പാകിസ്താന്റെ ചെയ്തികള്‍ തുറന്നു കാട്ടുകയാണ് പ്രതിഷേധക്കാര്‍ ചെയ്യേണ്ടത്- മോദി

പൗരത്വ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായ നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ എത്തിക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യേണ്ടത് എന്ന് മോദി പറഞ്ഞു. പാകിസ്താന്‍ ഉണ്ടായതു തന്നെ മതത്തിന്റെ പേരിലാണ്. മതമാണ് ആ രാഷ്ട്രത്തിന്റെ അടിസ്ഥാനം. അവിടെ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. അവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നവരാണ് ഇന്ത്യയിലേക്ക് വരാന്‍ നിര്‍ബന്ധിതമാകുന്നത്- തുകൂരുവിലെ സ്വകാര്യചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. ‘കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളും പാകിസ്താനെതിരെ സംസാരിക്കില്ല. പകരം അവര്‍ ഈ അഭയാര്‍ത്ഥികള്‍ക്കെതിരെ സംസാരിച്ചു കൊണ്ടിരിക്കും. പാകിസ്താനെ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ തുറന്നുകാട്ടണമെന്നാണ് എനിക്കു പറയാനുള്ളത്. നിങ്ങള്‍ സമരം ചെയ്യുന്നുവെങ്കില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി നടക്കുന്ന പാകിസ്താന്റെ ചെയ്തികള്‍ക്കെതിരെ സമരം ചെയ്യൂ’ – അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റിന് എതിരെയാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ഡിസംബര്‍ 11നാണ് പാര്‍ലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ അയല്‍ രാഷ്ട്രങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ അനുമതി നല്‍കുന്നതാണ് നിയമം. മുസ്‌ലിംകളെ പൗരത്വം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി എന്നതാണ് വിമര്‍ശനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇടവച്ചത്. ഇതുവരെ നടന്ന പ്രക്ഷോഭങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ