ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടില്‍ പാലാ തിളച്ചു മറിയുന്നതിന് പിന്നാലെ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പിന് കൂടി കളമൊരുങ്ങി. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 21നാണ് കേരളത്തിലും വോട്ടെടുപ്പ്. 24നാണ് വോട്ടെണ്ണല്‍. ന്യൂഡല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് തിയ്യതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട നൂലാമാലകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മറ്റ് നാല് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കിയതാണ്.

എം.എല്‍.എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ്. പാലായില്‍ കെ.എം.മാണിയുടെ മരണത്തോടെ ഒഴിവുവന്ന സീറ്റിലേക്ക് തിങ്കളാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ്. വലിയ വീറും വാശിയുമാണ് മുന്നണികള്‍ തമ്മില്‍ പ്രചരണത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ രാഷ്ട്രീയ കേരളം മുഴുവന്‍ പാലായില്‍ കേന്ദ്രീകരിച്ചിരിക്കുന്ന അവസ്ഥയാണ്. അഞ്ച് മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ വാശിയേറിയ രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാകും കേരളം സാക്ഷിയാവുക. ഇതില്‍ മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും രണ്ടാംസ്ഥാനത്ത് കഴിഞ്ഞ തവണ ബി.ജെ.പിയായിരുന്നു. അതിനാല്‍ത്തന്നെ തീപാറുന്ന ത്രികോണ മത്സരത്തിനാകും ഈ മണ്ഡലങ്ങള്‍ വേദിയാകുക. തുടര്‍ പ്രളയങ്ങളും ശബരിമല അടക്കമുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടാക്കി മാറ്റാന്‍ ഇടതുമുന്നണിയും വീഴ്ചകളും അഴിമതികളും തുറന്നുകാട്ടാന്‍ യു.ഡി.എഫും കേന്ദ്രത്തിലെ തിളക്കമാര്‍ന്ന വിജയം നേട്ടമാക്കാന്‍ ബി.ജെ.പിയും പൊരുതുന്ന കാഴ്ചകള്‍ക്കാകും ഇനി രാഷ്ട്രീയകേരളം വേദിയാകുക.