പ്രതിഷേധിക്കാനുള്ള അവകാശത്തെ ബഹുമാനിക്കൂ; ഇന്ത്യയോട് യു.എസ്

വാഷിങ്ടൺ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന പ്രക്ഷോഭങ്ങൾ അനുവദിക്കാനും പ്രതിഷേധക്കാർക്ക് സംരക്ഷണം നൽകാനും ഇന്ത്യയോട് ആവശ്യപ്പെട്ട് യു.എസ്. ഇന്ത്യയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നീരീക്ഷിച്ചു വരികയാണ്. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ മൗലികകമായ മനുഷ്യാവകാശ തത്വങ്ങൾക്കെതിരായ മതവിവേചനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന ആവശ്യപ്പെട്ടു. ‘പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഞങ്ങൾ വളരെ അടുത്താണ് പിന്തുടരുന്നത്. സമാധാനപരമായ സമ്മേളനത്തിന്റെ അവകാശം സംരക്ഷിക്കാനും ബഹുമാനിക്കാനും ഞങ്ങൾ അധികാരികളോട് അഭ്യർത്ഥിക്കുന്നു. അക്രമത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ പ്രതിഷേധക്കാരോട് അഭ്യർത്ഥിക്കുന്നു’- യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

‘മതസ്വാതന്ത്ര്യത്തോടുള്ള ആദരവും നിയമപ്രകാരം തുല്യ പരിഗണനയും നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെ അടിസ്ഥാന തത്വങ്ങളാണ്, ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യു.എസ് ഇന്ത്യയോട് അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഇന്ത്യയോട് നേരത്തേ യു.എസ് ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.എസ് കോൺഗ്രസ് അംഗവും നേരത്തേ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുസ്ലിംകളെ രണ്ടാം തര പൗരന്മാരാക്കി മാറ്റുന്നതാണ് ബില്ലെന്ന് മുസ്ലിം- അമേരിക്കൻ കോൺഗ്രസ് അംഗം ആൻഡ്രേ കാർസണാണ് ആരോപിച്ചത്. ‘ഇന്ത്യയിലെ മുസ്ലിംകളെ രണ്ടാംതര പൗരന്മാരാക്കി മാറ്റി അവരുടെ എണ്ണം കുറയ്ക്കാനുള്ള മറ്റൊരു ശ്രമമാണിത്.’-യു.എസ് കോൺഗ്രസിലെ മൂന്ന് മുസ്ലിം അംഗങ്ങളിൽ ഒരാളായ കാർസൺ പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ പാസാക്കിയാൽ അമിത്ഷായ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് കമ്മിഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു. യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ (യു.എസ്.സി.ഐ.ആർ.എഫ്) ആണ് ഇക്കാര്യം പറഞ്ഞത്. ‘പാർലമെന്റിന്റെ ഇരു സഭകളിലും പൗരത്വ ഭേദഗതി ബിൽ പാസാക്കിയാൽ ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും മറ്റ് നേതാക്കൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുന്നകാര്യം യു.എസ് സർക്കാർ പരിഗണിക്കണം.’-കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തങ്ങൾക്ക് വളരെയധികം ആശങ്കയുണ്ടെന്നും പൗരത്വത്തിന് മതത്തെയാണ് അമിത് ഷാ മാനദണ്ഡമാക്കിയതെന്നും സംഘടന പറഞ്ഞിരുന്നു.