പിറവം പള്ളിത്തര്‍ക്കം; വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍

കൊച്ചി: പിറവം പള്ളിത്തര്‍ക്കം സംബന്ധിച്ച വിഷയത്തില്‍ വിശ്വാസികളുടെ വികാരം സംരക്ഷിച്ചു കൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഘട്ടംഘട്ടമായിട്ട് മാത്രമേ വിധി നടപ്പാക്കാന്‍ സാധിക്കുകയുള്ളൂവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും വിശ്വാസികള്‍ക്ക് പളളിയില്‍ പ്രവേശിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് അടക്കം വേണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

പിറവം പള്ളിയില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ വിധി അനുസരിച്ച് ഭരണചുമതല തങ്ങള്‍ക്കാണെന്നും വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ യാക്കോബായ സഭയ്ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപണം ഉന്നയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ