ചരിത്രത്തിലേക്ക് ആർപ്പുവിളിച്ച് ഇറാൻ പെൺകൊടികൾ; പെണ്ണാരവങ്ങളിൽ നിറഞ്ഞ് ആസാദി സ്റ്റേഡിയം

ദശാബ്ദങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം ഇറാനും മാറ്റത്തിലേക്ക് ചുവടുവെച്ചു. ഇതിൻെറ നേർ സാക്ഷ്യമായിരുന്നു ടെഹ്‌റാന്‍ ആസാദി സ്റ്റേഡിയത്തിലേക്ക് ആർത്തലച്ചെത്തിയ ഇറാനി പെൺപട. കഴിഞ്ഞ ദിവസമാണ് വർഷങ്ങൾക്കിപ്പുറം പുരുഷ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍ക്ക് ​ഗാലറിയിൽ പ്രവേശനം ലഭിച്ചത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്നാണ് പുരുഷ മത്സരങ്ങൾ കാണുന്നതിന് സ്ത്രീകളെ വിലക്കിയിരുന്നത്. നിരവധി പോരാട്ടങ്ങൾക്കും സഹനങ്ങൾക്കുമൊടുവിലാണ് ഇറാൻ വനിതകളുടെ ഈ നേട്ടം. ഇതിനവർ തൻെറ ജീവിതം തന്നെ നൽകി ഈ ചരിത്രത്തിന് വഴിയൊരുക്കിയ സഹര്‍ ഖുദൈരി എന്ന 29 കാരിയോട് നന്ദി പറഞ്ഞിട്ടുണ്ടാവണം. ഗ്യാലറികളില്‍ വനിതാപ്രവേശനം വിലക്കിയിരുന്ന സമയത്ത് പുരുഷവേഷം ധരിച്ചെത്തി പിടിക്കപ്പെടുകയും ശിക്ഷ ഭയന്ന് ആത്മഹത്യ ചെയ്യുകയും ചെയ്ത ഇറാന്റെ നീലപ്പെണ്‍കുട്ടിയുടെ ധാരുണാന്ത്യത്തിന് പിന്നാലെയാണ് വനിതകൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളുണ്ടാവുന്നത് തന്നെ.

ഇറാൻ നേരത്തെ 2001ല്‍ 20ഓളം ഐറിഷ് വനിതകള്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കാണാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ബഹ്‌റൈനില്‍ നടന്ന പുരുഷ ടീമിന്റെ കളി കാണാന്‍ ഏതാനും വനിതകള്‍ക്ക് അനുവാദം ലഭിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ 100ഓളം വനിതകളെ ബൊളീവിയക്കെതിരെയുള്ള സൗഹൃദ മത്സരം കാണാന്‍ ആസാദി സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഒരു ദിവസത്തിന് ശേഷം ഇനി ഇത് ആവർത്തിക്കരുതെന്നായിരുന്നു ജനറല്‍ പ്രോസിക്യൂട്ടർ പറഞ്ഞത്. ഇത് നിങ്ങളെ പാപത്തിലേക്ക് നയിക്കുമെന്നും അയാൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

സ്വപ്ന മത്സരത്തിനായി കാത്തിരിക്കാം 3000 പെൺകുട്ടികളാണ് മത്സരം കാണാനെത്തിയിരുന്നത്. മത്സരത്തിൽ വനിതാ ആരാധകർക്കായി ഇറാൻ ടീം തകർപ്പൻ വിരുന്നൊരുക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കംബോഡിയയ്‌ക്കെതിരെയായിരുന്നു ഇറാന്റെ മത്സരം. എതിരില്ലാത്ത 14 ഗോളുകള്‍ക്കാണ് കംബോഡിയയെ ഇറാന്‍ തകര്‍ത്തത്. മത്സരത്തിലെ ആവേശത്തേക്കാള്‍ ഗ്യാലറിയിലെ വനിത ആരാധകരുടെ ആരവങ്ങളായിരുന്നു അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ കൂടുതലും ചർച്ചയായത്. മത്സരത്തിൻെറ ടിക്കറ്റുകളെല്ലാം തന്നെ വിൽപ്പനയ്ക്ക് വെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിറ്റു പോയിരുന്നു. ദേശീയ പതാക പുതച്ചും വുവുസേല മുഴക്കിയും സ്റ്റേഡിയത്തിൽ പെൺപട നിറഞ്ഞുവെങ്കിലും പുരുഷന്മാർക്കിരിക്കാനുള്ള ഭാ​ഗം പലതും കാലിയായിരുന്നതായാണ് റിപ്പോർട്ട്. 78000 പേർക്കിരിക്കാനാവുന്ന സ്റ്റേഡിയത്തിൽ ഏതാനും ശതമാനം സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്കായി അനുവദിച്ചിരുന്നത്. എങ്കിലും ആവേശത്തോടെ തന്നെയായിരുന്നു അവർ ചരിത്രത്തിലേക്ക് ചുവടുവെച്ച് ആരവം മുഴക്കിയത്.