരിച്ചതാവട്ടെ പിണറായി വിജയന്‍ തന്നെയായിരുന്നു.

നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപം മനുഷ്യത്വമില്ലായ്മയും വെളിവില്ലായ്മയുമാണെന്നാണ് പിണറായി അന്ന് പറഞ്ഞിരുന്നത്. കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണെന്നും അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയതെന്നും പിണറായി തുറന്നടിച്ചിരുന്നു. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. ഈ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയ ഭ്രാന്തിനും കഴിയില്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയിരുന്നത്.

തുഷാറിന്റെ അറസ്റ്റോടെ പിതാവിന്റെ ഈ വിവാദ പ്രസ്താവനയാണ് വീണ്ടും സജീവമായിരിക്കുന്നത്. തുഷാറിനെതിരെ ജനരോഷം ശക്തമാകാന്‍ ഇതും ഒരു പ്രധാന കാരണമാണ്.