ഹരിവരാസനത്തില്‍ തെറ്റുണ്ട്; തിരുത്തി പാടാന്‍ തയ്യാറെന്ന് യേശുദാസ്

ഹരിവരാസനത്തില്‍ അരുവിമര്‍ദ്ദനം എന്നല്ല. അരി, വിമര്‍ദ്ദനം എന്നാണ് പിരിച്ചു പാടേണ്ടത്. 

അയ്യപ്പന്റെ നിയോഗത്താല്‍ വീണ്ടും പാടാന്‍ അവസരം ലഭിച്ചാല്‍ തിരുത്താന്‍ പോകുന്നത് ഈ വാക്കാണ്. യേശുദാസ് പറയുന്നു. 

മദ്രാസില്‍ വെച്ച് അയ്യപ്പക്ഷേത്രത്തിലെ തന്ത്രിയാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് യേശുദാസ് പറയുന്നു. 

 

ശബരിമലയിലെ അയ്യപ്പനെ പാടിയുറക്കുന്ന ‘ഹരിവരാസന’ത്തില്‍ അരുവിമര്‍ദ്ദനമെന്നല്ല അരി, വിമര്‍ദ്ദനം എന്നാണ് പിരിച്ചാണ് പാടേണ്ടത്. അയ്യപ്പന്റെ നിയോഗത്താല്‍ ഹരിവരാസനം വീണ്ടും പാടാന്‍ അവസരം ലഭിച്ചാല്‍ തിരുത്താന്‍ പോകുന്നത് ഈ വാക്കാണെന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്.

‘അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്’ താന്‍ ചെന്നൈ അണ്ണാനഗര്‍ അയ്യപ്പന്‍ കോവിലില്‍ പാടാന്‍ പോയി. കുറേ കൊല്ലങ്ങളായി പാടുന്ന ക്ഷേത്രമാണത്. അവിടെ ചെന്നപ്പോള്‍ ക്ഷേത്ര തന്ത്രി എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചോണ്ടു പോയി. ഞങ്ങള്‍ രണ്ടാളും മാത്രം! അദ്ദേഹം എന്നെ നോക്കിയിട്ട് പറഞ്ഞു: ‘കുഞ്ഞേ ശ്രദ്ധിച്ചു കേള്‍ക്കണം. ഇതൊരു കുറ്റപ്പെടുത്തലല്ല. ഹരിവരാസനത്തില്‍ അരുവിമര്‍ദ്ദനം എന്ന് ചേര്‍ത്ത് പാടരുത്.’ അരി എന്നാല്‍ ശത്രു. വിമര്‍ദ്ദനം എന്നാല്‍ നിഗ്രഹം. ശത്രു നിഗ്രഹം എന്നര്‍ത്ഥം. അരുവിമര്‍ദ്ദനം എന്നല്ല, പിരിച്ച് അരി, വിമര്‍ദ്ദനം എന്ന് രണ്ടു വാക്കായേ ആലപിക്കാവൂ.

അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ ആ നിമിഷം തന്നെ ഹരിവരാസനം ഒരിക്കല്‍ കൂടി ആലപിച്ചു. അതാണ് ശരിയെന്ന് പറഞ്ഞ് അദ്ദേഹം അനുഗ്രഹിച്ചു. അദ്ദേഹത്തിന് വേണമെങ്കില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ആളാകാന്‍ വേണ്ടി എന്റെ തെറ്റ് തിരുത്താമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. അതാണ് ആ മഹാന്റെ മഹത്വം.’ അയ്യപ്പന്റെ നിയോഗത്താല്‍ വീണ്ടും ഹരിവരാസനം പാടാന്‍ അവസരം ലഭിച്ചാല്‍ തിരുത്താന്‍ പോകുന്നത് ഈ വാക്കായിരിക്കും. ഏറ്റവും ഒടുവില്‍ സന്നിധാനത്ത് പോയപ്പോള്‍ സോപാനത്തിനു സമീപം നിന്ന് താന്‍ ഹരിവരാസനം ആലപിച്ചത് ഈ തിരുത്തലോടെ ആയിരുന്നു എന്ന് കലാകൗമുദി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യേശുദാസ് ഇക്കാര്യം തുറന്നു പറഞ്ഞത്.

‘ഇത്രകാലം ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഹരിവരാസനം റെക്കോര്‍ഡ് ചെയ്തു കേള്‍ക്കുമ്പോള്‍ അതിനൊപ്പം പാടാനോ സന്ദര്‍ഭം ഉണ്ടായിട്ടില്ല. സന്നിധാനത്ത് നിന്നു കൊണ്ടുള്ള ആലാപനം മറക്കാനാവില്ല. സോപാനത്തിനരികില്‍ നിന്ന് ശ്രീകോവിലിലെ പൂജാ ചടങ്ങുകള്‍ ഓരോന്നായി നാം കാണുകയാണ്. അയ്യപ്പ വിഗ്രഹത്തില്‍ ഭസ്മലേപനം ചെയ്യുന്നതും മാല അണിയിക്കുന്നതും കൈകളില്‍ ദണ്ഡ് വെച്ചു കൊടുക്കുന്നതുമൊക്കെ അസാധ്യമായ അനുഭൂതി പകരുന്ന അനുഭവങ്ങളാണ്. ഒരു കുഞ്ഞിനെ കുളിപ്പിക്കുന്ന അമ്മയുടെ അതീവ ശ്രദ്ധ ഭസ്മലേപനം മുതല്‍ കാണാനാകും. കുഞ്ഞിന്റെ ദേഹത്ത് തൊടാതെ ടൗവ്വല്‍ കൊണ്ട് വെള്ളം ഒപ്പിയെടുക്കും പോലെ വളരെ ജാഗ്രതയോടെയാണ് ഭസ്മലേപനം. അതുകഴിഞ്ഞ് ഒരു തരി ഭസ്മം പോലും ഇളകാതെ മാലയിടുന്നു. അതാണ് ധ്യാനം. ഒരു അമ്മയെയും കുഞ്ഞിനെയുമാണ് അപ്പോള്‍ ഞാന്‍ കണ്ടത്. അപ്പോള്‍ ഞാന്‍ ഹരിവരാസനം പാടിയത് ഹൃദയം പൊട്ടി കൊണ്ടാണ്. അതുപക്ഷേ ആര്‍ക്കും കേള്‍ക്കാനാവില്ലല്ലോ. എന്നാല്‍ ഞാന്‍ പണ്ടു പാടിയത് മൈക്കിലൂടെ ഭക്തര്‍ കേള്‍ക്കുന്നുണ്ട്.’

താന്‍ എത്ര പാട്ടു പാടിയിട്ടുണ്ടെന്ന് കണക്കില്ലെന്നും യേശുദാസ് പറഞ്ഞു. എസ്. ജാനകിയെ അനുകരിച്ച് താന്‍ കുറേക്കാലം മുമ്പ് ഇതൊക്കെ ഡയറിയില്‍ കുറിച്ചുവെയ്ക്കുമായിരുന്നു. പക്ഷേ അത്ഭുതമെന്നു പറയട്ടെ! ഒന്നുകില്‍ ഡയറി കാണാതാവും, അല്ലെങ്കില്‍ പാടിയ പാട്ട് വീണ്ടും റെക്കോര്‍ഡ് ചെയ്യേണ്ടി വരും. പലവട്ടം ഇത് ആവര്‍ത്തിച്ചപ്പോള്‍ ഈ പണി വേണ്ടെന്ന് തീരുമാനിച്ചു. അതോടെ കണക്കെഴുത്തും നിന്നുവെന്ന് അദ്ദേഹം പറയുന്നു.