എന്‍പിആര്‍, എന്‍ആര്‍സിക്ക് മുന്നോടി; വിട്ടുവീഴ്ച വേണ്ടെന്ന് സീതാറാം യെച്ചൂരി

ദേശീയ ജനസംഖ്യ രജിസ്റ്ററുമായി മുന്നോട്ട് പോകാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചാല്‍ അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍പിആര്‍, എന്‍ആര്‍സിക്ക് മുന്നോടി തന്നെയാണെന്ന് യെച്ചൂരി പറഞ്ഞു. എന്‍പിആറില്‍ വീട്ടുവീഴ്ച ചെയ്യരുതെന്നും സംസ്ഥാനങ്ങള്‍ സഹകരിക്കരുതെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

2021 ലെ സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഇവ രണ്ടിനുമുള്ള വിവരശേഖരണത്തിനാണ് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് തള്ളിയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്.

ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ കേരള സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. സഹകരിക്കില്ലെന്ന് നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. പിന്നാലെ ബംഗാള്‍ സര്‍ക്കാര്‍ അവിടെ ജനസംഖ്യ രജിസ്റ്റിന്റെ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.