പാകിസ്ഥാന്‍ പൗരന്മാരുടെ കേരളത്തിലെ സ്വത്തുക്കള്‍ കേന്ദ്രം ഏറ്റെടുക്കും

അഞ്ച് ജില്ലകളിലായി പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് കേരളത്തില്‍ ഭൂമി

വിഭജനകാലത്തും 1965, 1971 ഇന്തോ-പാക് യുദ്ധക്കാലത്തും പാകിസ്ഥാനിലേക്ക് കുടിയേറിയവരുടെ സ്വത്തുക്കളാണ് ഏറ്റെടുക്കുന്നത്. 

-വികാസ് രാജഗോപാല്‍-

രാജ്യത്ത് പാകിസ്ഥാന്‍ പൗരന്മാരുടെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന ശത്രുസ്വത്തുക്കള്‍(എനിമി പ്രോപ്പര്‍ട്ടി) കേന്ദ്രസര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നു. ഇതിനായുള്ള ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി. കേരളത്തില്‍ പാക് പൗരന്മാരുടെ പേരില്‍ ഏക്കര്‍ കണക്കിന് ഭൂമികള്‍ കൈവശക്കാരുടെ പക്കലുള്ളതായി റവന്യു വകുപ്പ് മന്ത്രി നിയമസഭയില്‍ നല്‍കിയ രേഖയില്‍ വ്യക്തമാക്കുന്നു.

ഇത്തരം ഭൂമികള്‍ 1968-ലെ എനിമി പ്രോപ്പര്‍ട്ടി നിയമ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയന്റെ കസ്റ്റഡിയിലും മേല്‍നോട്ടത്തിലുമാണ്. 1947-ലെ വിഭജന കാലത്തും 65-ലും 71-ലും നടന്ന ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യ വിട്ട് പാക് പൗരത്വം സ്വീകരിച്ച മലയാളികളുടെ സ്വത്തുവകകളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. പുതുക്കിയ നിയമമനുസരിച്ച് അവ താമസിയാതെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയനില്‍ നിക്ഷിപ്തമാകും.

സ്വത്തുക്കളുടെ വിനിയോഗത്തിനും വിനിമയത്തിനും കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. നിലവില്‍ ശത്രുസ്വത്തുക്കള്‍ വാങ്ങിയവരെ ഒഴിപ്പിക്കാനുള്ള വ്യവസ്ഥകളും ഓര്‍ഡിനന്‍സിലുണ്ട്. കേരളത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളിലായി 59 എനിമി ഭൂമികളുടെയും കൈവശക്കാരുടെയും വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി, യു.പി എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരം സ്വത്തുവകകള്‍ ഏറ്റവും കൂടുതലുള്ളത്. പുതിയ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുന്നതോടെ വസ്തു വാങ്ങിയവരും വിറ്റവരും വെട്ടിലാവും.

മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇത്തരം ഭൂമികളുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ നിലവിലുണ്ട്. സംസ്ഥാനത്ത് സര്‍ക്കാരിന്റെ പക്കലുള്ള കണക്കനുസരിച്ച് ഏതാണ്ട് നൂറ് ഏക്കറിലധികം എനിമി പ്രോപ്പര്‍ട്ടി ഉണ്ടെന്നാണ് കണക്കാക്കുന്നത്.

രാജ്യത്താകമാനം ഇത്തരത്തിലുള്ള 600-ഓളം കേസുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 17,500 ഏക്കര്‍ ഭൂമിയും ബാങ്ക് നിക്ഷേപവുമടക്കം 2500 കോടിയുടെ സാമ്പത്തിക ഇടപാടുകളും പുതിയ ഓര്‍ഡിനന്‍സോടു കൂടി കേന്ദ്രസര്‍ക്കാരിലേക്ക് എത്തിച്ചേരും. കേരളത്തില്‍ നിലവില്‍ 33 പേരാണ് എനിമി പ്രോപ്പര്‍ട്ടി വാങ്ങിയതായി സര്‍ക്കാരിന്റെ പക്കല്‍ രേഖകളുള്ളത്. ഇതനുസരിച്ച് ഭൂമി വാങ്ങിയ ഉടമകളെ താമസിയാതെ ഒഴിപ്പിക്കേണ്ടി വരും.