ആകാശത്തിന്റെ അവകാശികൾ

റാണി ബി മേനോൻ
ഒരു ചാളയേക്കാൾ മെച്ചമൊന്നുമില്ലാതിരുന്ന ആ ഹൗസിംഗ് കോംപ്ലെക്സിനു മുന്നിൽ ഒരു വലിയ മതിലുയർന്നപ്പോൾ, അവിടത്തെ അന്തേവാസികൾ സന്ദേഹികളായി.
ആരാവും തങ്ങളുടെ ധനികരായ അയൽക്കാർ….
അവർ തങ്ങളെ ഈ ദാരിദ്ര്യ സാമ്രാജ്യത്തിൽ നിന്നും പുറത്താക്കുമോ…
അവരുടെ രാഷ്ട്രീയ പിടിപാടുകളെത്രത്തോളമുണ്ട്…
എന്നീ കാര്യങ്ങളെ കുറിച്ച് അവർ ഖിന്നരായി.
പരസ്പരം സന്ദേഹങ്ങൾ പങ്കുവയ്ക്കാമെന്നല്ലാതെ, ആ വൻമതിലനപ്പുറത്തു നിന്നും വാർത്തകളൊന്നും പറന്നു വരികയുണ്ടായില്ല.
തങ്ങളുടേതായ കുഞ്ഞ് ആകാശത്തുണ്ടിലേയ്ക്ക് തുറക്കുന്ന ബാൽക്കണികളിലൂടെ അവർ വാർത്തകൾക്കും, കാഴ്ച്ചകൾക്കുമായി കണ്ണും കാതും കൂർപ്പിച്ചു വച്ചു. നിലനിൽപ്പ് എന്നത് ജീവി വംശത്തിലെ മറ്റേതൊന്നിനേയും പോലെ അവരേയും ആകുലമാക്കിയതിൽ അസ്വഭാവികതയേതുമില്ല.

പണത്തിന്റെ കുത്തൊഴുക്കുണ്ടാവണം, പണി മിന്നൽ വേഗത്തിലാണ് പുരോഗമിച്ചത്!
ആർഭാടപൂർണ്ണമായ ഗൃഹപ്രവേശത്തിനു ശേഷം
ആ രമ്യഹർമ്മ്യത്തിലേയ്ക്ക് അന്തേവാസികളായെത്തിയത് അറുപതുകൾ താണ്ടിയ ദമ്പതികളും, അവരിലൊരാളുടെ അമ്മയായിരിയ്ക്കണം, ഒരു താെണ്ണൂറുകാരിയുമായിരുന്നു.
തേജസ്സുറ്റ മുഖം, നന്നേ മെലിഞ്ഞ ശരീരം, അവർ ചുറുചുറുക്കോടെ ആ വലിയ വീടിനു മുന്നിലുള്ള തോട്ടത്തിൽ ഉലാത്തുകയും, ജോലിക്കാരെ ഭരിയ്ക്കുകയും ചെയ്തു.
ദമ്പതികളിലെ സ്ത്രീ ഓജസ്സറ്റവളായിരുന്നു. അവർ എല്ലായ്പോഴും, രോഗം ബാധിച്ച ഒരുവളെ പോലെ, പതിയെ നടക്കുകയും, തളർന്നിരിയ്ക്കുകയും ചെയ്തു.
വൃദ്ധയായ സ്ത്രീയെ രണ്ടാഴ്ച്ചയിലൊരിയ്ക്കൽ മറ്റൊരു പ്രൗഢസ്ത്രീ വലിയൊരു കാറുമായി വന്ന് കൂട്ടിപ്പോവുകയും, കൃത്യം രണ്ടാഴ്ച്ച തികയുന്ന അന്ന് തിരിച്ചു കൊണ്ടുവിടുകയും ചെയ്യുന്നതിന് ഹൗസിംഗ് കോളനിയിലെ ലേഡി ഷെർലക്സ് സാക്ഷ്യം വഹിച്ചിരുന്നു.

“പണമാണ് എല്ലാത്തിനും അടിസ്ഥാനം, പണമുണ്ടേൽ എത്ര കാലം ജീവിച്ചാലും കുഴപ്പമൊന്നുമില്ല”

ബാൽക്കണികളുടെ തുറന്ന ആകാശച്ചുവട്ടിൽ നിന്ന് വൃദ്ധരായ അന്തേവാസികൾ മക്കളുറങ്ങും നേരം അവർക്ക് മുറിയൊഴിഞ്ഞു കൊടുത്ത് ദീർഘനിശ്വാസമുതിർത്ത്, ആദരവോടും അസൂയയോടും കൂടി ആ വെൺമാടത്തേയും, അതിലെ അന്തേവാസികളേയും ലജ്ജാ രഹിതരായി നോക്കി നിന്നു.

നാളേറെ കഴിഞ്ഞിട്ടും കൊട്ടാരതുല്യമായ ആ വീട്ടിലെ ദിനചര്യകളേതും മാറിയില്ലെങ്കിലും ലേഡീ ഹോംസിന്റെ കൗതുകം കുറഞ്ഞില്ല.
അങ്ങിനെയിരിയ്ക്കെ ഒരു സന്ധ്യാസമയത്ത് വൃദ്ധ സ്ത്രീ ആ വീടിന്റെ ഉമ്മറത്ത് ഏകയായിരിയ്ക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു. അൻപതുകളിലേ ജഢത്വം ബാധിച്ച തങ്ങളുടെ ദേഹങ്ങളെ കുറിച്ച് അപ്പോൾ അവർക്ക് കുറച്ച് ബഹുമാനമൊക്കെ തോന്നുകയും, അവ ചാരനിറം പൂണ്ട ആകാശച്ചരുവിൽ നിന്ന് പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു.

“എത്രയായാലും പ്രായം തളർത്താതിരിയ്ക്കുമോ”,
“പണത്തിന് നീട്ടിയെടുക്കാവുന്ന ആയുസ്സിനൊരു പരിധിയൊക്കെയില്ലേ” കുട്ടിക്കാലത്ത് കേട്ട പുരുവിന്റെയും യയാതിയുടേയും കഥയോർത്ത് നങ്ങേലിയമ്മ ഉണ്ണിക്കാവമ്മയോട് പറഞ്ഞു.
രാവ് കരിംകറുപ്പിലേയ്ക്കിറങ്ങിയിട്ടും അയൽവീട്ടിലെ മുൻവാതിൽ തുറക്കുകയോ ആ സ്ത്രീ ഉള്ളിലേയ്ക്കു പോകുകയോ ഉണ്ടായില്ല.
രാത്രി, കനത്ത് നേർത്ത് പുലരിയെത്തുമ്പോഴും അവരവിടെയുണ്ടെന്ന് നരച്ച ആകാശത്തിന്റെ മാത്രം അവകാശികളായ ക്യാമറക്കണ്ണുകൾ ആ കാഴ്ച്ച ഒപ്പിയെടുത്തു കൊണ്ടറിഞ്ഞു.

ഏതാണ്ട് മദ്ധ്യാഹ്നത്തോടെ വൃദ്ധയെ രണ്ടാഴ്ച്ചയിലൊരിയ്ക്കൽ കൂട്ടിപ്പോവുന്ന വലിയ വാഹനം ഹുങ്കാരത്തോടെ ഗേറ്റ് കടന്നു വന്ന്, വൃദ്ധയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിറുത്തി, പരിഷ്ക്കാരിയാെരു മദ്ധ്യവയസ്ക അവരെ ശ്രദ്ധിയ്ക്കാതെ മുൻ വാതിൽ തള്ളിത്തുറന്ന് ഒച്ച വയ്ക്കാൻ തുടങ്ങി.
തുടക്കത്തിൽ ഏകതാള-ശ്രുതി ബദ്ധമായ രാഗം, താമസിയാതെ, ത്രിപുടയിലെത്തി രാഗമാലികാ പ്രവാഹമായി.
കുറ്റപ്പെടുത്തലുകൾ, വെല്ലുവിളികൾ, ഭീഷണികൾ….
രംഗം കൊഴുത്ത്, ആകാശത്തിന്റെ ഉടമകൾക്ക് കേൾക്കാൻ തക്കവണ്ണമെത്തി.

“നിനക്കറിയാഞ്ഞാണ്, ഇവിടെ പണിയെടുത്തിരുന്ന ചെക്കൻ തള്ളയുടെ ശൃംഗാരം കൊണ്ട് പണിയിട്ടിട്ടോടിപ്പോയി.
അദ്ദേഹത്തിനാണെങ്കിൽ ചെവി പൊത്താതെ നടക്കാൻ വയ്യ. അത്ര അസഭ്യമാണ് പറയുന്നത്!
ഇവരിതെവിടുന്നു പഠിച്ചു?
കുട്ടികളായിരിയ്ക്കെ നമുക്ക്, ചെറിയാെരു ചീത്ത വാക്കിനു പോലും കടുത്ത ശിക്ഷ വിധിച്ചിരുന്നവരാണ്.”
രണ്ടു പേരുടേയും വാഗ്വാദങ്ങൾ ഇപ്പോൾ പയ്യാരം പറച്ചിലിലേയ്ക്കെത്തിയിരുന്നു.

ആ വീട്ടിലെ സ്ഥിരം പണിക്കാരൻ ഓടിപ്പോയതിനു ശേഷം ജോലിക്കു പോയിരുന്ന സ്ത്രീയാണവരോടത് പറഞ്ഞത്, “ആ അമ്മയ്ക്ക് എന്തോ ഏഷ്യയാണത്രേ”.
”ഡിമെൻഷ്യ”
ഉണ്ണിക്കാവമ്മയുടെ മരുമകൾ, പഠിപ്പുകാരിയായ, രേവതി പറഞ്ഞു.
“അതെന്തോ?”
“വായ തുറന്നാൽ തെറിയേ വരൂ, ചെറിയ ചെക്കമ്മാരോടു പോലും ശൃംഗാരം…..”
മക്കള് രണ്ടു പേരും പതിനഞ്ച് ദിവസം കഴിയാൻ കാത്തിരിയ്ക്കും, അടുത്ത ആൾക്കടുത്തേക്കയയ്ക്കാൻ, രണ്ടാമത്തെയാൾ വന്നു കൊണ്ടു പോവേണ്ട ദിവസമായിരുന്നു, ഇന്നലെ, അവർ തുടർന്നു
“അതു കൊണ്ടാ പുറത്തിരുത്തിയത്, ആഹാരവും കൊടുത്തില്ല, ചാവുന്നെങ്കി ചാവട്ടേന്നാ ആ ചേച്ചി പറയുന്നത്, സഹിച്ച് മതിയായിയത്രെ!”

“പാവം!വല്ല വൃദ്ധാശ്രമത്തിലും ഏൽപ്പിച്ചൂടെ? പണമുണ്ടല്ലോ ഇഷ്ടം പോലെ!” രേവതി ഇടപെട്ടു.

“ഈ സൊബാവിതം കാരണം, വൃദ്ധാശ്രമത്തിലും എടുക്കില്ലത്രേ”
“അതോണ്ടാണവര് ആരും വരാത്ത ഈ മൂലയിലേയ്ക്ക് വീടുവച്ചു മാറിയത്”

ആകാശത്തിന്റെ അവകാശികളുടെ കണ്ണിലിപ്പോൾ അസൂയപ്പച്ച കരിഞ്ഞ്, കാർ നിറഞ്ഞു പെയ്യാൻ തുടങ്ങി!
പുറത്തെ കാലവർഷപ്പെയ്ത്തു പോലെ!
എന്തിനെന്നറിയാതെ ആ വൃദ്ധകൾ, തങ്ങളിതുവരെ കാണാത്ത, ആ ഒരാൾക്കു വേണ്ടി കണ്ണീർ വാർത്തു.

“മനുഷ്യർ മറ്റുള്ളവർക്കു വേണ്ടി കരയുന്നത് സഹതാപം കൊണ്ടല്ല, അവനവനെത്തന്നെ ആ സ്ഥാനത്തു പ്രതിഷ്ഠിയ്ക്കുമ്പോഴുള്ള ഭയം കൊണ്ടും, അമ്പരപ്പുകൊണ്ടുമാണ്.”

രേവതി ഭർത്താവിനോട് ഒന്നുകൂടി ചേർന്നു കിടന്നു കൊണ്ട് പറഞ്ഞു.
അയാൾ അവളെ ചേർത്തു പിടിച്ചു, ആർക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ലെന്ന പോൽ!

റാണി ബി മേനോൻ