മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍; എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണുന്നു- ബി.ജെ.പി പുറത്തേക്ക്

മുംബൈ: സര്‍ക്കാര്‍ രൂപവല്‍ക്കരണം അനിശ്ചിതത്വത്തില്‍ തുടരുന്ന മഹാരാഷ്ട്രയില്‍ അതിനാടകീയ രാഷ്ട്രീയ നീക്കങ്ങള്‍. എന്‍.സി.പി-കോണ്‍ഗ്രസ് പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കും എന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് എന്‍.പി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി പൃത്ഥ്വരാജ് ചവാന്‍, മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബാലസാഹെബ് തോറത്ത് എന്നിവര്‍ സംയുക്തമായി ഗവര്‍ണറെ സന്ദര്‍ശിക്കുന്നുണ്ട്. കാര്‍ഷിക പ്രതിസന്ധിയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്താനാണ് കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്നലെ ശരദ് പവാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയെ അങ്കലാപ്പിലാക്കിയ രാഷ്ട്രീയ നീക്കങ്ങള്‍. ഇന്ന് രണ്ടു മണിക്ക് മുംബൈയിലെത്തുന്ന പവാര്‍ എന്‍.സി.പി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്‍.സി.പി-ശിവസേന സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് അതിനെ പുറത്തു നിന്ന് പിന്തുണയ്ക്കുമെന്നുമാണ് സൂചന. അതേസമയം, ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് താത്പര്യക്കുറവുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദത്തിന് ഇവര്‍ വഴങ്ങിയേക്കും. ആശയപരമായി ഏറെ ഭിന്നതയുള്ള സേനയുമായുള്ള സഖ്യം എങ്ങനെ സാദ്ധ്യമാകും എന്നായിരുന്നു ഇവരുടെ ചോദ്യം.

288 അംഗസഭയില്‍ 145 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബി.ജെ.പിക്ക് 105 ഉം ശിവസേനയ്ക്ക് 56 ഉം സീറ്റാണ് ഉള്ളത്. എന്‍.സി.പിക്ക് കിട്ടിയത് 54 സീറ്റ്, കോണ്‍ഗ്രസിന് 44. ശിവസേന-എന്‍.സി.പി സഖ്യ സര്‍ക്കാര്‍ വരികയും കോണ്‍ഗ്രസ് പുറത്തു നിന്ന് പിന്തുണയ്ക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ രൂപവത്കരണം എളുപ്പമാകും. ശരദ് പവാറുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും എന്നാല്‍ മുഖ്യമന്ത്രി സേനയില്‍ നിന്നേ ഉണ്ടാകൂ എന്നും പാര്‍ട്ടി നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്നും ഇതില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തില്‍ തുല്യ പങ്കാളിത്തവും മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്നുമുള്ള സേനയുടെ ആവശ്യവുമാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കാനുണ്ടായ കാരണം. ബി.ജെ.പി ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ