‘രാജ്യത്തിന് വേണ്ടി വീടും കുടുംബവും ത്യജിച്ചവനാണ് ഞാന്‍’: ഗദ്ഗദത്തോടെ മോഡി

നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ വികാരധീനനായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. തനിക്കുളളതെല്ലാം രാജ്യത്തിനുവേണ്ടി ഉപേക്ഷിതാണെന്നും കസേരയ്ക്ക് വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ താനൊരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ മോഡി ഗോവയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തറക്കല്ലിട്ടശേഷം സംസാരിക്കുമ്പോഴാണ് വികാരധീനനായത്.

അഴിമതിക്കെതിരെ പോരാടാനായിട്ടാണ് ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ കള്ളപ്പണവും അഴിമതിയും തടയുകയാണ് ലക്ഷ്യം. നവംബര്‍ എട്ടിനുശേഷം രാജ്യത്ത് ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. എല്ലാ ബിനാമി ഇടപാടുകളും പരിശോധിക്കും. പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവെക്കാനില്ല. അഴിമതിക്കെതിരെയുളള സര്‍ക്കാരിന്റെ പോരാട്ടം തുടരും. ചെറിയ തുകയുടെ നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമാണ്. ജനങ്ങള്‍ ഇക്കാര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. പണം ലഭിക്കാനായി തുടര്‍ച്ചയായി ബാങ്കിലേക്ക് ജനങ്ങള്‍ പോകേണ്ടതില്ല. ഇന്ത്യയിലെ അവസാനത്തെ കള്ളപ്പണവും കണ്ടെത്തേണ്ടത് രാജ്യത്തിന്റെ ചുമതലയാണ്. ബിനാമികളെ ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചവരെ വെളിച്ചത്ത് കൊണ്ടുവരും.

നവംബര്‍ എട്ടിന് നിരവധിപ്പേര്‍ സുഖമായി ഉറങ്ങി. എന്നാല്‍ ചിലരുടെ ഉറക്കം നഷ്ടപ്പെട്ടു. ചിലര്‍ക്കു സ്വന്തം ലോകം തന്നെയാണ് നഷ്ടപ്പെട്ടത്. രാജ്യത്തെ അഴിമതിമുക്തമാക്കണമെന്നു വ്യക്തമാക്കിയാണ് ജനങ്ങള്‍ 2014ല്‍ വോട്ട് ചെയ്തത്. കള്ളപ്പണത്തെ പരാജയപ്പെടുത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ താനതു നടത്താതിരിക്കുന്നത് എങ്ങനെ? സ്വര്‍ണം വാങ്ങുന്നതിനു പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് എത്ര എംപിമാര്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.

ഡിസംബര്‍ 30നുശേഷം പരിഹാരമുണ്ടായില്ലെങ്കില്‍ ഏതു ശിക്ഷയും നേരിടാന്‍ തയാറാണ്. 50 ദിവസം കൊണ്ട് ജനങ്ങളാഗ്രഹിക്കുന്ന നിലയിലേക്കു രാജ്യത്തെ എത്തിക്കും. സത്യസന്ധരായ ജനങ്ങളില്‍ വിശ്വാസമുണ്ട്. കുപ്രചാരണങ്ങള്‍ കണക്കിലെടുക്കുന്നില്ല. ജനങ്ങളുടെ വേദന എനിക്കു മനസ്സിലാകും. ദാരിദ്ര്യം കണ്ടിട്ടുണ്ട്. ജനങ്ങളുടെ പ്രശ്‌നം മനസ്സിലാകും. നമ്മുടെ യുവജനങ്ങളുടെ ഭാവി എന്തിനാണ് പന്താടുന്നത്. രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. ഉയര്‍ന്ന കസേരയില്‍ ഇരിക്കാന്‍ വേണ്ടിയല്ല താന്‍ ജനിച്ചത്. എന്തൊക്കെയാണോ എനിക്കു ലഭിച്ചിട്ടുള്ളത്, അതു കുടുംബമായാലും വീടായാലും രാജ്യത്തിനു വേണ്ടി ഞാന്‍ ഉപേക്ഷിച്ചു.

പത്തുമാസങ്ങള്‍ക്കു മുന്‍പേ നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ കുംഭകോണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഇപ്പോള്‍ 4000 രൂപ കൈമാറിക്കിട്ടാനായി ബാങ്കുകളില്‍ ക്യൂ നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.