ശ്രീകുമരന്‍ തമ്പി വിഷയത്തില്‍ വിശദീകരണവുമായി ജയ്ഹിന്ദ് ടിവി

ചാനല്‍ മേധാവികള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് വിശദീകരണമില്ല

ബോര്‍ഡ് യോഗത്തിന് മുമ്പ് പരമാവധി നേതാക്കളെ ചാക്കിലാക്കാന്‍ തീവെട്ടികള്‍

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: ജയ്ഹിന്ദ് ടി.വിക്ക് വേണ്ടി സീരിയല്‍ തയാറാക്കി കടക്കെണിയിലായയെന്നും ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരവാദികള്‍ വി.എം സുധീരനും എം.എം ഹസനുമായിരിക്കുമെന്നുമുള്ള ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം വാര്‍ത്തായ പശ്ചാത്തലത്തില്‍ വിശദീകരണക്കുറിപ്പുമായി ചാനല്‍ അധികൃതര്‍ രംഗത്തെത്തി.

ജയ്ഹിന്ദ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിന്റെ പൂര്‍ണരൂപം:

23.09.2013 ലാണ് ചട്ടമ്പിക്കല്യാണി എന്ന സീരിയല്‍ ജയ്ഹിന്ദ് ടിവിയില്‍ സംപ്രേഷണം തുടങ്ങിയത്. സംപ്രേഷണം തുടങ്ങി ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ പ്രസ്തുത സീരിയലിന്റെ സ്പോണ്‍സര്‍മാര്‍ പിന്മാറി. സ്പോണ്‍സര്‍മാര്‍ പിന്മാറിയതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായെങ്കിലും  ശ്രീകുമാരന്‍ തമ്പിയുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് അതുവരെ ചിത്രീകരിച്ച 65 എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യുകയാണ് ഉണ്ടായത്. ഇത് ചാനലിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. അതിനാലാണ് നിശ്ചിത  സമയത്തിനുള്ളില്‍ പണം നല്‍കാന്‍ കഴിയാതെ വന്നത്. അതേസമയം സീരിയലിന്റെ നിര്‍മ്മാതാവായ ശ്രീകുമാരന്‍ തമ്പിക്ക് ജയ്ഹിന്ദ് ടിവി തവണകളായി പണം നല്‍കുകയും ചെയ്തു.

ശ്രീകുമാരന്‍ തമ്പി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചാനല്‍ മാനേജ്മെന്റിനെ അറിയിച്ചതിനെത്തുടര്‍ന്ന് നവംബര്‍ മാസത്തില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ഓരോ മാസവും നിശ്വിത തുക നല്‍കാമെന്ന് ധാരണ ഉണ്ടാക്കുകയും ചെയ്തു. ഇതനുസരിച്ച് നവംബറിലും ഡിസംബറിലും തുക നല്‍കുകയും ചെയ്തു. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ചാനല്‍ മാനേജ്മെന്റ്  ശ്രീകുമാരന്‍ തമ്പിയുമായി ബന്ധപ്പെട്ടപ്പോള്‍ ചാനലുമായി ഉണ്ടാക്കിയ ധാരണയ്ക്ക് മുമ്പാണ് ഇപ്പോള്‍ ഒരു മാസികയില്‍ ഇതേപ്പറ്റി എഴുതിയ ശ്രീമതി കെ. ആര്‍ മീരയോട് താന്‍ ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ശ്രീകുമാരന്‍ തമ്പിയുമായുള്ള ധാരണ പൂര്‍ണമായും പാലിക്കാനാണ് ജയ്ഹിന്ദ് ടി.വി ശ്രമിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കെ ആര്‍ മീരയാണ് ശ്രീകുമാരന്‍ തമ്പി സുധീരന് അയച്ച കത്ത് പുറത്തുവിട്ടത്. 

ശ്രീകുമാരന്‍ തമ്പി അയച്ച കത്തിന്റെ പൂര്‍ണരൂപം:

“പ്രിയപ്പെട്ട വി എം സുധീരന്,

ജയ്ഹിന്ദ് ടിവി എന്റെ പരമ്പര സംപ്രേഷണം ചെയ്ത വകയില്‍ കരാര്‍ പ്രകാരം എനിക്ക് 26,96,640 രൂപ തരാനുള്ളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകള്‍ക്ക് മറുപടി അയക്കാനുള്ള മര്യാദപോലും താങ്കള്‍ കാണിച്ചിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ താങ്കള്‍ക്കും എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്. ഇന്നുവരെയുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വി എം സുധീരന്‍,എം.എം ഹസന്‍,കെ.പി മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍.”

അതേസമയം ശ്രീകുമാരന്‍ തമ്പി വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും ചാനല്‍ മേധാവികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ആരും ഒന്നും മിണ്ടുന്നില്ല. വൈഫൈറിപ്പോര്‍ട്ടര്‍ പുറത്തുവിട്ട വാര്‍ത്തിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളെയും ഡയറക്ടര്‍ ബോഡ് അംഗങ്ങളെയും ചാക്കിട്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ചാനലിലെ തീവെട്ടികൊള്ളക്കാരെന്ന് ജീവനക്കാര്‍ പറയുന്നു.

 

related news:

ജയ്ഹിന്ദ് ടി.വി കോണ്‍ഗ്രസിലെ വെള്ളാനയോ