പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലമെന്ന് സംയുക്ത പരിശോധനാ സമിതി

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലമെന്ന സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്. പാലത്തിന്റെ ഗര്‍ഡറില്‍ 2183 വിള്ളലുകളുണ്ട്. ഇതില്‍ 99 എണ്ണവും മൂന്ന് മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതാണ്. ഇവ അതീവഗുരുതരമാണെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പാലത്തിന്റെ പിയര്‍ കാപ്പില്‍ 83 വിള്ളലുകളുണ്ട്. ഇതിലെ അഞ്ച് വിള്ളലുകളും മൂന്ന് മില്ലിമീറ്ററില്‍ കൂടുതലുള്ളതാണ്. 66 സെന്റിമീറ്ററില്‍ കൂടുതലുള്ള വളവുകള്‍ ഗര്‍ഡറിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാലത്തിലൂടെ ഭാരമേറിയ വാഹനം പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിഡബ്‌ള്യുഡി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എഞ്ചിനീയര്‍ സജിലി,തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറും സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് വിദഗ്ധനുമായ പി പി ശിവന്‍ എന്നിവരടക്കമുള്ള സമിതി നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ നില ഗുരുതരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

വിദഗ്ധ സമിതി പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറി.