വെറും വെറുതെ (കവിത)

ബിന്ദു രാമചന്ദ്രൻ

മിടിപ്പെന്റെ നിലയ്ക്കുമ്പോൾ ,
മിഴിപ്പൂക്കളടയുമ്പോൾ ,
ഇടം വലം നിലവിളക്കെരിഞ്ഞിടുമ്പോൾ ,

കരയുന്ന മുഖങ്ങളിൽ ,
തിരയും ഞാനൊരു മുഖം ,
വരുകില്ലെന്നറിഞ്ഞിട്ടും വെറും വെറുതെ.

മുറിയ്ക്കുള്ളിൽ നിറയുന്ന
ഹരി നാമ ജപത്തിനും
മറയ്ക്കുവാനാവതില്ലാ സ്വരഭേദത്തെ .

പകയോടെ കുന്തിരിക്കം
പുകച്ചു പുച്ഛിച്ചു ലോകം
പുറത്താക്കാം പഴയ പാഴ് സ്മരണകളെ .

വിരൽ കൂട്ടിക്കെട്ടിടുമ്പോൾ
കടും പട്ടു പുതയ്ക്കുമ്പോൾ
തണുപ്പേറ്റം പൊതിയുന്നതറിയുന്നുണ്ട് .

മുറുകുന്ന ഞരമ്പുകൾ
മുറിപ്പെട്ടോരോർമ്മകളെ
മറയ്ക്കുവാൻ വിഫലമായ്
പണിപ്പെട്ടേക്കാം .

വഴയില വാടിയേക്കാം
തഴപ്പായ കീറിയേക്കാം
മരിച്ചാലും മരിക്കുമോ നിന്റെയോർമ്മകൾ !!!!