ജൂബിലിയുടെ പേരില്‍ സെന്റ് തോമസ് സ്‌കൂളില്‍ പിടിച്ചുപറി

നോട്ട്ക്ഷാമത്തിനിടെ മാര്‍ത്തോമ്മ സൊസൈറ്റിയുടെ തീവെട്ടിക്കൊള്ള

പിരിവു തന്നില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണി

അധ്യാപകര്‍ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്നു

തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ സെന്റ് തോമസ് സ്‌കൂളില്‍ സുവര്‍ണ്ണ ജൂബിലിയുടെ മറവില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധിത പിരിവും ഭീഷണിയും. മാര്‍ത്തോമ്മ ചര്‍ച്ച് എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള ഈ ്‌സ്‌കൂളില്‍ ഏതാണ്ട് പതിനായിരത്തിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. സൊസൈറ്റി 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഓരോ കുട്ടിയില്‍ നിന്നും 2000 രൂപ വീതമാണ് പിരിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം, ഭവനരഹിതരായ കുട്ടികള്‍ക്ക് വീട് തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പണം പിരിക്കുന്നതെന്നാണ് സൊസൈറ്റിയുടെ അവകാശവാദം. നിര്‍ബന്ധിത പിരിവല്ല എന്ന് സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് പണം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും പണം നല്‍കാത്തവരുടെ വീടുകളില്‍ രക്ഷകര്‍ത്താക്കളെ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്യുന്നത്. വന്‍ വിവാദമായിരിക്കുകയാണ്. ഡിസംബര്‍ പത്തിനകം പണം നല്‍കണമെന്നായിരുന്നു ആദ്യം നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്.

school-letterനോട്ട് ക്ഷാമം രൂക്ഷമായതോടു കൂടി പിരിവിന്റെ തീയതി നീട്ടിയെങ്കിലും ഉദ്ദേശിച്ചത്ര പണം ലഭിക്കാതായതോടെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ക്ലാസില്‍ നിന്ന് ഇറക്കി നിര്‍ത്തുമെന്നുമാണ് അധ്യാപകരുടെ ഭീഷണി. ഇതിനു പുറമെയാണ് രക്ഷിതാക്കളുടെ മേലുള്ള അധ്യാപകരുടെ ഭീഷണിയും സമ്മര്‍ദ്ദവും. 10, 12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ ഈ സമ്മര്‍ദ്ദവും ഭീഷണിയും ഗുരുതരമായ മാനസിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഒരു രക്ഷിതാവ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. നോട്ട് നിരോധനം മൂലം സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന മധ്യവര്‍ഗ്ഗക്കാരായ രക്ഷിതാക്കളോടാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭീഷണി. 50 കോടിയിലധികം രൂപ നീക്കിയിരിപ്പുള്ള ഈ സൊസൈറ്റിയാണ് ജീവകാരുണ്യത്തിന്റെ പേരില്‍ വീണ്ടും വീണ്ടും രക്ഷിതാക്കളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിക്കുന്നത്. എന്ത് മാര്‍ഗ്ഗം ഉപയോഗിച്ചും കുട്ടികളില്‍ നിന്ന് പണം പിരിക്കുമെന്ന നിലപാടിലാണ് സൊസൈറ്റിയിലെ നേതാക്കള്‍. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിലപാടിനെതിരെ നഗരത്തിലുള്ള മാര്‍ത്തോമ്മ ദേവാലയങ്ങളില്‍ അംഗങ്ങളായിട്ടുള്ള രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വരാന്‍ തയ്യാറെടുക്കുകയാണ്. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട ചില വ്യക്തികളുടെ സ്ഥാപിത താല്‍പര്യത്തിനു വേണ്ടിയാണ് ഈ നിര്‍ബന്ധിത പിരിവാണെന്നാണ് ആക്ഷേപം. ന്യൂനപക്ഷ അവകാശത്തിന്റെ മറവില്‍ നടത്തുന്ന തീവെട്ടിക്കൊള്ളക്കെതിരെ സംസ്ഥാന വിദ്യാഭ്യാസവകുപ്പിലും മനുഷ്യാവകാശകമ്മീഷനിലും പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് ഒരു പറ്റം രക്ഷിതാക്കള്‍.