വഹാബിനെ കൊണ്ട് മാപ്പു പറയിച്ചതോടെ ലീഗില്‍ ശക്തരായത് യുവ നേതാക്കള്‍

മുസ്ലിം ലീഗ് രാജ്യസഭാംഗം വഹാബ് പരസ്യമായി മാപ്പ് പറഞ്ഞത് പാര്‍ട്ടി നടപടി ഭയന്ന്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന നിലപാട് തള്ളി ഇടതുസര്‍ക്കാരിനെ പ്രശംസിക്കുകയും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ പൊതുവേദിയില്‍ അപമാനിച്ചു സംസാരിക്കുകയും ചെയ്ത സംഭവത്തിലാണ് ഖേദപ്രകടനം.

‘തന്റെ പ്രസംഗത്തില്‍, പാര്‍ട്ടിയുടെ നയനിലപാടുകള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍, പ്രവര്‍ത്തകര്‍ക്ക് അതില്‍ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദപ്രകടനം നടത്തുകയാണെന്നും എന്റെ സഹപ്രവര്‍ത്തകരുടെ തലകുനിയുന്നതിനു ഞാന്‍ കാരണമാവില്ലെന്നും’ വ്യക്തമാക്കിയാണ് മാപ്പു പറച്ചില്‍. കടുത്ത നടപടിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി വഹാബ് നടത്തിയ തന്ത്രപരമായ നീക്കമാണ് ഈ ഖേദപ്രകടനം.

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിലാണ് ലീഗ് നേതൃത്വത്തെ തള്ളിക്കൊണ്ട് പി.വി അബ്ദുല്‍വഹാബ് ഇടത് അനുകൂല നിലപാടെടുത്തിരുന്നത്. പ്രതിപക്ഷമെന്ന നിലയ്ക്ക് എന്തെങ്കിലും പറയേണ്ടേ എന്നു കരുതിയാണ് സഹായധനം 10 ലക്ഷമായി വര്‍ധിപ്പിക്കാന്‍ കെ.പി.എ മജീദ് ആവശ്യപ്പെട്ടതെന്ന് വഹാബ് പരിഹസിക്കുകയും ചെയ്തിരുന്നു. ഈ വിവരം ‘Express kerala’യാണ് പുറത്ത് വിട്ടിരുന്നത്. ഇതോടെ മുസ്ലിം ലീഗ് നേതൃത്വത്തില്‍ വഹാബിനെതിരെ വ്യാപക എതിര്‍പ്പുയരുകയായിരുന്നു.

ഹൈദരലിശിഹാബ് തങ്ങളോട് കെ.പി.എ മജീദ് തന്നെ നേരിട്ട് തന്റെ അതൃപ്തിയും വേദനയും അറിയിക്കുകയുണ്ടായി. തുടര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായും തങ്ങള്‍ ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയ ശേഷമാണ് വഹാബില്‍ നിന്നും വിശദീകരണം തേടിയിരുന്നത്.

താന്‍ കെ.പി.എ മജീദിനെ അപമാനിച്ച് പ്രസംഗിച്ചിട്ടില്ലെന്നും പ്രളയത്തില്‍ നിന്നും നിലമ്പൂരിനെ കരകയറ്റുന്നതിന് ജനപ്രതിനിധി എന്ന നിലയിയിലുള്ള കടമ നിറവേറ്റുകയാണെന്നും മറ്റുള്ളവയെല്ലാം മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്നുമായിരുന്നു ഇത് സംബന്ധിച്ച വഹാബ് നല്‍കിയ ആദ്യ വിശദീകരണം. തന്റെ വാദം ശരിവെക്കുന്ന തരത്തിലുള്ള പ്രസംഗത്തിലെ ഒരു ഭാഗത്തിന്റെ വീഡിയോ വഹാബ് ലീഗ് നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍ ലീഗ് നേതൃത്വത്തെ തള്ളുകയും കെ.പി.എ മജീദിനെ പരിഹസിക്കുകയും ചെയ്ത വീഡിയോകൂടി പുറത്തുവന്നതോടെ ഹൈദരലി തങ്ങള്‍ വഹാബിനോട് നിലപാട് കടുപ്പിക്കുകയായിരുന്നു. യൂത്ത് ലീഗും വഹാബ് പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും പരസ്യമായി മാപ്പുപറയണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതോടെയാണ് ന്യായീകരണമല്ല മാപ്പുപറയുകയാണ് വേണ്ടതെന്ന നിലപാട് മുസ്ലിം ലീഗ് നേതൃത്വവും കൈകൊണ്ടത്. വഹാബ് ഇടതുപക്ഷത്തേക്ക് പോവുകയാണെങ്കില്‍ അതിനെ രാഷ്ട്രീയപരമായി നേരിടാമെന്ന നിലപാടാണ് യൂത്ത് ലീഗ്, ഹൈദരലി തങ്ങളെ അറിയിച്ചിരുന്നത്.

രാജ്യസഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ വഹാബ് പങ്കെടുക്കാത്തതില്‍ കഴിഞ്ഞ മാസം ലീഗ് നേതൃത്വം വഹാബിനോട് വിശദീകരണം തേടിയിരുന്നു. ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകണമെന്ന് അന്ന് വഹാബിനോട് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയീന്‍ അലി ശിഹാബ് തങ്ങളുടെ വിമര്‍ശനം യൂത്ത് ലീഗും ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വഹാബിനോട് വിശദീകരണം തേടിയിരുന്നത്. എന്നാല്‍ പിന്നീട്, ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് മുത്തലാഖ് ചര്‍ച്ചാസമയത്ത് ഹാജരാകാന്‍ കഴിയാതിരുന്നതെന്ന വഹാബിന്റെ വിശദീകരണത്തോടെ ലീഗ് വിവാദം അവസാനിപ്പിക്കുകയാണുണ്ടായത്.

മുത്തലാഖ് വിഷയത്തില്‍ വഹാബിനോട് ചെയ്ത വിട്ടുവീഴ്ച ഇന്ന് പാര്‍ട്ടിയുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയ പുതിയ സംഭവത്തില്‍ ഉണ്ടാവരുതെന്ന ആവശ്യമാണ് യൂത്ത് ലീഗ് ഉയര്‍ത്തിയിരുന്നത്. ഇതോടെയാണ് മുസ്ലിം ലീഗ് ദേശീയ ട്രഷററായ പി.വി.അബ്ദുല്‍വഹാബ് എം.പി പ്രവര്‍ത്തകരോടും കെ.പി.എ മജീദിനോടും പരസ്യമായി മാപ്പുപറയണമെന്ന കടുത്ത നിലപാട് ഹൈദരലി തങ്ങള്‍ സ്വീകരിച്ചത്. പരാമര്‍ശത്തില്‍ കെ.പി.എ മജീദിനോട് വ്യക്തിപരമായി തന്നെ വഹാബ് ക്ഷമാപണവും നടത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഖേദപ്രകടനവുമായി ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ ഇട്ടിരിക്കുന്നത്.

തന്റെ പ്രസംഗത്തില്‍ പാര്‍ട്ടിയുടെ നയനിലപാടുകള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍, പ്രവര്‍ത്തകര്‍ക്ക് അതില്‍ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദപ്രകടനം നടത്തുകയാണെന്നാണ് വഹാബ് പറയുന്നത്. ‘എന്റെ സഹപ്രവര്‍ത്തകരുടെ തലകുനിയുന്നതിനു ഞാന്‍ കാരണമാവില്ല. പ്രിയ പിതാവിന്റെ വഴി പിന്തുടര്‍ന്നാണ് ഞാന്‍ എം.എസ്.എഫില്‍ എത്തിയത്. പിന്നീട് ഒരു സാധാരണ സംഘടന പ്രവര്‍ത്തകനായി തുടര്‍ന്നതിനാല്‍ എനിക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാവും. നിലമ്പൂരിന്റെ വീണ്ടെടുപ്പിനു ഞാന്‍ എപ്പോഴും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കും’ എന്നു കൂടി ഉറപ്പ് നല്‍കിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

പാര്‍ട്ടിയുടെ നയനിലപാടുകള്‍ക്കെതിരായ പ്രവര്‍ത്തനത്തിന്റെ പേരില്‍ ദേശീയ ട്രഷറര്‍ പരസ്യമായി മാപ്പുപറയേണ്ടി വന്നത് മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. ഇതിലൂടെ വഹാബിന്റെ ഭീഷണക്കി മുന്നില്‍ ഇനി മുസ്ലിം ലീഗ് നേതൃത്വം വഴങ്ങില്ലെന്ന സൂചനകൂടിയാണ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കുന്നത്. വിവാദ പ്രസംഗത്തില്‍ പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നും പിന്തുണ നേടാന്‍ വഹാബ് ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. മുസ്ലിം ലീഗ് നേതാക്കളും വഹാബിനെ പിന്തുണക്കാനെത്തിയിരുന്നില്ല.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായിരുന്ന കെ.പി.എ മജീദിനെ തള്ളി 2015ല്‍ രാജ്യസഭാ സീറ്റ് നേടി ലീഗില്‍ വഹാബ് നേടിയ മേല്‍ക്കൈ നിലമ്പൂര്‍ പ്രസംഗത്തിലൂടെ ഇപ്പോള്‍ കൈമോശം വന്നിരിക്കുകയാണ്. വഹാബിനെ പിന്തുണച്ചിരുന്ന സമസ്തയടക്കം ഇക്കാര്യത്തില്‍ വഹാബിനെ കൈവിടുന്ന സാഹചര്യമാണുണ്ടായത്.