ഷവര്‍മ്മ തിന്നുന്നവര്‍ ശവമാകാതിരിക്കാന്‍ ശ്രദ്ധിക്കുക!

കേരളത്തില്‍ സുനാമി ഇറച്ചി സുലഭം ഭക്ഷ്യ സുരക്ഷാ വകുപ്പ് നോക്കുകുത്തി.

-സി.ടി. തങ്കച്ചന്‍-

കൊച്ചി: ഒരിടവേളയ്ക്കു ശേഷം കേരളത്തിലെ നഗരങ്ങളില്‍ രഹസ്യമായി സുനാമി ഇറച്ചിയെത്തുന്നു. ആന്ധ്രയിലേയും തമിഴ്‌നാട്ടിലേയും മാംസ സംസ്‌കരണ ശാലകളില്‍ നിന്നും ഒഴിവാക്കുന്ന മാട്ടിറച്ചിയാണ് റെയില്‍ മാര്‍ഗ്ഗം കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലെത്തുന്നത്. മാടുകളുടെ തുടയിറച്ചി മാത്രമാണ് മാംസസംസ്‌കരണ ശാലകളില്‍ നിന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത്. ശേഷിക്കുന്ന പത്തവാരി ഇറച്ചിയും കരളും പതിരയുമാണ് ചുളുവിലക്കു വാങ്ങി റെയില്‍വേ വഴി എത്തിക്കുന്നത്.
സിനിമ ഡിജിറ്റലായതോടെ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രാ സംസ്ഥാനത്തുന്നും ഇരുമ്പു വിലക്കു ശേഖരിക്കുന്ന പഴയ ഫിലിംപെട്ടിക്കുള്ളില്‍ തെര്‍മോക്കോള്‍ പെട്ടിയുണ്ടാക്കി അതിനകത്താക്കിയാണ് റെയില്‍വേ വഴി സുനാമി ഇറച്ചി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മാംസം എത്തിക്കുന്നതെന്ന്് കൊച്ചിയിലെ ഇറച്ചി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ ഫസലൂദ്ദീന്‍ വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.
ഫോര്‍മാലിന്‍ ലായിനിയില്‍ മുക്കിയ മാംസം അമോണിയ ചേര്‍ത്തുണ്ടാക്കുന്ന ഐസ് ഉപയോഗിച്ച് പാക്കു ചെയ്താണ് റെയില്‍വേ കാര്‍ഗോ സര്‍വ്വീസ് വഴി വാഗണില്‍ എത്തിക്കുന്നത് ‘ഇത് പൊതുമാര്‍ക്കറ്റില്‍ വില്‍ക്കാറില്ല. ചില ഹോട്ടലുകളിലും ബേക്കറികളിലുമാണ് സുനാമി ഇറച്ചി വില്‍ക്കുന്നത്. കേരളത്തില്‍ 240 രൂപക്കാണ് മാട്ടിറച്ചി വില്‍ക്കുന്നത്’.
എന്നാല്‍ 75 രൂപ മുതല്‍ 100രൂപ പ വരെയാണ് സുനാമി ഇറച്ചി കടകളില്‍ വില്‍ക്കുന്നത്. ബേക്കറികളിലും ഹോട്ടലുകളിലും അജിനോമോട്ടോ എന്ന ചൈനീസ് ഉപ്പു ചേര്‍ത്ത് കട് ലറ്റായും മീറ്റ് റോളായും സമോസയാം ചില്ലലമാരകളിലിരുന്ന് ചിരിക്കുന്ന ഈ അഴുകിയ മാംസഭക്ഷണം നമ്മുടെ കുട്ടികളുടെയും യുവാക്കളുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ഫോര്‍മാലിനും അമോണിയായും ചേര്‍ന്ന ഈ ഇറച്ചിയില്‍ അജിനോമോട്ടോകൂടി ചേരുന്നതോടെ ഇത് കഴിക്കുന്നവരുടെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുമെന്ന് കൊച്ചിയിലെ നെഫ്‌റോളജിസ്റ്റ് ഡോക്ടര്‍ രാജീവന്‍ പറഞ്ഞു
നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തുടണ്‍ സുനാമി ഇറച്ചി കൊച്ചിയിലെ ഒരു ഗോഡൗണില്‍ നിന്ന് നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തെങ്കിലും പോലീസും നഗരസഭയിലെ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷനും ചേര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. അന്ന് പിടിയിലായ സംഘത്തിലെ മറ്റൊരാളിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ സുനാമി ഇറച്ചിയുടെ കച്ചവടം പൊടിപൊടിക്കുന്നത്. കൊച്ചു കുട്ടികളടക്കമുള്ളവരുടെ ആരോഗ്യത്തെ ഗുരുതരമായ രോഗങ്ങള്‍ക്കടിമകളാക്കുന്ന സുനാമി ഇറച്ചിയുടെ വിപണനം നിര്‍ബാധം തുടരുമ്പോഴും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉറക്കം തൂങ്ങുകയാണ്.