ജോസ് ടോമിന് രണ്ടില ചിഹ്നമില്ല; പത്രിക തള്ളി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

കോട്ടയം: പാലാ ഉപ തെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ നല്‍കിയ പത്രിക തള്ളി. അതേസമയം ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നല്‍കിയ പത്രിക സ്വീകരിച്ചു.

കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ജോസ് ടോമിന് പത്രിക സമര്‍പ്പിക്കാനാകില്ലെന്ന് വരണാധികാരി നിലപാടെടുത്തു.കേരളാ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ പിജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചിട്ടില്ല. അതുകൊണ്ട് കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.

ഇതോടെ പാലാ മണ്ഡലത്തില്‍ രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലാതായി.

അതേസമയം ചിഹ്നം പ്രശ്‌നമല്ലെന്നും, യുഡിഎഫ് ഏത് ചിഹ്നത്തിലും മത്സരിക്കാന്‍ തയ്യാറാണെന്നും, തിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാണെന്നും, ഈ സാഹചര്യത്തില്‍ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും ജോസ് ടോം മാധ്യമങ്ങളോട് പറഞ്ഞു.

ജോസ് ടോമിന് ചിഹ്നം നിഷേധിച്ച സാഹചര്യത്തില്‍ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. പി ജെ ജോസഫ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കേരളാ കോൺഗ്രസിലെ ഇരു വിഭാഗങ്ങൾക്കിടയിലെ അധികാര വടംവലികൾക്ക് ഒടുവിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്‍റെ അവസാന മണിക്കൂറിൽ പിജെ ജോസഫിന് നിലപാടിൽ വിജയം നേടാനായത്. കെഎം മാണിയുടെ വിയോഗ ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ സ്വന്തം ചിഹ്നത്തിലല്ലാതെ മത്സരത്തിനിറങ്ങേണ്ടി വരുന്നത് ജോസ് കെ മാണി വിഭാഗത്തിനും തിരിച്ചടിയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ