നിര്‍ഭയ കേസ്; ദയാഹര്‍ജി നല്‍കാനൊരുങ്ങി വധ ശിക്ഷയ്ക്ക് വിധിച്ച മൂന്ന് പ്രതികള്‍

നിര്‍ഭയ കേസില്‍ വധ ശിക്ഷയ്ക്ക് വിധിച്ച മൂന്ന് പ്രതികള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കും. വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് എന്നിവരാണ് ഹര്‍ജി നല്‍കുക.

അതേസമയം നാലു പ്രതികളില്‍ ഒരാളായ അക്ഷയ് സിംഗ് ഠാക്കൂര്‍ വധശിക്ഷ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീംകോടതി തള്ളുകയാണുണ്ടായത്.

നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്.

പുനപരിശോധനാ പുനര്‍വിചാരണയല്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് അക്ഷയിന്റെ അഭിഭാഷകന്‍ പറഞ്ഞു. സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ പ്രതിക്ക് വേണമെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കാനും അവസരം ഉണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യമാണ് മൂന്ന് പ്രതികളും ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.

ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.