ഈ സര്‍ക്കാറിന് മതഭ്രാന്തു പിടിച്ചു- പൗരത്വ ബില്ലില്‍ ആഞ്ഞടിച്ച് തരൂര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ നരേന്ദ്രമോദി സര്‍ക്കാറിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്കു തന്നെ അറിയില്ലെന്നും സര്‍ക്കാറിന് മതഭ്രാന്ത് പിടിച്ചെന്നും തരൂര്‍ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യന്‍ ശാസ്ത്രജ്ഞരും എഴുത്തുകാരും ഒപ്പുവെച്ച പ്രസ്താവന ഷെയര്‍ ചെയ്യവെ, ട്വിറ്ററിലാണ് തരൂരിന്റെ പ്രതികരണം. ആയിരം ശാസ്ത്രജ്ഞര്‍ ബില്ലിനെതിരെ ഒപ്പുവച്ച പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും, എന്നാല്‍ മതഭ്രാന്ത് പിടിച്ച ഈ സര്‍ക്കാര്‍ അതു ശ്രദ്ധിക്കുമോ എന്നും തരൂര്‍ ചോദിച്ചു. അവര്‍ (ബി.ജെ.പി) ഉദ്ദേശിക്കുന്നതിനെയാണ് നാം എതിര്‍ക്കുന്നത്. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് തന്നെ അറിയില്ല എന്നതല്ല ഇത്- തരൂര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ, ബില്ലിനെതിരെ തരൂര്‍ ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശമായ സമത്വത്തിന് നേരെയുള്ള കടന്നു കയറ്റമാണ് ബില്‍ എന്നാണ് തരൂര്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്. നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണ് എന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആറു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിശ്വാസികള്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. മുസ്ലിം സമുദായത്തിന് ബില്ലിന്റെ ആനുകൂല്യം ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ബില്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു.