നവമാധ്യമത്തിലെ എഴുത്തോ(പോസ്റ്റോ),  അന്യൻ്റെ കഴുത്തോ?!

രഘുനാഥൻ പറളി
ല്പം വൈകിയാണ് ‘വികൃതി’ എന്ന സിനിമ കാണാനായത്. എങ്കിലും അതേക്കുറിച്ച് എഴുതാതിരിക്കുന്നത് ഉചിതമല്ലെന്നു തോന്നി. അത്രമേല്‍ സത്യസന്ധവും സന്ദേശവാഹകവുമായ ഒരു ചിത്രമാണതെന്നതു തന്നെയാണ് അതിനു പ്രമുഖ കാരണം. അവകാശവാദങ്ങളോ വലിയ ആരവങ്ങളോ ഇല്ലാതെ, ചിത്രം ഒരു പ്രത്യേക ജീവിതസന്ദര്‍ഭവും സംഘര്‍ഷവും ആവിഷ്കരിക്കുകയാണ്. മാത്രമല്ല, നമവാധ്യമങ്ങളില്‍ ആളുകള്‍ സ്വയംമറന്ന് വിഹരിക്കുന്ന ഈ കാലത്ത്, സമൂഹത്തിലെ എല്ലാവരും സ്വയം വിധികര്‍ത്താക്കളായി പ്രത്യക്ഷപ്പെടുന്ന ഒരു ലോകത്ത്, അപരന്റെ സ്വകാര്യതയ്ക്ക് ജീവകാരുണ്യപരമായ പരിഗണനയെങ്കിലും നല്‍കേണ്ടതിന്റെ പരമപ്രാധാന്യം അത്രമേല്‍ ആഴത്തില്‍ ‘വികൃതി’ എന്ന ചിത്രത്തിന് ആവിഷ്കരിക്കാന്‍ കഴിയുന്നത്, ജീവിതത്തിലും അത്തരമൊരു അനാസ്ഥയ്ക്ക് ഇരയാകേണ്ടി വന്ന ഭിന്നശേഷിക്കാരനായ- ഒരു യഥാർത്ഥ എല്‍ദോ ഈ സിനിമയ്ക്കു കൂടി കാരണമായി പുറത്ത് നില്‍ക്കുന്നുണ്ട് എന്നതാകണം. എല്‍ദോ എന്ന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമ്മൂട്, അതിശയകരമായ വിധത്തിലാണ് ആ കഥാപാത്രത്തിന്റെ ആന്തരിക വിക്ഷുബ്ധതകള്‍ നമ്മളിലേക്ക് പകരുന്നത്. സുരാജിന്റെ കരിയറില്‍ ഇത്രയും ബോധ്യമുളള ഒരു കഥാപാത്രത്തെ അത്രയും തീവ്രമായും -എന്നാല്‍ ഇത്രമേൽ ലളിതമായും അനായാസമായും സാധ്യമാക്കാന്‍ ഇതുവരെയും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു ബധിര-മൂക വിലാപത്തില്‍നിന്ന്, വിശാലവും സന്തോഷദായകവുമായ വലിയ ഒരു മാനുഷ്യകത്തിലേക്കു എത്ര ആത്മവിശ്വസത്തോടെയാണ് എല്‍ദോയും ഒപ്പം ഈ സിനിമയും നടന്നു കയറുന്നത്..!അംഗപരിമിതി എന്ന അവസ്ഥ, അഭിനയത്തിലെ അധിക ശക്തിയാകുന്ന ഒരു തലം കൂടി അതിലുണ്ട്. നവാഗത സംവിധായകനായ എംസി ജോസഫിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന ചിത്രം കൂടിയാകുന്നുണ്ട് ആ അർത്ഥത്തിൽ ഈ ചിത്രം.
മകളുടെ ചികിത്സയ്ക്കായി രാത്രികള്‍ ഉറക്കമിളച്ച ഒരാള്‍ തീര്‍ത്തും അവശനിലയില്‍  മെട്രോ ട്രെയിനില്‍ ഉറങ്ങിക്കിടക്കുന്നതിനെ വികലമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റാക്കി  അയാളുടെ തൊഴിലും ജീവിതവും വരെ ഒരു ചോദ്യചിഹ്നമാക്കുന്ന ചില സാന്ദര്‍ഭിക ‘രസങ്ങളും ഹരങ്ങളും’ തന്നെയാണ് വഴിയെ ഈ സിനിമയെ ഒരു സാമൂഹികപാഠം തന്നെയാക്കി മാറ്റുന്നത്.  വിദേശത്തുനിന്ന് ലീവില്‍ നാട്ടിലെത്തുന്ന, (സോഷ്യല്‍ മീഡിയാ ഭ്രാന്തുണ്ടെന്നു പറയാവുന്ന)  ഷെമീര്‍ എന്ന കഥാപത്രത്തെ സൗബിന്‍ ഷാഹിര്‍ ചെറിയ ഒരു ഇളക്കം പോലുമില്ലാതെയാണ് അഭിനയിച്ചു പൂര്‍ത്തിയാക്കുന്നത്. സൗബിനും സുരാജും ഈ ചിത്രത്തില്‍ നമ്മളെ അങ്ങനെ പൂര്‍ണ്ണമായും പിടിച്ചെടുക്കുന്നു. ‘Unmoderated content consumption is as dangerous as the consumption of sewage water’ എന്ന് പ്രശസ്ത ന്യൂറോ സയന്റിസ്റ്റ് അഭിജിത് നസ്കാർ പറയുന്നത് ഇത്തരം സന്ദർഭങ്ങളെക്കൂടി പ്രത്യേകം പരിഗണിച്ചാണ്. ആ സംഘർഷത്തിന്റെ പാരമ്യത്തിലും അപരനെ അനുഭാവപൂർവ്വം പരിഗണിക്കുന്ന ഒരു മാനവികതലം ചിത്രം നേടുമ്പോൾ,  അത് ഈ ചിത്രത്തിന്റെ തിരക്കഥയുടെ കൂടി ശക്തിയായി എണ്ണണം. എൽദോയുടെ  പത്നിയായി എത്തുന്ന സുരഭി ലക്ഷ്മി, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, മാമുക്കോയ എന്നിവരെല്ലാം സ്വയം അടയാളപ്പെടുത്തുന്നത് ഭാരരഹിതമായാണ്.  ‘വികൃതി’ എന്ന പേരു മാത്രമാണ് സിനിമയുടെ ഗൗരവത്തെ അൽപം ചോർത്തിക്കളഞ്ഞത് എന്നു തോന്നി. കഴിയുമെങ്കിൽ മലയാളി തീർച്ചയായും കാണേണ്ടുന്ന ഒരു സരളചിത്രം എന്ന് ചുരുക്കത്തിൽ സിനിമയെക്കുറിച്ചു പറയാമെന്നു തോന്നുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ