പൗരത്വ ഭേദഗതി നിയമം: അസമിലെ തദ്ദേശവാസികളെ പ്രതികൂലമായി ബാധിക്കില്ല; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനെന്നും സര്‍ബാനന്ദ സോനോവാള്‍

ഭേദഗതി ചെയ്ത പൗരത്വ നിയമം അസം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങളുള്ളതാണെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍. അസമിലും ഇന്ത്യയിലുടനീളവും പൗരത്വ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് നിയമത്തെ പിന്തുണച്ചുകൊണ്ട് അസം മുഖ്യമന്ത്രി രംഗത്തെത്തിയത്. പൗരത്വ ഭേദഗതി നിയമം ഒരു തരത്തിലും അസമിലെ തദ്ദേശവാസികളെ പ്രതികൂലമായി ബാധിക്കില്ല, കാരണം അസമിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് കേന്ദ്രം നിയമം രൂപപ്പെടുത്തിയിട്ടുണ്ട്. ഈ നിയമത്തെക്കുറിച്ച് ആളുകൾക്ക് അവരുടെ മനസ്സിൽ യാതൊരു സംശയവും ആശയക്കുഴപ്പവും ഉണ്ടാകരുത്. അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് നിരവധി പദ്ധതികളുണ്ട്.

”എല്ലാ ‘ഖിലോൻജിയ ഭൂമിപുത്ര’കൾക്കും (മണ്ണിന്റെ പുത്രന്മാർ) അവർ പൂർണമായും സുരക്ഷിതരാണെന്നും അവരുടെ നിലനിൽപ്പിന് അപകടമുണ്ടാക്കുന്ന ഒരു ശക്തിയും ഇല്ലെന്നും ഞാൻ ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു’-സോനോവാള്‍ പറഞ്ഞു. നിയമം വഴി പുതിയ ആളുകളൊന്നും ഇന്ത്യയിലേക്ക് വരില്ല, “അവർ ശ്രമിച്ചാലും ഞങ്ങൾ അത് അനുവദിക്കില്ല” 2014 ഡിസംബർ 31ന് മുമ്പ് രാജ്യത്തെത്തിയവർക്ക് മാത്രമേ പൗരത്വം ലഭിക്കുകയൊള്ളു. “ഈ നിയമങ്ങൾ വായിച്ചാൽ, നമ്മുടെ രാജ്യത്ത് പ്രവേശിക്കുന്നതിന് ബംഗ്ലാദേശികൾക്കോ മറ്റേതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ളവർക്കോ ഈ നിയമം പ്രയോജനപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാകും. പാർട്ടിക്കുവേണ്ടി ആസാമിലെ ജനങ്ങളുടെ താൽപര്യം ഇല്ലാതാക്കിയ കുറ്റവാളികളായിട്ടാണ് ഞങ്ങളെ ഇപ്പോൾ ചിത്രീകരിക്കുന്നത്. ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് ഞങ്ങൾ എന്താണ് ചെയ്തത്- സോനോവാള്‍ ചോദിച്ചു.