ഭാഷ

തോലമ്പ്രക്കാരൻ വിജയൻ ഗണപതി തികഞ്ഞ സ്വദേശാഭിമാനിയായിരുന്നു, മലയാളഭാഷയല്ലാതെ മറ്റൊരു ഭാഷയും അംഗീകരിക്കാനോ, പഠിക്കാനോ ആ അഭിമാനം അനുവദിച്ചുമില്ല, അതുകൊണ്ടെന്താ സ്ക്കൂളിലെ പരീക്ഷകളിൽ നിരന്തരം തോറ്റു, എങ്കിലും അഭിമാനം ജയിച്ചുനിന്നു. അപ്പോഴും പാർട്ടി പഠിപ്പിച്ച ചില വിദേശ വാക്കുകൾ പഠിക്കാതെ വിളിച്ചുകൂവാതെ ജീവിക്കാനുമായിരുന്നില്ല! പ്രധാനമായും ഇങ്ക്വിലാബ് സിന്ദാബാദ്, ലാൽ സലാം, മുർദ്ദാബാദ്, കോമ്രേഡ്ഡ്, ഗാട്ടുകാരൻ, ലെഫ്റ്റ്, റൈറ്റ്, പരേഡ്ഡ്, വാളണ്ടിയർ, പെരിസ്ട്രൊയിക്ക, ഗ്ളാസ്നോസ്റ്റ് അങ്ങനെ കുറേവാക്കുകൾ ആ വഴിയിൽ തലയിൽ കയറിക്കൂടി. പിന്നീട് ഇംഗ്ളീഷിൻ്റെ ഊഴമായി, പള്ളുക്കൂടത്തിൽ പോയിട്ടില്ലാത്ത അമ്മ വീട്ടിൽ പറയുന്ന പലതും; ബഞ്ചും, ഡസ്ക്കും, ബസ്സും, കാറും, വാച്ചും, ക്ലോക്കും, പെൻസിലും, ഗ്യാസും, റോസ്, ഫാൻ, പ്ളേറ്റ് വരെ ഇംഗ്ളീഷ് ആണെന്ന് തിരിച്ചറിഞ്ഞ വിജയൻ സ്വയം ലജ്ജിച്ചു. വടക്കേ ഇന്ത്യക്കാരൻ ഗോസായിയുടെ ഭാഷ എന്തായാലും പഠിക്കില്ലെന്നുറപ്പിച്ച് തലയുയർത്തി നടക്കുമ്പോഴാണ് ആ സംഭവം.

നാട്ടിലെപ്പണിയെല്ലാം ബംഗാളിയും, ബീഹാറിയും കൊണ്ടുപോയതിനാൽ, പ്രാരാബ്ധം കേട്ട ഒരു ബന്ധു ദില്ലിയിൽ ഒരു ഉത്തരേന്ത്യൻ എം.പി യുടെ വാല്യക്കാരൻ്റെ പണി ശരിപ്പെടുത്തിക്കൊടുത്തു. ബന്ധു തോറ്റ എം.പി ആണെങ്കിലും പഴയതിലും വല്യനിലയിൽ ഇപ്പോൾ എം.പി മാർക്കൊക്കെ ഉസ്താദായി ദില്ലിയിൽ വിലസുന്ന ആളാണ്, അതിനാൽ സംഗതി എളുപ്പമായി. എന്നാൽ നിലവിലെ എം.പി യും അൽപ്പം പൊങ്ങച്ചക്കാരനാണ്, ആൾ ഇംഗ്ളീഷിലാണു ഹിന്ദിപോലും നേരേയറിയാത്ത നാട്ടിലെ ആദിവാസികളോടുപോലും സംസാരിക്കുക, അഥവാ ഹിന്ദി സംസാരിച്ചാൽ അമേരിക്കൻ സായിപ്പും തോറ്റുപോകുന്ന ഉച്ചാരണശൈലിയും!

എന്തായാലും ബന്ധുവിൻ്റെ വാക്കുകേട്ട്, ഹിന്ദിവിരോധമൊക്കെ മാറ്റിവച്ച്, വിജയൻ തച്ചിനിരുന്നു ഹിന്ദി പഠിച്ചു, പതിവുപോലെ ആദ്യം ഹിന്ദിയിലെ നല്ല പുലഭ്യങ്ങൾ പഠിച്ചു, ഗാണ്ടൂ എന്നാൽ കുണ്ടൻ എന്നുതുടങ്ങി തെരീ മാ കി .. ബഹൻ കി.. വരെയുള്ള ഒരുമാതിരി തെറികളെല്ലാം അർത്ഥമറിഞ്ഞ് ഹൃദസ്ഥമാക്കി. തൊട്ടടുത്ത ബാർബർഷാപ്പിലെ ബംഗാളിയോട് മിണ്ടീം പറഞ്ഞും ഒരുമാതിരിയൊക്കെ ഒപ്പിക്കാമെന്ന അവസ്ഥയിലായപ്പോൾ ആൾ കേരളാ എക്സ്പ്രസ്സിൽ ദില്ലിയിൽ ഇറങ്ങി.

ബന്ധുവിൻ്റെ സിൽബന്ദികൾ ആളെ എം.പി യുടെ ഫാം ഹൈസ്സിൽ എത്തിച്ചു, എം. പി, വിജയൻറ്റെ വരവും, വണ്ടിയും, കൂടെയുള്ളവരോടുള്ള സംസാരവും ശ്രദ്ധിച്ചു തൽപ്പരനായി. ഒടുവിൽ വിജയൻ, എം.പി യുടെ മുന്നിലെത്തി

“സലാം സാബ്ബ്”

എന്നു പറഞ്ഞു വണങ്ങിനിന്നു..

എം. പി, വിജയൻ ഗണപതിക്കുള്ള ശുപാർശ്ശക്കത്ത് വായിച്ചശേഷം ചിരിച്ചുകൊണ്ട് വിളിച്ചു

“ഗാണ്ട്ഫട്ടീ”

വിജയൻ എന്ന പേരിൻ്റെ പിതൃഭാഗമായ ഗണപതി എന്നാണു വിളിച്ചതെന്ന് ആ ഇംഗ്ളീഷ് ഉച്ചാരണരീതിയിൽ പാവം വിജയനു മനസ്സിലായില്ല.

“വന്നപടിയേ ഇങ്ങരു തെറിവിളി തുടങ്ങിയോ?” എന്നാണാ പാവം ചിന്തിച്ചത്!

പാൻ്റിൻ്റെ മൂടെങ്ങാനം പൊട്ടിയോ? എന്ന സംശയം കാരണം ആദ്യം അവിടെ ഒന്നുതപ്പി നോക്കി,

“ഏയ്യ്, കുമാരൻ രണ്ടുതയ്യലും, ലോക്കും ചെയ്ത പാൻ്റാ അതിനു കുഴപ്പമില്ല. ഗാണ്ട്…. അത് മറ്റേതല്ലേ? ഫട്ടീ എന്നുവച്ചാൽ…”

ഓർമ്മയിൽ തിരഞ്ഞു, ഫട്ടീച്ചാർ എന്നാൽ തെണ്ടി എന്നാണെന്ന് ഓർമ്മവന്നു. ഹോ, ഇതു മുഴുത്ത തെറിതന്നെ, ഉറപ്പിച്ചു!

പരുങ്ങലോടെ ചുറ്റും നോക്കുന്നത് കണ്ടാവാം എം.പി വീണ്ടും വിളിച്ചു

“വിജയ് ഗാണ്ട്ഫട്ടീ”

ഇത്തവണ സംഗതി വ്യക്തമായിക്കേട്ടു, മറ്റേടം പൊട്ടിയെന്നുതന്നെ! പക്ഷേ കൂടെ അടുത്ത ഒരു ചോദ്യം കൂടി വന്നപ്പോൾ സംഗതി ഉറപ്പായി.

“ഡേയ്ലിമാർത്താഹെ ക്യാ?”

എം. പി വന്ന വണ്ടിയും കൂടെവന്ന ആളുകളേയും കണ്ട് കുശലം ചോദിച്ചതായിരുന്നു,

“ഡൽഹീ മേം രഹത്താ ഹേ ക്യാ?”

ദില്ലിയിൽ ആണോ താമസിക്കുന്നത്? പക്ഷേ അങ്ങേരുടെ ഹിന്ദി ഒരുമാതിരി ഓക്സ്ഫോർഡ്ഡ് ഇംഗ്ളീഷ് ഉച്ചാരണത്തിലായപ്പോൾ പാവം വിജയൻ കേട്ടത്

“ഡയിലി മാർത്താ ഹേ ക്യാ? അതായത് എന്നും അടിക്കാറുണ്ടോ?” ” എന്നായിപ്പോയി!

വിജയൻ ആകെ നാണിച്ചുപോയി,

“അയ്യേ ഇങ്ങേരെന്തു മനുഷ്യേനാ.. ഇങ്ങേരു കുണ്ടൻ്റെ ആളാണോ? ൻ്റെ പറശ്ശാനിക്കടവ് മുത്തപ്പാ.. ബന്ധു ചതിച്ചോ?”

എന്നാത്മഗതം പറഞ്ഞു, പിന്നെ രണ്ടും കൽപ്പിച്ചു പറഞ്ഞു

“നഹീ.. മെം കണ്ണൂർ ഹൈ ചേട്ടാ, അല്ല സാബ്ബ്, മലപ്പുറം കോഴിക്കോട് കാസർഗോഡ് നഹി, കുണ്ടൻ നഹീ നഹീ!”

എം. പി ആകെ ബേജാറായി,

“ഇവനെന്തവാ ഈ പറയുന്നത്? പിടികിട്ടുന്നില്ലല്ലോ.. ഇവനെയൊക്കെ പണിക്കുവച്ചാൽ എനിക്ക് പണിയാകുമല്ലോ!”

എന്തായാലും കൂട്ടുവന്ന ദില്ലിമലയാളി ചിരിച്ചു ചിരിച്ചു കുഴഞ്ഞുവീണുമരിച്ചു. അവൻ്റെ ശവശരീരവുമായി വിജയൻ തോലമ്പ്രയിലേയ്ക് മടങ്ങിപ്പോരുമ്പോൾ അവൻ്റെ നാക്കിൽ ഒരു പാട്ട് തത്തിക്കളിച്ചു

“മഝഹബ് നഹീ സിഖാതാ
ആപസ്സ് മേ ബൈർ രഖനാ
ഹിന്ദി ഹേ ഹം വദൻ ഹേ
ഹിന്ദുസ്ഥാൻ ഹമാരാ ഹമാരാ..
സാരേ ജഹാം സേ അച്ഛാ
ഹിന്ദുസ്ഥാൻ ഹമാരാ”

(ഒരു മതവും പഠിപ്പിക്കുന്നില്ല
പരസ്പരം വെദ്വേഷം പുലർത്തണമെന്ന്
ഇന്ത്യക്കാരാണു നമ്മൾ
ഹിന്ദുസ്ഥാൻ നമ്മുടെ മാതൃഭൂമിയാണ്
ലോകത്തെയെല്ലാ രാജ്യങ്ങളിലും മികച്ചത്
നമ്മുടെ ഹിന്ദുസ്ഥാനാണ്)

മഹിഷാസുരൻ