ആഡംഭര ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു ജോളി, ഒരിക്കല്‍ പണം കടം ചോദിച്ചിരുന്നു; ഷാജുവിന്റെ പിതാവ്

കോഴിക്കോട്: രണ്ടാം ഭര്‍ത്താവ് ഷാജുവിന് പിന്നാലെ ജോളിക്കെതിരെ ഷാജുവിന്റെ പിതാവ് സക്കറിയയും രംഗത്ത്. എന്‍.ഐ.ടിയില്‍ ജോലിയുണ്ടെന്ന പറഞ്ഞ് നടന്നിരുന്ന ജോളി തന്നോട് ഒരു തവണ പണം കടം ചോദിച്ചിരുന്നു. പത്തെണ്‍പതിനായിരം രൂപ ശമ്പളമുള്ളയാള്‍ക്ക് എന്തിനാണ് പണമെന്ന് ഞാന്‍ തിരിച്ച് ചോദിച്ചപ്പോള്‍ 65,000 രൂപ മാത്രമെ ലഭിക്കൂവെന്നാണ് ജോളി മറുപടി നല്‍കിയതെന്നും സക്കറിയ പറഞ്ഞു. ഈ പണം എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ കുട്ടികളുടെ പഠനത്തിനും മറ്റും നല്‍കുന്നുവെന്നാണ് പറഞ്ഞതെന്നും സക്കറിയ പറഞ്ഞു.

കല്യാണം നടക്കുന്ന സമയത്ത് ജോളിയുടെ എന്‍ഐടിയിലെ ജോലിയെ സംബന്ധിച്ച് അന്വേഷിച്ചിരുന്നില്ല. എന്‍ഐടിയുടെ ഐഡന്റിറ്റി കാര്‍ഡ് എല്ലാവരുംകാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു അവള്‍. ഇത് കാരണം ആര്‍ക്കും കാര്യമായ സംശയമുയര്‍ന്നിരുന്നില്ല. ജോളി ഇപ്പോള്‍ പിടിയിലായിരുന്നില്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാനടക്കം കുടുംബത്തിലുള്ളവരെല്ലാം ദുരന്തത്തില്‍ അകപ്പെട്ടേനെ. ക്രൈംബ്രാഞ്ചിനെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നുവെന്നും സക്കറിയ പറഞ്ഞു.

സിലിയേയും മകള്‍ ആല്‍ഫൈനേയും കൊലപ്പെടുത്തിയത് ജോളി തന്നെയാണെന്ന് വിശ്വസിക്കുന്നതായും സക്കറിയ പറഞ്ഞു. ആഡംഭര ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു ജോളി. താന്‍ ഒരു മകളെ പോലെയാണ് ജോളിയെ കണ്ടിരുന്നതെന്നും സക്കറിയാ പറഞ്ഞു.

ജോളിക്ക് നിയമ സഹായം നല്‍കില്ലെന്ന ഷാജു പറഞ്ഞതിനൊപ്പം നില്‍ക്കുന്നു. ജോളിയോട് തനിക്കിപ്പോള്‍ അങ്ങേയറ്റം വെറുപ്പാണുള്ളത്. വലിയ ദുഃഖവും തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ