നിറമുള്ള ശബ്ദങ്ങൾ (കവിത)

ജലജാപ്രസാദ്

വല്ലാത്ത കറുപ്പാണ്
ചില ശബ്ദങ്ങൾക്ക്
കാഴ്ചയെത്തന്നെ
മൂടിക്കളയുമത്.

കടും ചെമന്ന നിറത്തിലുമുണ്ട് ശബ്ദങ്ങൾ
കണ്ണിലത്
തീ പോലെ കത്തും.
അച്ചൂടിൽ
കരളും വാടും

വയലറ്റ് ശബ്ദങ്ങൾ
മറ്റെങ്ങും പോകാതെ
നമ്മുടെ കേൾവിയിൽ മാത്രം
വട്ടം ചുറ്റിയങ്ങനെ…

അശരീരി പോലെ
കണ്ണിലൂടെ
വേഗമങ്ങ് പടർന്ന് മറയുന്ന
നീല ശബ്ദങ്ങൾ
സൗമ്യമായടങ്ങും.

പച്ച നിറമുള്ള ഒച്ചയ്‌ക്ക്
നല്ല കുളിരാണ്
ഇലച്ചാർത്തിലെ
മഴത്തുള്ളി മർമരം പോലെ ..
സ്വയം നനഞ്ഞ്
മറ്റാരെയും നനയ്ക്കാതെ.

ചുരുക്കം ചില ശബ്ദങ്ങൾക്കേ
വെള്ള നിറമുള്ളൂ..
കണ്ണിലും കരളിലും
കാതിലും
ചിരിതൂകി നിൽക്കും.
കറ പുരളാതെ,
കരിയാതെ,
കരിക്കാതെ..

ചില ശബ്ദങ്ങൾക്ക്
സപ്തവർണങ്ങളാണ്.
പഞ്ചേന്ദ്രിയങ്ങളിലും
ബുദ്ധിയിലും
ഹൃദയത്തിലും
ഒരേ സമയം വിരിയുന്ന
മഴവില്ലഴകുള്ള ശബ്ദം.
അപൂർവമായേ
അത് വരൂ.
മഴവില്ലുപോലെ..
മോഹിപ്പിച്ചങ്ങ്
മാഞ്ഞു പോകുമത്
മതി വരും മുമ്പേ …