ജി.ഡി.പി വെറും നമ്പറല്ല, തൊഴിലില്ലാതാകുന്നത് ദശലക്ഷക്കണക്കിന് പേര്‍ക്ക്

ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ് ഇപ്പോള്‍. വെള്ളിയാഴ്ച കേന്ദ്ര സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് സമ്പദ് മേഖലയുടെ ദുര്‍ബലാവസ്ഥ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട്. 2018-19ല്‍ ഇതേ വേളയില്‍ 7.1 ശതമാനം വളര്‍ച്ച കൈവരിച്ച ഘട്ടത്തില്‍ നിന്നാണ് ജി.ഡി.പിയില്‍ കുത്തിനെയുള്ള ഇടിവുണ്ടാകുന്നത്.

ഒരു നിശ്ചിത പ്രദേശത്ത് പ്രത്യേകം കാലയളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി എന്നു പറയുന്നത്. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അളക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം അതിന്റെ ജി.ഡി.പിയാണ്. ജി.ഡി.പി കുറയുന്നു എന്നതിന്റെ അര്‍ത്ഥം രാജ്യത്തെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ കുറയുന്നു. അതു മൂലം തൊഴില്‍ ഇല്ലാതാകുന്നു എന്നതാണ്.

തൊഴില്‍ വര്‍ദ്ധിക്കുമ്പോള്‍ ഉത്പാദനം വര്‍ദ്ധിക്കുന്നു, ഇതുകാരണം ജി.ഡി.പി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ജി.ഡി.പിയിലെ ഒരു ശതമാനം വീഴ്ച ഒന്നര ലക്ഷം കോടിയുടെ ദേശീയ വരുമാനം ഇല്ലാതാക്കുകയും പത്തു ലക്ഷം പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തുകയും ചെയ്യും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇതു പരിഗണിക്കുമ്പോള്‍ ഒരു വര്‍ഷത്തിനിടെ മാത്രം മുപ്പത് ലക്ഷത്തിലേറെ ആളുകള്‍ക്കാണ് രാജ്യത്ത് തൊഴില്‍ നഷ്ടമായിട്ടുള്ളത്. 2018 ലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.6 ശതമാനത്തിന്റെ കുറവാണ് ജി.ഡി.പിയില്‍ ഉണ്ടായിട്ടുള്ളത്. അത്രയും തൊഴില്‍ ഇല്ലാതായി, അത്രയും ഉപഭോഗം കുറഞ്ഞു എന്നര്‍ത്ഥം.

ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം വളര്‍ച്ചയാണ് ഇപ്പോഴത്തേത്. 2012-13 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തിലെ വളര്‍ച്ചയായിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും കുറവ്; 4.3 ശതമാനം. ഈ വര്‍ഷം തുടര്‍ച്ചായ രണ്ടാം പാദത്തിലും വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി. ആദ്യ പാദത്തില്‍ അഞ്ചു ശതമാനമായിരുന്നു വളര്‍ച്ച. 2017-18ലെ നാലാം പാദത്തില്‍ 8.1 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച അവിടെ നിന്നാണ് തുടര്‍ച്ചായ പാദങ്ങളില്‍ വളര്‍ച്ച താഴോട്ടു പോയത്. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് ശരാശരി സാമ്പത്തിക വളര്‍ച്ച 8.13 ശതമാനമായിരുന്നു. 2013ല്‍ 6.39 ശതമാനവും. ഇതാണ് ഇപ്പോള്‍ അഞ്ചിനും താഴേക്കു പോയിട്ടുള്ളത്. മൂന്നു വര്‍ഷം കൊണ്ടാണ് ഇത്രയും വലിയ താഴ്ച എന്നതാണ് ഏറെ ശ്രദ്ധേയം. ഇക്കാലയളവിലാണ് നോട്ടുനിരോധനവും ജി.എസ്.ടിയും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഇവ രണ്ടും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്ന് നിരവധി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വളര്‍ച്ചാ നിരക്കിലെ വ്യത്യാസം

ജി.ഡി.പി കുറയുമ്പോള്‍ ഇന്ത്യയുടെ ധനക്കമ്മി കൂടുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. അതിനര്‍ത്ഥം ബാങ്കുകള്‍ ദുര്‍ബലാവസ്ഥയിലേക്ക് പോകുന്നു എന്നതും. അതോടൊപ്പം ഡോളറിനെതിരെയുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറയുകയും പണപ്പെരുപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ജി.ഡി.പി കുറഞ്ഞപ്പോള്‍ തന്നെ നിര്‍മാണ വളര്‍ച്ചയില്‍ ഒരു ശതമാനവും വ്യവസായ വളര്‍ച്ചയില്‍ 0.46 ശതമാനവും മൈനസ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കാര്‍ഷിക വളര്‍ച്ചയില്‍ കൈവരിക്കാനായത് രണ്ടു ശതമാനം വളര്‍ച്ച മാത്രം. എട്ട് കോര്‍ വ്യവസായ മേഖലയിലെ വളര്‍ച്ച താഴോട്ടു പോകുന്നത് സര്‍ക്കാറിന് തലവേദനയാണ്. ഇതില്‍ റിഫൈനറി, രാസവളം മേഖല മാത്രമാണ് പോസിറ്റീവ് വളര്‍ച്ച കാണിച്ചിട്ടുള്ളത്. യഥാക്രമം 0.4, 11.8 ശതമാനം. കല്‍ക്കരി മേഖലയില്‍ -17.6 ശതമാനവും അസംസ്‌കൃത എണ്ണയില്‍ 5.1 ശതമാനവും മൈനസ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രകൃതിവാതകത്തില്‍ -5.7ശതമാനം വളര്‍ച്ചയും ഉരുക്കില്‍ -1.6 ശതമാനം വളര്‍ച്ചയുമാണ് ഉണ്ടായത്. സിമന്റില്‍ അത് മൈനസ് 7.7 ശതമാനവും വൈദ്യുതി മേഖലയില്‍ മൈനസ് 12 ശതമാനവുമാണ്. രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലകളുടെ വളര്‍ച്ച മോശം നിലയില്‍ തുടരുന്നത് സര്‍ക്കാറിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വളര്‍ച്ചാ മുരടിപ്പിനെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ വേണ്ടത്ര ഫലം ചെയ്യുന്നില്ല എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.