കേരളത്തിലെ ഫുട്‌ബോളിന്റെ പടവലങ്ങാ മോഡല്‍ വികസനത്തിന് മാറ്റം വേണ്ട…?

പുതു തലമുറയെ മാറ്റി നിര്‍ത്തുന്ന ചില കടല്‍കിഴവന്‍മാരെ അടിച്ചു പുറത്താക്കണം

മൂന്നാം ഐ.എസ്.എല്‍ സീസണ്‍ ബാക്കിവയ്ക്കുന്നതെന്ത്…

 

-ബിനു ജോസഫ്-

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മൂന്നാം സീസണിന് കൊടിയിറങ്ങിയതിന് പിന്നാലെ ഈ ഫുട്‌ബോള്‍ മാമാങ്കം കേരളത്തിലെ ഫുട്‌ബോളിന്റെ വികസനത്തിന് എന്തു നല്‍കി എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. കോടികള്‍ പൊടിച്ച ഫുട്‌ബോള്‍ മേളയ്ക്ക് നികുതിയിളവും, സ്‌റ്റേഡിയ വാടക കുറച്ചും സംസ്ഥാന സര്‍ക്കാരും എല്ലാ പിന്തുണയും നല്‍കിയിരുന്നു.

എന്നാല്‍ ഈ മാമാങ്കത്തിന് ശേഷവും സംസ്ഥാനത്തെ ഫുട്‌ബോള്‍ വികസനത്തിന് നേതൃത്വം നല്‍കേണ്ട കേരള ഫുട്‌ബോള്‍ അസോസിയേഷനോ, ജില്ല ഫുട്‌ബോള്‍ അസോസിയേഷനുകളോ തങ്ങളുടെ കടമ നിര്‍വഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം തേടുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. ഐ.എസ്.എല്‍ മത്സരങ്ങള്‍ നടന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തിയ അമ്പതിനായിരവും, അറുപതിനായിരം വരുന്ന കാണികളെ ചൂണ്ടിക്കാണിച്ച് കെ.എഫ്.എ നേടിയ കയ്യടിയും സാമ്പത്തിക നേട്ടവുംകൊണ്ട് കേരളത്തിലെ ഫുട്‌ബോളിന് ഒരു നേട്ടവും ഇല്ലെന്നാണ് സത്യം. ഐ.എസ്.എല്ലിലെ കേരളത്തിന്റെ സാന്നിധ്യം സി.കെ വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, ടി.പി രഹനേഷ്, ഡെന്‍സണ്‍ ദേവദാസ് തുടങ്ങി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. ഇവരൊക്കെ ഐ.എസ്.എല്ലിലെ താരങ്ങളും കണ്ടുപിടുത്തവുമാണൊന്നൊക്കെ അവകാശപെടാന്‍ വരട്ടെ. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പും ഇവര്‍ താരങ്ങളായിരുന്നു. ഐ.എസ്.എല്‍ ഇവരുടെ ജനപ്രീതി വര്‍ധിപ്പിച്ചു എന്നത് യാഥാര്‍ത്ഥ്യവുമാണ്. എന്നാല്‍ ഇതിലൊക്കെ കേരള ഫുട്‌ബോള്‍ അസോസിയേഷന് എന്തെങ്കിലും പങ്കുണ്ടോ…..ഒന്നുമില്ല എന്നതാണ് സത്യം.

തൊണ്ണൂറുകള്‍ കേരള ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. ഇന്ത്യന്‍ ടീമില്‍ 5 മലയാളികള്‍ വരെ ഒരുമിച്ച് കളിച്ച കാലം. ഐ.എം വിജയന്‍, ജോപ്പോള്‍ അഞ്ചേരി, സി.വി. പാപ്പച്ചന്‍, ഷറഫലി, വിക്റ്റര്‍ മാഞ്ഞില, ചന്ദ്രശേഖരന്‍, സേതുമാധവന്‍, സേവ്യര്‍ പിയൂസ്, വി.പി സത്യന്‍ എന്നിങ്ങനെ ഒരുപാട് മഹാന്മാര്‍ 80 കളിലും, 90കളിലുമായി, കേരള ഫുട്‌ബോളിന്റെ അഭിമാനമായി. ഇവരുടെ കളി കാണാന്‍ പതിനായിരങ്ങളാണ് സ്‌റ്റേഡിയത്തിലേക്ക് വന്നിരുന്നത്. കേരള ട്രോഫി,ജി.വി രാജാ ട്രോഫി, മാമ്മന്‍ പിള്ള ട്രോഫി മത്സരങ്ങളൊക്കെ അന്ന് നിറഞ്ഞ ഗാലറികളിലാണ് നടന്നിരുന്നത്. അന്നത്തെ സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ലോകകപ്പ് മത്സരങ്ങള്‍ക്കുണ്ടായിരുന്ന ആവേശമായിരുന്നു കേരളത്തില്‍. കേരളം ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവിഭാജ്യ ഘടകമായിരുന്ന കാലം. പ്രൊഫഷനല്‍ ക്ലബുകളുടെ കാര്യത്തിലും കേരളം തന്നെയായിരുന്നു മുന്നില്‍. എഫ്.സീ കൊച്ചിനാണ് ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷനല്‍ ക്ലബ്. അതിനു ശേഷം വിവാ കേരള, ടൈറ്റാനിയം, ആലിന്ദ് കുണ്ടറ, കളമശ്ശേരി യങ്ങ് ചലഞ്ചേഴ്‌സ് ഒക്കെ പേരെടുത്ത ക്ലബുകളായിരുന്നു. ഇവര്‍ക്ക് മുന്നേ കേരള പോലീസ് ഫുട്‌ബോള്‍ ടീമും തുടരെ രണ്ടു ഫെഡറേഷന്‍ കപ്പ് എടുത്ത് ചരിത്രം സൃഷ്ട്ടിച്ചിരുന്നു. 2014 ഇല്‍ എഫ്‌സീ കൊച്ചിന്‍ & വിവാ കേരള കൂടി അടച്ചു പൂട്ടിയതോടെ കേരള ഫുട്‌ബോളിന്റെ വലിയ ഒരധ്യായത്തിനു തിരശീല വീണു. ഒരു കാലത്ത് കേരളം വിജയം ശീലമാക്കിയിരുന്ന സന്തോഷ് ട്രോഫിയില്‍ ഇന്ന്, ഒരു ചടങ്ങ് തീര്‍ക്കാന്‍ വേണ്ടിയാണ് കേരളം കളിക്കുന്നത് എന്ന് ആരെങ്കിലും വിമര്‍ശനമുന്നയിച്ചാല്‍ തെറ്റ് പറയാനാകില്ല. കേരള ഫുട്‌ബോള്‍ ഇതിലും മോശാവസ്ഥയില്‍ എത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. കേരളാ ഫുട്‌ബോളിനെ രക്ഷിക്കാന്‍ എന്താണൊരു മാര്‍ഗ്ഗം- വേറെ ഒന്നുമല്ല…ഫുട്‌ബോളിനെ നശിപ്പിക്കുന്ന ചില കടല്‍കിഴവന്‍മാരെ അടിച്ചു പുറത്താക്കുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി…സമയാസമയം തെരഞ്ഞെടുപ്പ് നടത്തി അസോസിയേഷന്റെ തലപ്പത്ത് അടയിരിക്കുക എന്നതൊഴിച്ചാല്‍ പുതിയ താരങ്ങളെ കണ്ടെത്താനോ, അതിനായി പുതിയ പ്രോജക്റ്റുകള്‍ നടപ്പാക്കാനോ ഇപ്പോഴത്തെ അസോസിയേഷന്‍ മെനക്കെടാറില്ല. ഫണ്ടില്ല എന്ന് ഓരോ ആരോപണങ്ങള്‍ ഉയരുമ്പോഴും പറയുന്ന ഭരവാഹികള്‍ മാറാതെ ഇതിനെങ്ങനെ മാറ്റമുണ്ടാകും. വര്‍ഷങ്ങളായി സ്ഥാനമാനങ്ങളുമായി ഇരിക്കുന്നവരുടെ യോഗത്യ പലപ്പോഴും നേതാക്കളുടെ പെട്ടിയെടുപ്പുകാര്‍ എന്നത് മാത്രമാണ്. ഇതു മാറാതെ അടുത്ത വര്‍ഷം കൊച്ചി വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന അണ്ടര്‍ -17 ലോകകപ്പ് നടത്തിയാലും കേരള ഫുട്‌ബോളിന്റെ വളര്‍ച്ച പടവലങ്ങ മോഡലാകും….