മന്ത്രിക്ക് കത്രികപ്പൂട്ട്; ഭരണം പേഴ്‌സണല്‍ സ്റ്റാഫ് വക

കോഴിക്കോട്: തദ്ദേശവകുപ്പു മന്ത്രി കെ.ടി ജലീലിന് സി.പി.എമ്മിന്റെ കൂച്ചുവിലങ്ങ്. വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ പാസാക്കുന്നതും സ്ഥലം മാറ്റത്തിലുമെല്ലാം തുടക്കം മുതല്‍ ഇടപെടുന്നത് പാര്‍ട്ടി നിര്‍ദേശ പ്രകാരം പേഴ്സനല്‍ സ്റ്റാഫ്. മന്ത്രിയെന്ന നിലയില്‍ പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുത്ത് നടപ്പിലാക്കാന്‍ പോലും പാര്‍ട്ടിയുടെ ഇടപെടല്‍ കാരണം കെ.ടി. ജലീലിന് സാധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ കാസര്‍കോട് സ്വദേശിയാണ് കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തിനു പാര്‍ട്ടിയില്‍ വലിയ സ്വാധീനവുമുണ്ട്.
അതിനിടെ വകുപ്പില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് വകുപ്പു മാറ്റം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെ സമീപിച്ചിരിക്കുകയാണ്.

വകുപ്പിലെ ഭരണ കാര്യങ്ങളില്‍ പാര്‍ട്ടിയുടെ ഇടപെടലിന് ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്ത സംഭവം. പാര്‍ട്ടി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടേയും മന്ത്രി എ.സി മൊയ്തീന്റേയും ഇടപെടല്‍ കാരണമായിരുന്നു ഇത്. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സസ്പെന്‍ഷന്‍ റദ്ദു ചെയ്തിരിക്കുകയാണ്.

പേഴ്സനല്‍ സ്റ്റാഫും വകുപ്പും തമ്മിലുള്ള ഭിന്നത മൂലം പദ്ധതി പ്രവര്‍ത്തനങ്ങള്‍ പലതും അവതാളത്തിലാണ്. സംസ്ഥാനത്തെ മൂന്ന് മേഖലകളിലായി വിളിച്ചു ചേര്‍ത്ത തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അവലോകന യോഗം മാറ്റി വച്ചു. വലിയ മുന്നൊരുക്കത്തോടെ 16,18,21 തിയതികളില്‍ നിശ്ചയിച്ചിരുന്ന യോഗമാണ് അവസാന നിമിഷം മാറ്റിവയ്ക്കേണ്ടി വന്നത്. മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിലെ ചിലര്‍ രാഷ്ട്രീയ താല്‍പര്യത്തോടെ ഫയലുകള്‍ പിടിച്ചുവയ്ക്കുന്നുവെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരാതി. പേഴ്സനല്‍ സ്റ്റാഫിലുള്ളവരെ നിയമിച്ചത് സി.പി.എം ആണ് . മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എടുക്കുന്ന തീരുമാനങ്ങള്‍ പോലും പാര്‍ട്ടി താല്‍പര്യം ചൂണ്ടിക്കാട്ടി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തടയുന്നത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളില്‍ ജീവനക്കാരുടെ കുറവ് നിലനില്‍ക്കുമ്പോഴും രാഷ്ട്രീയ താല്‍പര്യത്തോടെ നിരന്തരം സ്ഥലം മാറ്റമുണ്ടാകുന്നത് പദ്ധതി പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് വകുപ്പിലെ ഉന്നതര്‍ തന്നെ പരാതിപ്പെടുന്നു. അഞ്ചു മാസത്തിനിടെ മൂന്ന് തവണയാണ് പഞ്ചായത്ത് ഡയറക്ടറെ മാറ്റിയത്.

കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ സ്ഥാനത്തേക്ക് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് ഹരികിഷോര്‍ ഐ.എ.എസിനെ നിയമിക്കാന്‍ വകുപ്പ് തീരുമാനിച്ചത്. ഈ ഫയല്‍ ഒന്നരമാസം സര്‍ക്കാര്‍ അംഗീകാരം നല്‍കാതെ പിടിച്ചുവച്ചു. പേഴ്സനല്‍ സ്റ്റാഫിനെതിരേ പരാതി പറയുന്ന വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി കെ.ടി ജലീല്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. പേഴ്സനല്‍ സ്റ്റാഫിന്റെ ഇടപടെലില്‍ പ്രതിഷേധിച്ച് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ ജോസ് 10 ദിവസം അവധിയില്‍ പോയിരുന്നു. അവധി കഴിഞ്ഞ് തിരിച്ചെത്തിയ ടി.കെ ജോസ് ചീഫ് സെക്രട്ടറിയെ കണ്ട് വകുപ്പു മാറ്റം ആവശ്യപ്പെട്ടിരിക്കുകയാണ്. പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുമ്പോള്‍ പാര്‍ട്ടിയുമായി ആലോചിക്കേണ്ടിവരുന്നതിനാല്‍ പലതും കൃത്യ സമയത്ത് നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കെ.ടി. ജലീലിനെ മന്ത്രിയാക്കിയതില്‍ ഇടതുപക്ഷത്തിന് ഒപ്പം നില്‍ക്കുന്ന പല നേതാക്കള്‍ക്കും നിലവില്‍ അതൃപ്തിയുമുണ്ട്. പിണറായി വിജയനോടുള്ള അടുപ്പവും സാമുദായിക പ്രാതിനിധ്യവും പരിഗണിച്ചായിരുന്നു ജലീലിന് മന്ത്രിസ്ഥാനം ലഭിച്ചത്.