കർണാടകയിൽ ഇനി ഡി.കെ യു​ഗം ?

മഹാരാഷ്ട്രയിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താനായെങ്കിലും കർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതോടെ വലിയ പ്രതിസന്ധിയാണ് കോൺ​ഗ്രസ് നേരിടുന്നത്. കോൺ​ഗ്രസ്- ജെഡിഎസ് സർക്കാറിനെ അട്ടിമറിച്ച ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റി നിർത്താനുള്ള അവസാന അവസരമാണ് ഇരുകൂട്ടർക്കും കർണാടകയിൽ നഷ്ടപ്പെട്ടതും. സംസ്ഥാനത്തെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ദിനേശ് ഗുണ്ടുറാവുവും രാജിവെച്ചതോടെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ് കോൺ​ഗ്രസ്. ഇതിനെ മറികടക്കാനുള്ള ആലോചനകൾ ഡി.കെ ശിവകുമാറിലെത്തിയിരിക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ.

കർണാടക കോൺ​ഗ്രസിൻെറ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിലവിൽ യോജിച്ചയാൾ ഡി.കെ ശിവകുമാർ തന്നെയാണെന്നാണ് നേതൃത്വം കണക്കു കൂട്ടുന്നത്. സംസ്ഥാനത്ത് ശിവകുമാറിനുള്ള സ്വീകാര്യതയിലാണ് നേതൃത്വത്തിൻെറ കണ്ണ്. ആരോ​ഗ്യപരമായ ചില പ്രശ്നങ്ങളുണ്ടെങ്കിലും ശിവകുമാറിനെ പോലെയുള്ള ഒരു നേതാവിന് മാത്രമേ സംസ്ഥാത്ത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനാവൂവെന്നാണ് നേതൃത്വത്തിൻെറ അനുമാനം. നിലവിലെ സാഹചര്യത്തിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മറ്റു പേരുകൾ ഉയർന്നുവരാനുള്ള സാദ്ധ്യതകളും നേതൃത്വം തള്ളിക്കളയുന്നുണ്ട്. പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയ്ക്ക് സ്വീകരിക്കുമെന്ന് നേരത്തെ തന്നെ ശിവകുമാർ പ്രതികരിച്ചിരുന്നു. ജയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വേണ്ടി സജീവമായി തന്നെ ശിവകുമാർ രം​ഗത്തെത്തിയിരുന്നു. തോൽവിയിൽ പ്രതികരിച്ച അദ്ദേഹം ആളുകൾ സ്വീകരിച്ചത് കൂറുമാറിയ ചതിയന്മാരെയാണെന്നും നിരാശയില്ലെന്നുമായിരുന്നു വാർത്ത ഏജൻസിയോട് പ്രതികരിച്ചത്.