എങ്ങോട്ടു ചായുന്നു എന്ന നിശ്ചയമില്ലാത്ത നീക്കങ്ങള്‍, സോണിയ ഗാന്ധിയെയും ഉദ്ധവ് താക്കെറെയെയും വരുതിയിലാക്കിയ നയതന്ത്രം

എങ്ങോട്ടു ചായുന്നു എന്ന നിശ്ചയമില്ലാത്ത നീക്കങ്ങള്‍, സോണിയ ഗാന്ധിയെയും ഉദ്ധവ് താക്കെറെയെയും വരുതിയിലാക്കിയ നയതന്ത്രം, എം.എല്‍.എമാരുടെ ചാക്കിട്ടുപിടുത്തം തടയാനുള്ള നീക്കങ്ങളും മറുനീക്കങ്ങളും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും കൂടെ നിര്‍ത്തിയ രാഷ്ട്രീയക്കളി.. മഹാരാഷ്ട്രയില്‍ അവസാന നിമിഷം വരെ നീണ്ടു നിന്ന സസ്‌പെന്‍സ് അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ വിജയിക്കുന്നത് ഒരേയൊരാളാണ്. മറാത്ത രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നില്‍ക്കുന്ന അതികായന്‍; സാക്ഷാല്‍ ശരദ് പവാര്‍. ഇന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്; ‘എല്ലാറ്റിനും ഒടുവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാണക്യനെ (അമിത്ഷാ) ശരദ് പവാര്‍ തോല്‍പ്പിച്ചിരിക്കുന്നു. മഹാരാഷ്ട്ര ഡല്‍ഹിയുടെ സിംഹാസനത്തിന് മുമ്പില്‍ കുമ്പിടില്ല. ജയ് മഹാരാഷ്ട്ര’

മുഖ്യമന്ത്രി പദം പങ്കിടാനാവില്ലെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതോടെയാണ് എന്‍.ഡി.എ വിടാന്‍ ശിവസേന തീരുമാനിക്കുന്നത്. ബദല്‍ സര്‍ക്കാര്‍ എന്ന ആശയം ശരദ് പവാറിനെ മുന്നില്‍ നിര്‍ത്തിയല്ലാതെ സേനയ്ക്ക് മുമ്പോട്ടു കൊണ്ടു പോകാന്‍ ആകുമായിരുന്നില്ല. കോണ്‍ഗ്രസിന്റെ പിന്തുണയായിയിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. കോണ്‍ഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാം എന്നായിരുന്നു സേനയുടെ ആലോചന. എന്നാല്‍ കോണ്‍ഗ്രസിനെ കൂടി ഉള്‍ക്കൊള്ളിച്ചുള്ള രാഷ്ട്രീയ സഖ്യത്തിന് രൂപം നല്‍കിയത് പവാറിന്റെ രാഷ്ട്രീയ മിടുക്കാണ്.

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ന ആശയത്തിനു തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എതിരായിരുന്നു. ആശയപരമായി ഏറെ അകലെ നില്‍ക്കുന്ന ഒരു കക്ഷിയുമായി ചേര്‍ന്ന് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കാനാകും എന്നതായിരുന്നു അവരുടെ ചോദ്യം. ആ ചോദ്യം ലളിതമായിരുന്നില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കും എന്നവര്‍ ഭയന്നു. തീവ്രഹൈന്ദവവാദവും മണ്ണിന്റെ മക്കള്‍ വാദവും രാഷ്ട്രീയ മേല്‍വിലാസമാക്കിയ സേനയുമായി ഒരു ഒത്തുതീര്‍പ്പിനും അവര്‍ സന്നദ്ധമായില്ല. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമ്മതം നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തെ പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന തിരിച്ചറിവ് അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എന്നിട്ടു പോലും സൂക്ഷ്മമായിരുന്നു സോണിയയുടെ നീക്കങ്ങള്‍. ഭരണഘടനയുടെ അന്തസ്സത്തയായ മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സേന സന്നദ്ധമാകണം എന്നായിരുന്നു അവരുടെ ആവശ്യം. ഇത് ശിവസേനയെ ബോദ്ധ്യപ്പെടുത്തുന്നതില്‍ പവാര്‍ വിജയിച്ചു. അയോദ്ധ്യയിലേക്കുള്ള ഉദ്ധവ് താക്കറെയുടെ സന്ദര്‍ശനം മാറ്റിവച്ചതും മുസ്‌ലിം എം.എല്‍.എ അബ്ദുല്‍ സത്താറിനെ മന്ത്രിയാക്കാനുള്ള ധാരണയും ഇതിന്റെ ഭാഗമായിരുന്നു. മൂന്ന് കക്ഷികളും ചേര്‍ന്ന് തയ്യാറാക്കിയ പൊതുമിനിമം പരിപാടിയില്‍ സെക്യുലറിസം എന്ന പദം ഉള്‍പ്പെടുത്താനും സോണിയ ശഠിച്ചു. ഇക്കാര്യങ്ങളെല്ലാം ശിവസേനയെ കൊണ്ട് അംഗീകരിപ്പിക്കാന്‍ പവാറിനായി എന്നതാണ് ശ്രദ്ധേയം. പൊതുവെ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങുതല്ല സേനയുടെ രാഷ്ട്രീയ നിലപാടുകള്‍ എന്നതു കൂടി ഓര്‍ക്കേണ്ടതുണ്ട്.

ബാല്‍ താക്കറെ ഉള്ള കാലം തൊട്ട് ശിവസേന അദ്ധ്യക്ഷന്‍ സ്വന്തം വീടായ മാതോശ്രീയില്‍ നിന്ന് പുറത്തിറങ്ങാറില്ല. എല്ലാ രാഷ്ട്രീയക്കാരും അവിടെ ചെന്ന് കാര്യങ്ങള്‍ സംസാരിക്കുകയാണ് പതിവ്. എന്നാല്‍ അതു തെറ്റിച്ച് ഉദ്ധവ് താക്കറെയെ സ്വന്തം വീട്ടിലെത്തിക്കാന്‍ ശരദ് പവാറിനായി. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ നടത്തിയ ചര്‍ച്ചയും പവാറിന്റെ വീട്ടിലായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദ്ധവ് തന്നെ വരണം എന്ന് പവാര്‍ നിര്‍ബന്ധം പിടിച്ചതും നയതന്ത്രത്തിന്റെ ഭാഗമാണ്. ഉദ്ധവ് അല്ലാത്ത മറ്റൊരാളാണ് ആ സ്ഥാനത്തേക്ക് വരുന്നതെങ്കില്‍ അത് ഭരണത്തെ തന്നെ ബാധിച്ചേക്കാം. ബി.ജെ.പിയുമായി സഖ്യം വേര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ 17 എം.എല്‍.എമാര്‍ രംഗത്തു വന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഉദ്ധവ് മുഖ്യമന്ത്രിയാകില്ല എന്നതാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. സഞ്ജയ് റാവുത്തും കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഈയിടെ രാജിവച്ച അരവിന്ദ് സാവന്തുമാണ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. സ്ഥാനമേറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചിട്ടുണ്ട്.

സസ്‌പെന്‍സിന്റെ പരകോടി നിലനിര്‍ത്തിയാണ് സംസ്ഥാനത്ത് പുതിയ സഖ്യം അധികാരത്തില്‍ വരുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തേത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. കോണ്‍ഗ്രസുമായും സേനയുമായും ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെയാണ് പവാര്‍ മോദിയെ കണ്ടത്. അതിന് തൊട്ടു മുമ്പുള്ള ദിവസം രാജ്യസഭയില്‍ എന്‍.സി.പിയെ മോദി മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തിരുന്നു. സേനയെ വിട്ട് എന്‍.സി.പി ബി.ജെ.പിക്കൊപ്പം പോകുകയാണോ എന്ന ശ്രുതി പരക്കുകയും കോണ്‍ഗ്രസ് അതില്‍ അതില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അതിലൊന്നും പവാര്‍ കുലുങ്ങിയില്ല. ഒരു മാസത്തെ അനിശ്ചിതത്വത്തിന് ശേഷം സഖ്യം അധികാരത്തില്‍ എത്തുമ്പോള്‍ ഒരു പവര്‍ ഹൗസായി പവാര്‍ ചിരിക്കുകയാണ്. ഒരുപക്ഷേ, സമകാലിക രാഷ്ട്രീയത്തിലെ ചാണക്യനായി അറിയപ്പെടുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ തന്നെയാണ് പവാര്‍ മലര്‍ത്തിയടിച്ചിരിക്കുന്നത്. ആ ഞെട്ടലില്‍ നിന്ന് കരകയറാന്‍ ബി.ജെ.പിക്ക് കുറച്ചു കാലം വേണ്ടി വരും.

മറാത്ത രാഷ്ട്രീയം കൈവെള്ളയിലെ രേഖകള്‍ പോലെ പരിചിതമാണ് പവാറിന്. അരനൂറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ശരദ് ഗോവിന്ദ റാവു പവാര്‍ ഉയര്‍ച്ചയും വീഴ്ചയും കണ്ടിട്ടുണ്ട്; മറ്റേതൊരു രാഷ്ട്രീയക്കാരനെയും പോലെ. മൂന്നു തവണ സംസ്ഥാന മുഖ്യമന്ത്രിയും കേന്ദ്രത്തില്‍ രണ്ടു തവണ മന്ത്രിക്കസേരയിലും ഇരുന്ന പവാര്‍ ഇന്ന് മഹാരാഷ്ട്രയിലെ ഏറ്റവും പരിചയ സമ്പന്നനായ നേതാവാണ്. പകരം വയ്ക്കാത്ത ആ രാഷ്ട്രീയ അനുഭസമ്പത്തിലാണ് എന്‍.ഡി.എ വിട്ടു വരുമ്പോള്‍ ശിവസേന വിശ്വസിച്ചത്. കളിയേറെക്കണ്ട ഈ മുന്‍ ക്രിക്കറ്റ് ഭരണാധികാരി ഒടുവില്‍ വിജയത്തിലേക്ക് സിക്‌സറടിച്ചിരിക്കുന്നു. അതിന്റെ ആഘോഷം ഇനി എത്ര നാള്‍ എന്നതു മാത്രമാണ് അവശേഷിക്കുന്ന ചോദ്യം.