ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍;പൗരത്വബില്‍ കീറിയെറിഞ്ഞ് ഉവൈസി

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ കീറിയെറിഞ്ഞ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ബില്‍ ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതിന് തുല്യമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഉവൈസിയുടെ പ്രതിഷേധം. ‘ഭരണഘടനയുടെ ആമുഖം ഉണ്ടാക്കുമ്പോള്‍, അത് ആരംഭിക്കുന്നത് ദൈവത്തിന്റെ പേരിലല്ല. ഇന്നും അന്നുമുള്ള വ്യത്യാസം നോക്കൂ. ഇപ്പോള്‍ നമ്മള്‍ ഒരു നിയമം ഉണ്ടാക്കുന്നു. പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്റ്ററും ബന്ധമുള്ളതാണ്. രണ്ടും മുസ്‌ലിംകളെ രാജ്യരഹിതരാക്കുന്നു’ – ഉവൈസി പറഞ്ഞു. ഇത് ഹിറ്റ്‌ലറുടെ നിയമത്തേക്കാള്‍ മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിനിടെ, ബില്ലില്‍ എന്തു കൊണ്ട് മുസ്‌ലിംകളെ കൂടി ഉള്‍പ്പെടുത്തിക്കൂടാ എന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ ചോദിച്ചു. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്തേണ്ടതുണ്ടെന്നും അകാലിദള്‍ അംഗം സുഖ്ബിര്‍ സിങ് ബാദല്‍ പറഞ്ഞു.

സഭയില്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ്, എസ്.പി,ബി.എസ്.പി, മുസ്‌ലിംലീഗ്, സി.പി.എം, എന്‍.സി.പി എന്നീ കക്ഷികള്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണ്. അതേസമയം, ചിരാഗ് പാസ്വാന്റെ എല്‍.ജെ.എസ്.പിയും നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, മേഘാലയ എന്നിവിടങ്ങളില്‍ നിന്നുള്ള എം.പിമാരും ബില്ലിനെ അനുകൂലിക്കുകയാണ്. ബില്ലിനെ എതിര്‍ത്ത എന്‍.സി.പിയുടെ സുപ്രിയ സുലെ, രാജ്യത്തെ മുസ്‌ലിംകള്‍ ഭീതിയിലാണെന്നും അഭയം തേടി വന്ന മതരഹിതനെ എന്തു ചെയ്യുമെന്നും ചോദിച്ചു. ആഭ്യന്തര മന്ത്രി പറഞ്ഞത് തനിക്ക ബോദ്ധ്യപ്പെട്ടിട്ടില്ല. ഇത് സുപ്രിംകോടതിയില്‍ നിലനില്‍ക്കില്ല. ബില്‍ പിന്‍വലിക്കാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു-സുലെ പറഞ്ഞു. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണയ്ക്കുമെന്ന് നിതീഷ് കുമാറിന്റെ ജെ.ഡി.യുവും വൈ.എസ്.ആറും വ്യക്തമാക്കി.