സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അധികാര കേന്ദ്രീകരണം: മോദിയെ നിയന്ത്രിക്കുന്നത് ചുറ്റുമുള്ളവർ; രഘുറാം രാജന്‍

മോദി സർക്കാറിനെതിരെ തുറന്നടിച്ച് റിസർവ് ബാങ്ക് മുൻ ​ഗവർണർ രഘുറാം രാജന്‍. ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധി മൂടിയിരിക്കുകയാണെന്നും ഇതിന്കാരണം പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും മാത്രം ചുറ്റിപ്പറ്റി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. തീരുമാനങ്ങള്‍ മാത്രമല്ല, ആശയരൂപീകരണവും പദ്ധതികളും ഇങ്ങനെയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ പരിഹരിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും പരിഹരിക്കാനാവാത്ത രീതിയിലേക്ക് പ്രശ്‌നങ്ങള്‍ പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിന്നുണ്ട്. സര്‍ക്കാരിന്റെ പല നയങ്ങളും ദീര്‍ഘകാല സാമ്പത്തിക കാഴ്ചപ്പാടുകള്‍ ഇല്ലാത്തവയാണ്. അത് പാര്‍ട്ടിയുടെ രാഷ്ട്രീയ, സാമൂഹ്യ അജണ്ടയ്ക്കു നല്ലതാണ്. എന്നാല്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ചുറ്റിപ്പറ്റി നില്‍ക്കുന്നയാളുകള്‍ക്ക് സാമ്പത്തിക പരിഷ്‌കരണങ്ങളെപ്പറ്റി കൃത്യമായ ധാരണയില്ല.

സംസ്ഥാനതലത്തില്‍ എന്നതിനേക്കാള്‍, ദേശീയതലത്തില്‍ സമ്പദ് വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ച് ഇവര്‍ക്കറിയില്ല. സര്‍ക്കാരിന്റെ രാഷ്ട്രീയ, സാമൂഹ്യ അജണ്ടയ്ക്കാണ് സാമ്പത്തിക ലക്ഷ്യങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. വളര്‍ച്ചയ്ക്കു രണ്ടാമതു മാത്രമാണു പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻെറ വളര്‍ച്ച ഓരോ പാദത്തിലും താഴുന്നത് വളര്‍ച്ചാ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ പ്രധാന കാരണം അധികാര കേന്ദ്രീകരണം പ്രധാനമന്ത്രിയുടെ ഓഫീസിലായത് കൊണ്ടാണ്. മൂലധനം, ഭൂമി, തൊഴില്‍ വിപണി, നിക്ഷേപം എന്നിവയില്‍ പരിഷ്‌കരണങ്ങള്‍ വന്നാല്‍ മാത്രമേ ഇന്ത്യയുടെ സമ്പദ് മേഖല വളര്‍ച്ച കൈവരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണ രീതി പാര്‍ട്ടിയിലും മറ്റ് സാമൂഹിക കാര്യങ്ങളിലും നടക്കും. എന്നാല്‍ അതൊരിക്കലും സാമ്പത്തിക കാര്യങ്ങളില്‍ നടപ്പാക്കാന്‍ സാധിക്കുന്ന ഒന്നല്ല. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഒരു നേതാവിനെ പിന്തുടരാന്‍ പാര്‍ട്ടി നേതാക്കള്‍ ബാധ്യസ്ഥരാണ്. അത് ബിജെപിക്ക് എളുപ്പമാണ്. പക്ഷേ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഈ രീതിയിലേക്ക് ജനങ്ങള്‍ എത്തുക പ്രയാസമാണ്.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു തന്നെ ‘മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്’ എന്നത് ഉയര്‍ത്തിക്കാട്ടിയാണ് എന്നാല്‍ ഇപ്പോഴിതു മറന്നുവെന്നാണു തോന്നുന്നത്. സര്‍ക്കാര്‍ കുറച്ചുകൂടി ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം. ജനങ്ങളെ മാത്രമല്ല, സ്വകാര്യ മേഖലയെക്കൂടി എന്തെങ്കിലും ചെയ്യാന്‍ അനുവദിക്കണം. യുപിഎ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ അവര്‍ സഖ്യമായിട്ടാണ് ഭരിച്ചത്. പക്ഷേ സാമ്പത്തിക ഉദാരവത്കരണത്തിനാണ് അവര്‍ എപ്പോഴും ശ്രമിച്ചിരുന്നത്. എന്നാല്‍ ഭൂരിപക്ഷമുണ്ടായിട്ടും ഇപ്പോഴത്തെ സര്‍ക്കാര്‍ കടുത്ത അധികാര കേന്ദ്രീകരണമാണ് നടത്തുന്നത്. ദീര്‍ഘ വീക്ഷണമുള്ള മന്ത്രിമാരുടെ അഭാവവും ഈ സര്‍ക്കാരിനുണ്ട്. മോദി ആദ്യം ചെയ്യേണ്ടത് പ്രശ്‌നത്തെ അംഗീകരിക്കലാണ്. വിമർശനങ്ങളെ രാഷ്ട്രീയപ്രേരിതമെന്ന് മുദ്ര കുത്താതിരിക്കല്‍ വളരെ പ്രധാനമാണ്. സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികമാണെന്ന് വിശ്വസിക്കാതിരിക്കുക, സര്‍ക്കാര്‍ വിരുദ്ധമായി വരുന്ന വാര്‍ത്തകളെ മൂടിവെക്കാനോ സര്‍വേകളെ ഇല്ലാതാക്കാനോ ശ്രമിക്കേണ്ടതില്ല. ഇന്ത്യ വലിയ പ്രതിസന്ധിയെ തന്നെയാണ് അഭിമുഖീകരിക്കുന്നത്. ഗ്രാമീണ മേഖല തകര്‍ന്നിരിക്കുന്നു. 2024ഓടെ അഞ്ച് ട്രില്യണ്‍ സാമ്പത്തിക വളർച്ചയെന്ന സര്‍ക്കാരിന്റെ വാദം യാഥാര്‍ത്ഥ്യങ്ങൾക്ക് വിരുദ്ധമാണെന്നും അതിന് ഒമ്പത് ശതമാനം വളര്‍ച്ചയെങ്കിലും വേണ്ടി വരുമെന്നും രഘുറാം രാജന്‍ കൂട്ടിച്ചേർത്തു.