മതസ്പര്‍ദ്ധയുളവാക്കുന്ന പാഠഭാഗങ്ങള്‍: പുസ്തകം അച്ചടിച്ചത് പീസ് സ്‌കൂളിന്റെ നിര്‍ദ്ദേശപ്രകാരമെന്ന് പ്രസാധകര്‍

കൊച്ചി : നിയമവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പാഠ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന് കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെയുള്ള കേസില്‍ പീസ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എം.എം. അക്ബറിനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും.

സംഭവത്തില്‍ വിവാദ പാഠപുസ്തകത്തിന്റെ പ്രസാധകരായ നവി മുംബൈ സ്വദേശികളായ സൃഷ്ടി ഹോംസില്‍ ദാവൂദ് വെയ്ത് (38), സെക്ടര്‍ സ്ട്രീറ്റ് ചുമന്‍ നെറ്റ്‌സില്‍ സമീദ് അഹമ്മദ് ഷെയ്ക് (31), വിട്ടോളി പാര്‍ക്കില്‍ സഹില്‍ ഹമീദ് സെയ്ദ്(28) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്ത ശേഷം മുംബൈ പോലീസിന് കൈമാറിയെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി പറഞ്ഞു. മുംബൈ ആസ്ഥാനമായ ബുര്‍ജി റിയലൈസേഷന്റെ പേരിലാണ് രണ്ടാം ക്ലാസിലെ ഇസ്ലാമിക് സ്റ്റഡീസ് പാഠപുസ്തകം പ്രസിദ്ധീകരിച്ചത്. പീസ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിട്ടാണ് പാഠപുസ്തകങ്ങളും അവയുടെ ഉള്ളടക്കവും തയ്യാറാക്കിയതെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചിരുന്നു. പുസ്തകങ്ങള്‍ എം.എം. അക്ബര്‍ ചെയര്‍മാനായ സമിതിയാണ് തെരഞ്ഞെടുത്തിരുന്നത്. പിടിയിലായവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്ബറെ ചോദ്യം ചെയ്യുന്നത്. അക്ബറെ കൂടാതെ പീസിന്റെ പ്രധാന ചുമതലക്കാരെയും ചോദ്യം ചെയ്യും.

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മതനിരപേക്ഷതയ്ക്ക് എതിരായ വസ്തുതകളുണ്ടെന്ന് ആരോപണത്തെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം നടത്തി. എറണാകുളം അസി. കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. പീസ് ഇന്റര്‍നാഷണലിന്റെ കീഴില്‍ കേരളത്തില്‍ മാത്രം 12 സ്‌കൂളുകളുണ്ടെന്നാണ് വിവരം. ലക്ഷദ്വീപ്, സൗദി അറേബ്യ, ജിദ്ദ എന്നിവിടങ്ങളിലുള്ള സ്‌കൂളുകള്‍ മറ്റ് ട്രസ്റ്റുകളുടെ കീഴിലാണ്.