തൃശൂരില്‍ രണ്ടിടങ്ങളിലായി വാഹനാപകടം; നാലു പേര്‍ മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. പീച്ചി വാണിയംപാറയില്‍ നിയന്ത്രണംവിട്ട കാര്‍ കുളത്തില്‍ വീണ് ദമ്പതികളും പെരിഞ്ഞനത്ത് സ്‌കൂട്ടറില്‍ അഞ്ജാത വാഹനമിടിച്ച് രണ്ട് വിദ്യാര്‍ഥികളുമാണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് രണ്ട് അപകടങ്ങളുമുണ്ടായത്. പീച്ചി വാണിയംപാറയില്‍ നിയന്ത്രണവിട്ട കാര്‍ കുളത്തിലേക്ക് വീണാണ് അപകടമുണ്ടായത്. എറണാകുളം തൃപ്പുണിത്തുറ സ്വദേശി ബെന്നി ജോര്‍ജ്, ഇദ്ദേഹത്തിന്റെ ഭാര്യ ഷീല എന്നിവരാണ് മരണപ്പെട്ടത്. ഫയര്‍ഫോഴ്‌സ് സംഘം നീണ്ട നേരം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാര്‍ ഡ്രൈവറെ പരിക്കുകളോടെ പീച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീച്ചി വാണിയംപാരയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് സമീപത്തെ കുളത്തിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് വീണത്.എറണാകുളം ആലുവ സ്വദേശികളായ ദില്‍ജിത്ത്, ശ്രീമോന്‍ എന്നിവരാണ് പെരിഞ്ഞനത്തുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. ഇരുവരെയും നാട്ടുകാര്‍ കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ