സന്നാ മാരിന്‍; 34ാം വയസിൽ പ്രധാനമന്ത്രി പദത്തിലേക്ക്

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി പദവിയേൽക്കാനരുങ്ങി ഫിന്‍ലന്‍റുകാരി സന്നാ മാരിന്‍. പ്രധാനമന്ത്രിയായിരുന്ന അന്റി റിന്നെയുടെ രാജിയെ തുടര്‍ന്നാണ് ഗതാഗതമന്ത്രിയായ 34കാരി സന്നാ മാരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. സന്ന ചുമതല ഏൽക്കുന്നതോടെ ലോകത്ത് നിലവില്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും ഇവർ. യുക്രൈന്‍ പ്രധാനമന്ത്രി 35കാരി ഒലെക്‌സി ഹൊന്‍ചരുകിന്റെ റെക്കോര്‍ഡാണ് സന മാറ്റി എഴുതിയത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ഇവരുടെ മുഴുവൻ പേര് സന്ന മിറെല്ല മാരിൻ എന്നാണ്. സ്വരവർ​ഗ ദമ്പതികളുടെ മകളാണ് സന്ന 2012-ല്‍ ടാംപേര്‍ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് ഫിന്‍ലന്‍ഡ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

ഞാനൊരിക്കലും എന്റെ പ്രായത്തെ കുറിച്ചോ ലിംഗത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല. വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി ഞങ്ങള്‍ക്ക് ഒരുപാട് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.– നിയുക്ത പ്രധാനമന്ത്രിയായ സന്ന മാദ്ധ്യമങ്ങളോട് പറഞ്ഞു. 2013 മുതല്‍ 2017 വരെ സിറ്റി കൗണ്‍സില്‍ ചെയര്‍പേഴ്സണായി ചുമതല വഹിച്ച സന്നാ പിന്നീട് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമാണ്. ഫിന്‍ലന്‍ഡിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രികൂടിയാവുകയാണ് സന്ന.