മോദിയുടെ നാട്ടില്‍ ടെലിഫോണ്‍ കണക്ഷനായി അപേക്ഷകര്‍ ക്യൂവില്‍

ന്യൂഡല്‍ഹി : ‘ഡിജിറ്റല്‍ ഇന്ത്യ’യിലേക്ക് രാജ്യത്തെ നയിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി 11 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍ ടെലിഫോണ്‍ കണക്ഷനു വേണ്ടി ഇപ്പോഴും അപേക്ഷകര്‍ ക്യൂവില്‍.

പാര്‍ലമെന്റില്‍ സി.പി.ഐ നേതാവ് സി.എന്‍. ജയദേവന്റെ ചോദ്യത്തിന് കേന്ദ്ര വാര്‍ത്താവിനിമയ-റയില്‍ വകുപ്പ് സഹമന്ത്രി മനോജ് സിംഗ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്താകെ ബി.എസ്.എന്‍.എല്ലിന് കീഴില്‍ ടെലിഫോണ്‍ കണക്ഷന്‍ ലഭിക്കുന്നതിന് അപേക്ഷകര്‍ കാത്തിരിക്കേണ്ട സ്ഥിതിയുള്ളത് നാലു സംസ്ഥാനങ്ങളില്‍ മാത്രമാണ്. അതില്‍ രണ്ടാം സ്ഥാനം ഗുജറാത്തിനാണ്.
ഗുജറാത്തിലെ നഗരപ്രദേശങ്ങളില്‍ 3124 പേരും ഗ്രാമങ്ങളില്‍ 652 പേരും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ ഇത് യഥാക്രമം 6013, 1260 ആണ്.

മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനില്‍ നഗരങ്ങളില്‍ 1295 പേരും ഗ്രാമങ്ങളില്‍ 12 പേരും അപേക്ഷ നല്‍കി കാത്തിരിക്കുന്നു. എന്നാല്‍ നാലം സ്ഥാനത്തുള്ള കര്‍ണ്ണാടകയില്‍ ഇത് യഥാക്രമം 27, 11 എന്നിങ്ങനെ മാത്രമാണ്. മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എം.ടി.എന്‍.എല്‍), ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍) എന്നിവയാണ് രാജ്യത്ത് ടെലിഫോണ്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍.
ബി.എസ്.എന്‍.എല്ലില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാര്യം ഈ സാമ്പത്തിക വര്‍ഷം പരിഗണനയിലില്ലെന്ന് മന്ത്രി പറഞ്ഞു.

കേരളത്തില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍ തന്നെ കണക്ഷന്‍ നല്‍കുന്നതിന് സംവിധാനമുണ്ട്. സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ടെലിഫോണ്‍ കണക്ഷന്‍ നല്‍കുന്നതിന് പ്രധാന വിഘാതം. കേബിളുകള്‍ വലിച്ച് നല്‍കുന്നതിന് സാധിക്കാത്തതും അതിന് ഭീമമായ വാടക നല്‍കേണ്ടി വരുന്നതും കണക്ഷന്‍ നല്‍കുന്നതിന് കാലതാമസമുണ്ടാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.