പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി; ഭേദഗതികൾ തള്ളി

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്.ബില്ല് പാസാക്കിയതിന് പിന്നാലെ എംപിമാർ അമിത് ഷായെ സീറ്റിലെത്തി അഭിനന്ദിച്ചു. കടുത്ത ഭരണ – പ്രതിപക്ഷ വാക്‌പോരിനൊടുവിലായിരുന്നു ബില്ല് ലോക്‌സഭ പാസാക്കിയത്.

കുഞ്ഞാലിക്കുട്ടിയൊഴികെയുള്ളവർ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിടാതെ തന്നെ തള്ളുകയായിരുന്നു. ബുധനാഴ്ച ബില്ല് രാജ്യസഭയിലെത്തും. രാജ്യസഭയിൽ ബി.ജെ.പിയുടെ 81 ഉം ജെഡിയുവിൻറെ 6 ഉം അകാലിദളിൻറെ 3 ഉം മറ്റു ചെറുപാർട്ടികളുടെയും അംഗങ്ങൾ ചേരുമ്പോൾ എൻ.ഡി.എയ്ക്ക് 102 പേരുടെ പിന്തുണയുണ്ട്. കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എയ്ക്ക് 63 എം.പിമാർ. തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉൾപ്പെടെ ഇരുമുന്നണികളിലുമില്ലാത്ത 39 അംഗങ്ങൾ. എന്നാൽ ഇവർ ബില്ലിനെ എതിർക്കുന്നവരാണ്. എന്നാൽ, ബി.ജെ.ഡി, ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ്, ശിവസേന എന്നിവർ സർക്കാരിന് പ്രതീക്ഷനൽകുന്നുണ്ട്.ഇന്നും നാളെയും നിർബന്ധമായും സഭയിൽ ഹാജരാകണമെന്ന് നിർദേശിച്ച് പാർട്ടി എം.പിമാർക്ക് ബി.ജെ.പി വിപ്പ് നൽകിയിട്ടുണ്ട്.

പൗരത്വ ബില്ലിനെ ജെഡിയു പിന്തുണച്ചതിൽ പാർട്ടി ദേശീയ ഉപാധ്യക്ഷൻ പ്രശാന്ത് കിഷോർ അതൃപ്തി വ്യക്തമാക്കി. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകഴിക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ആറു വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി മതവിശ്വാസികൾക്ക് രേഖകൾ ഒന്നുമില്ലെങ്കിലും ഇന്ത്യൻ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. മുസ്ലിം സമുദായത്തിന് ബില്ലിന്റെ ആനുകൂല്യം ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.