‘അമ്മ’ തന്നെ കേൾക്കുമെന്നും കൂടെ നിൽക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും നടൻ ഷെയ്ൻ നിഗം

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ തന്നെ കേൾക്കുമെന്നും കൂടെ നിൽക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും നടൻ ഷെയ്ൻ നിഗം. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ ഷെയ്ൻ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയമെന്നും നടൻ പറഞ്ഞു. ഒത്തു തീര്‍പ്പിനു പോകുമ്പോ അവിടെ എന്താ സംഭവിക്കുന്നത്. അവിടെ കൊണ്ടിരുത്തും. നമ്മുടെ ഭാഗം കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലെയിരുന്നു പറയും. പറയുന്നതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം.

ചർച്ചയ്ക്ക് ശേഷം വീണ്ടും ചിത്രീകരണത്തിനായി പോയപ്പോൾ, നിർമാതാവല്ല മറിച്ച് സംവിധായകനും ക്യാമറാമാനുമായിരുന്നു തന്നെ ബുദ്ധിമുട്ടിച്ചതെന്നും അതിന് തന്റെ പക്കൽ തെളിവുകളുണ്ടെന്നും ഷെയ്ൻ പറഞ്ഞു. താൻ പറയുന്നത് നിർമാതാക്കൾ കേൾക്കാൻ തയ്യാറാകുന്നില്ലെന്നും ഷെയ്ൻ ആരോപിച്ചു. നിർമാതാക്കൾ ചെയ്യാനുള്ളതൊക്കെ ചെയ്യും. എന്നിട്ട് വാർത്താസമ്മേളനത്തിൽ അവർ ഖേദമറിയിച്ചേക്കും. അതുകൊണ്ട് എന്താ കാര്യമെന്നും ഷെയ്ൻ ചോദിച്ചു. അതിനിടെ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മ എക്സിക്യൂട്ടീവ് ഉടന്‍ ചേരും. ഷെയ്ന്‍ നിഗവും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ