ഉപതെരഞ്ഞെടുപ്പ് തോല്‍വി: കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടരാജി, സിദ്ധരാമയ്യക്ക് പിന്നാലെ ദിനേശ് ഗുണ്ടുറാവുവും രാജിവച്ചു

ബംഗളൂരു: ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വച്ചതിന് പിന്നാലെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ദിനേശ് ഗുണ്ടുറാവുവും രാജി സമര്‍പ്പിച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കുയാണ് എന്ന് ദിനേശ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

തന്റെ രാജി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചതായി സിദ്ധരാമയ്യ വ്യക്തമാക്കി. രാജിക്കത്തിന്റെ കോപ്പി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനും കെ.പി.സി.സി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിനും അയച്ചിട്ടുണ്ട്.

‘കുതിരക്കച്ചവടത്തില്‍ ഉള്‍പ്പെട്ട എം.എല്‍.എമാരെ ജനം നിരാകരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. ജനാധിപത്യ മൂലം ഉള്‍ക്കൊണ്ട് അയോഗ്യരായ എം.എല്‍.എമാരെ ജനം ശിക്ഷിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല’ – അദ്ദേഹം പറഞ്ഞു. 15 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12 ഇടത്തും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്.

രണ്ടിടത്ത് കോണ്‍ഗ്രസും ഒന്നില്‍ സ്വതന്ത്രരുമാണ് ജയിച്ചത്. ജെഡിഎസ് ചിത്രത്തില്‍ പോലുമില്ല. കഴിഞ്ഞ തവണ വിജയിച്ച 10 സീറ്റുകളാണ് കോണ്‍ഗ്രസിന് നഷ്ടമായത്. സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഭരണം നിലനിര്‍ത്താന്‍ ആറു സീറ്റ് വേണമെന്നായിരുന്ന ബിജെപി വിജയത്തോടെ ഭരണസ്ഥിരത ഉറപ്പിച്ചു. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്താണ് ബിജെപിയുടെ മുന്നേറ്റം.