വർഗ്ഗീയതയേക്കാൾ ഭേദം ഗ്ലോബൽ വാമിങ്!

വിജയ്.സി. എച്ച്
ഈയിടെ സമാപിച്ച മുപ്പത്തിയെട്ടാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോൽത്സവത്തിൽ, പ്രശസ്‌ത സാഹിത്യകാരൻ കെ. പി. രാമനുണ്ണിയുടെ ‘ദൈവത്തിൻറെ പുസ്തക’ത്തിൻറെ എട്ടാം പതിപ്പ്, 81 രാജ്യങ്ങളിൽ‍നിന്നെത്തിയ പ്രസാധകരെയും എഴുത്തുകാരെയും വായനക്കാരെയും സാക്ഷിനിർത്തി, ഷാർജ ഭരണാധികാരി പ്രകാശനം ചെയ്തു.

യു.എ.ഇ. ഇപ്പോൾ ആഘോഷിക്കുന്ന ‘ഇയർ ഓഫ് ടോളറൻസ്’ സന്ദേശവുമായി ഈ നോവലിൻറെ പ്രമേയം യോജിക്കുന്നുവെന്നതിൻറെ അംഗീകാരമായാണ് ആതിഥേയ രാജ്യത്തലവൻ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ-ഖാസിമി ഈ കർത്തവ്യം നിർവ്വഹിച്ചത്!

യുനസ്കൊ ‘World Book Capital-2019’ എന്നു ഷാർജയെ നാമകരണം ചെയ്ത വേളയിൽ, ‘ദൈവത്തിൻറെ പുസ്തക’ത്തിനു ലഭിച്ചൊരു അപൂർവ്വ ബഹുമതിയാണ് ഉത്സവവേദിയിൽവെച്ചു നടന്ന ഈ വ്യവഹാരം!

വിശിഷ്‌ടമായ ഈ അംഗീകാരവേളയിൽ കഥാകൃത്തിൽനിന്നറിയാൻ കാര്യങ്ങളേറെ:

💥 താങ്കൾ 2015-ൽ എഴുതിയ’ ദൈവത്തിൻറെ പുസ്തകം’ വായനക്കാരും നിരൂപകരും ഒരുപോലെ സ്വീകരിച്ചു. 2017-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു നേടി. ഇപ്പോഴിതാ ഷാർജയിൽവെച്ച് ദുർലഭമായൊരു അംഗീകാരം! മതനിരപേക്ഷത ഉദ്‌ഘോഷിക്കുന്ന ഈ കൃതി ഇറങ്ങിയ ശേഷം കേരളത്തിൽ മതമൈത്രി എത്രകണ്ടു ശക്തിപ്പെട്ടു?

💎 ചങ്കിൽക്കുത്തുന്ന ചോദ്യമാണിത്. ഒരു കർമ്മത്തിൻറെ നിഷ്ഫലത മുച്ചൂടും പൊളിച്ചുകാട്ടുന്ന ക്രൂരമായ ചോദ്യം! മിസ്റ്റർ രാമനുണ്ണീ, നിങ്ങൾ ഹിന്ദു-മുസ്ലീം സമുദായങ്ങളെ സൗഹൃദപ്പെടുത്താനായി ശ്രീകൃഷ്ണനേയും മുഹമ്മദ് നബിയെയും (സ) സഹോദരതുല്യരായി ആവിഷ്കരിച്ചു നോവൽ എഴുതിയിട്ട് എന്തു കോപ്പാണ് ഉണ്ടായത് എന്നുതന്നെയാണ് ഈ ചോദ്യത്തിൻറെ പച്ച മലയാളം!

കൃതി വായിച്ചു കുറെ മുസ്ലീംങ്ങൾ കണ്ണീരണിയുകയും ശ്രീകൃഷ്ണനോടുള്ള അതേ ചേതോവികാരം തങ്ങൾക്ക് നബിയോടും തോന്നിയെന്ന് കുറെ ഹിന്ദുക്കൾ അതിശയിക്കുകയും ചെയ്തിട്ടുണ്ട്!

എന്നാൽ, രചനയുടെ പ്രത്യക്ഷദൗത്യം തരിമ്പെങ്കിലും നിർവ്വഹിക്കപ്പെട്ടോയെന്നു താങ്കൾക്ക് എന്നോടു ചോദിക്കാം. വേർതിരിവുകൾക്കെതിരെയുള്ള ‘ദൈവത്തിൻറെ പുസ്തകം’ എട്ടു തവണ പ്രസിദ്ധീകരിച്ചിട്ടും, മതമൈത്രിയല്ല, വർഗ്ഗീയതയല്ലേ കേരളത്തിൽ വളർന്നിട്ടുള്ളതെന്നും!

ഇതെല്ലാം ചോദ്യങ്ങളാണെങ്കിലും, രാജ്യത്തെ ഏകീകരിച്ചു നിർത്താൻവേണ്ടി ഭാവിയിൽ ഉയർന്നുവരുന്ന ശക്തികൾക്ക് മുറുകെപ്പിടിക്കാവുന്ന താത്വിക ഗ്രന്ഥമായി ‘ദൈവത്തിൻറെ പുസ്തകം’ നിലകൊള്ളുകതന്നെ ചെയ്യും! പരമാവധി ആളുകളിലേക്ക് ‘ദൈവത്തിൻറെ പുസ്തകം’ എത്തിക്കാനുള്ള പ്രവർത്തനം നടത്തണമെന്നുമാത്രം.

മഹാത്മജിയെ ആശ്രയിക്കാതെ ഇന്ത്യയുടെ ഭൗതികവും ആത്മീയവുമായ മുന്നേറ്റം സാദ്ധ്യമല്ലെന്ന് പറയാറില്ലേ? ആ വലുപ്പമൊന്നുമില്ലെങ്കിലും രാജ്യത്തെ രണ്ടു പ്രബല സമുദായങ്ങളെ ഐക്യപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ‘ദൈവത്തിൻറെ പുസ്തകം’ അവഗണിക്കാൻ കഴിയുകയില്ല. എന്തെന്നാൽ, വൈപരീത്യത്തിൻറെ വാദഗതികളെ നിർവ്വീര്യമാക്കി ഹിന്ദുവിനും മുസ്ലീമിനും യോജിച്ചു പോകാനുള്ള ഹൈന്ദവവും ഇസ്ലാമികവുമായ ധർമ്മ വഴിയാണ് ആ രചന തുറന്നിടുന്നത്!

💥 പ്രിയ കഥാകൃത്തേ, രാജ്യത്ത് ഇന്നു നിലനിൽക്കുന്ന സാമുദായികവും സാമൂഹികവുമായ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ താങ്കളുടേതൊരു വിദൂര സ്വപ്നമായി തുടരുമെന്നു തോന്നുന്നു! പരസ്പരം ‘ഇക്കാ’, ‘മുത്തേ’ എന്നൊക്കെ വിളിക്കുന്ന കൃഷ്ണനേയും നബിയെയുമല്ലേ താങ്കൾ സ്വപ്നം കാണുന്നത്?

💎 അതെ, ഞാൻ സ്വപ്നം കാണുകതന്നെ ചെയ്യും! വർഗ്ഗീയവും ജാതീയവുമായ ധ്രുവീകരണത്തിലേക്ക് ഇന്ത്യാമഹാരാജ്യം നിപതിച്ചുപോകാൻ ഞാൻ അനുവദിക്കില്ല. സഹസ്രാബ്ദങ്ങളായുള്ള ഇന്ത്യ ചരിത്രത്തിൽ നിന്നാണ് എൻറെ സ്വപ്നം ഊർജ്ജം കൊള്ളുന്നത്!

ചില്ലറ വർഷത്തെ ഗ്രഹണകാലത്തിന് വലിയൊരു യുഗസംസ്കൃതിയെ കുരുതി കൊടുക്കാൻ സാധിക്കുകയില്ല. അല്ലെങ്കിൽ ഈ രാജ്യത്തിനു നിലനിൽപ്പില്ല. ഇന്ത്യ ശിഥിലമായിപ്പോകും. അങ്ങിനെയുള്ളൊരു അവസ്ഥയിൽ ഗ്ലോബൽ വാമിങ് മൂലം മനുഷ്യകുലമേ മുടിഞ്ഞുപോകുന്നതു സങ്കൽപ്പിക്കാനാണ് എനിക്ക് താൽപര്യം!

💥 എല്ലാ കഥകളും മതമൈത്രിക്കുവേണ്ടി എഴുതി എല്ലാ മതത്തിലേയും ചിലരുടെയെങ്കിലും അപ്രീതി നേടിയ മലയാളത്തിലെ ഏക എഴുത്തുകാരനായിരിക്കും രാമനുണ്ണി. നിലപാടുകളിൽ ആത്മപരിശോധന നടത്തേണ്ട സമയമായോ?

💎 മതമൈത്രിയാണ് എൻറെ എല്ലാ കഥകളുടേയും കഥയെന്നു പറയുന്നത് അതിശയോക്തിപരമാണ്! എഴുത്തുകാരെ ലേബലൊട്ടിച്ചു വിടാനുള്ള പൊതുപ്രവണതയാണ് എന്നെ മതമൈത്രി എഴുത്തുകാരൻ മാത്രമാക്കി ചുരുക്കാനുള്ള ചിലരുടെ ശ്രമത്തിനു പുറകിലുള്ളത്.

വ്യത്യസ്ത സമുദായങ്ങളെ സൗഹൃദപ്പെടുത്താനുള്ള ആശയങ്ങൾ ഉയർത്തുമ്പോൾ അവരെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഒരിക്കലും രുചിക്കില്ല. അത്തരക്കാരാണ് എന്നോട് അപ്രീതി സൂക്ഷിക്കുന്നത്.

വെറുപ്പിൻറേയും വിദ്വേഷത്തിൻറെയും വിൽപ്പനക്കാർ തങ്ങളുടെ നിലപാടുകളെ അപ്രസക്തമാക്കുന്ന എഴുത്തുകാരെയും കൃതികളെയും ഭത്സിച്ചുകൊണ്ടേയിരിക്കും.

സോഷ്യൽ മീഡിയകളിൽ കലിതുള്ളി ഉറയുന്നത് ഇവരാണെന്നതിനാൽ, ലോകം മുഴുക്കെ ഇവരാണെന്നു തോന്നാം. നന്മ നിശ്ശബ്ദവും തിന്മ വാചാലവുമാകുന്നതിൻറെ വൈഷമ്യം അതിഭയങ്കരമാണ്. കാലുഷ്യ പ്രചാരകർക്ക് ഇഷ്ടമല്ല എന്നതു തന്നെയാണ് എൻറെ മാർഗ്ഗം ശരിയാണെന്നതിൻറെ തെളിവ്!

വഴി തെറ്റിയൊയെന്ന് സംശയിക്കുമ്പോൾ മാത്രമേ ആത്മപരിശോധനയുടെയോ തിരുത്തലിൻറെയോ ആവശ്യമുള്ളൂ. പുറകിലേക്കുള്ള തിരിഞ്ഞു നോട്ടങ്ങളെല്ലാം എൻറെ വഴികൾ ശരിയാണെന്ന് ഉറപ്പിച്ചിട്ടേയുള്ളു. വർഗ്ഗീയവാദികളുടെ പ്രീതി ഇരന്നു ചെന്നാൽ ഞാൻ ആത്മീയമായി പാപ്പരാകും!

💥 മതസൗഹാർദ്ദമാണ് ഉദ്ദേശ്യം. ഹിന്ദു, മുസ്ലീമായി മതം മാറുന്നത് ‘സൂഫി പറഞ്ഞ കഥ’യിൽ രാമനുണ്ണി ആവിഷ്കരിച്ചിട്ടുണ്ട്. കാർത്തി മതം മാറി മാമുട്ടിയുടെ ബീടരാകുന്നുണ്ട്. എന്നാൽ, ഒരു മുസ്ലീമും ഹിന്ദുവായി മാറുന്ന കഥ താങ്കൾ എവിടെയും പറയാത്തതെന്തേ?

💎 കാർത്തി മതം മാറിയിട്ടും അവളിൽ പഴയ മതത്തിൻറെ അഭിരുചികൾ അവശേഷിക്കുന്നു എന്നതാണ് ‘സൂഫി പറഞ്ഞ കഥ’യിലെ പ്രധാന പ്രതിപാദ്യം. ഇന്ത്യയിലെ വ്യത്യസ്ത മതസ്ഥരിലെല്ലാം നാടിൻറെ സംസ്കാരം നിറഞ്ഞു നിൽക്കുന്നു, എല്ലാ മതസ്ഥരും ഈ മണ്ണിൻറെ മക്കളാണ്, ആർക്കും ആരേയും അന്യവൽക്കരിക്കാൻ അധികാരമില്ല, തുടങ്ങിയ ആശയങ്ങളാണ് നോവലിൻറെ പ്രമേയത്തിൽ വരുന്നത്.

കൃതിയുടെ പ്രമേയത്തിനനുസരിച്ചാണ് അതിൽ വ്യത്യസ്ത സംഭവങ്ങൾ അരങ്ങേറുന്നത്. കാർത്തി മുസ്ലീമായി മതം മാറുന്ന ഒരു സംഭവം ഈ നോവലിൽ ഉണ്ടെന്നുവച്ച്, പകരത്തിനു പകരം മറ്റൊരു നോവലിൽ ഒരു മുസ്ലീമിനെ ഹിന്ദുവാക്കി മതം മാറ്റണോ? കൃതിയുടെ പ്രമേയത്തിനു അനുസൃതമായി വരുന്ന പക്ഷം ഞാൻ എന്തു സംഭവവും ആവിഷ്കരിക്കും!

പിന്നെ, അത്തരത്തിൽ ചിന്തിക്കുന്നവർക്ക്, ‘ജീവിതത്തിൻറെ പുസ്തക’ത്തിൽ സുബൈദ ഗോവിന്ദവർമ്മരാജയെ വിവാഹം ചെയ്യുന്നതിൽ ആശ്വാസം കണ്ടെത്താം!

കാർത്തി, മാമുട്ടിയെ വിവാഹം ചെയ്തെങ്കിലും, സ്വന്തം വിശ്വാസം സൂക്ഷിക്കാനുള്ള അവകാശം പിടിച്ചുവാങ്ങുന്നു. സുബൈദ, രാജയെ വിവാഹം ചെയ്യുന്നത്, ഇസ്ലാമിക അനിവാര്യതയായ ഏകദൈവവിശ്വാസം രാജ പുലർത്തുന്നുണ്ടെന്നു ഉറപ്പുവരുത്തിയിട്ടാണ്. സ്ത്രീകൾ പുരുഷന്മാരുടെ പാവകളല്ല, സ്വന്തം വിശ്വാസദാർഢ്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണെന്നാണ് രണ്ടു നോവലും തെളിയിക്കുന്നത്.

💥 കൃഷ്ണനേയും, നബിയേയും, ഗാന്ധിയേയും, മാർക്സിനേയും ഒരേ കേൻവാസിൽ വരച്ചിടുമ്പോൾ, വിട്ടുവീഴ്ച്ചകൾ ചെയ്യേണ്ടതാര്, എങ്ങിനെ, എന്നുള്ള ചോദ്യങ്ങൾ ഉദിച്ചില്ലേ? എന്ത് അടിസ്ഥാനത്തിലാണ് മാനദണ്ഡം നിശ്ചയിച്ചത്?

💎 ഈ ലോകം ഇങ്ങിനെയൊക്കെ ആയിപ്പോയല്ലൊയെന്ന ആധിയിൽനിന്ന്, അതിനെ നിർമ്മലവും സർഗ്ഗാത്മകവുമാക്കിയെടുക്കാനുള്ള വിചാരണയാണ് ‘ദൈവത്തിൻറെ പുസ്തകം’. ശരിതെറ്റുകളെയും നന്മതിന്മകളെയും അളക്കാനുള്ള അളവുകോലായാണ് കൃഷ്ണനേയും നബിയേയും നോവലിൽ ആനയിച്ചിട്ടുള്ളത്.

വിശ്വാസികളെ സംബന്ധിച്ചു ദൈവദൂതരും, അവിശ്വാസികളെ സംബന്ധിച്ചു സമൂഹപ്രജ്ഞയുടെ പ്രതിനിധികളുമായവർക്ക് വീണ്ടും ഒരു ജന്മം നൽകിയാലും അവർക്ക് അവരുടെ ജീവിതം തിരുത്തേണ്ടിവരില്ല എന്നതാണ് ഇതിവൃത്ത സൃഷ്ടിക്കു പുറകിലെ സങ്കൽപ്പം. അവരുടെ കാഴ്ചയിലൂടെയാണ് മനുഷ്യ ചരിത്രത്തിൻറെ വിചാരണ നടക്കുന്നത്. ആ വിചാരണ വേളയിൽ മഹാത്മാക്കളായ മാർക്സും ഗാന്ധിയും പോലും ആത്മവിചാരണ നടത്തി സ്വയം തിരുത്തുന്നുണ്ട്.

വെറുതെ വർത്തമാനകാലത്തെ നേരെയാക്കാൻ ശ്രമിച്ചതുകൊണ്ട് ലോകവും മനുഷ്യജീവിതവും നന്നാവുകയില്ല, അതിന് മാനവ ചരിത്രംതന്നെ മുൻകാല പ്രാബല്യത്തോടെ തിരുത്തണമെന്ന ദർശനമാണ് ‘ദൈവത്തിൻറെ പുസ്തകം’ മുന്നോട്ടുവക്കുന്നത്.

അതിനാൽ, വിട്ടുവീഴ്ചകളല്ല, പുനഃപരിശോധനകളാണ് എല്ലാവരും ചെയ്യേണ്ടത്. സമത്വത്തിൻറെയും, സ്വാതന്ത്ര്യത്തിൻറെയും, സർഗ്ഗാത്മകതയുടെയും വാഴ്ചക്കാവശ്യമായ പുനഃപരിശോധനകൾ! അതിൽ വാശിയുടെയോ, കടുംപിടുത്തത്തിൻറെയൊ പ്രശ്നമുദിക്കരുത്.

💥 കഥാകൃത്തിൻറെ കാഴ്ചപ്പാടിൽ, ‘ദൈവത്തിൻറെ പുസ്തകവും’, 2011-ൽ താങ്കൾക്കു വയലാർ അവാർഡു നേടിത്തന്ന ‘ജീവിതത്തിൻറെ പുസ്തകവും’ തമ്മിലുള്ള താത്വികമായ വ്യത്യാസമെന്താണ്?

💎 തത്വശാസ്ത്രത്തിലല്ല, സമീപനത്തിലും ദേശകാലാവിഷ്ക്കാരത്തിലുമാണ് ഈ പുസ്തങ്ങൾ തമ്മിൽ വ്യത്യാസമുള്ളത്. യഥാർത്ഥ ജീവിത പരിസരങ്ങളിലൂടെ ‘ജീവിതത്തിൻറെ പുസ്തകം’ മുന്നേറുമ്പോൾ, കടുത്ത ഫാൻറസിയുടെ ലോകത്തിലൂടെയാണ് ‘ദൈവത്തിൻറെ പുസ്തകം’ സഞ്ചരിക്കുന്നത്.

കേരളത്തിനകത്തെ സ്ഥലരാശികൾ മാത്രമാണ് ‘ജീവിതത്തിൻറെ പുസ്തക’ത്തിലുള്ളത്. മടുത്തുപോയ ആധുനിക സംസ്കൃതിയെ തിരസ്കരിച്ചു ഒരു ബദൽ ലോകനിർമ്മിതിക്കുള്ള ആഹ്വാനമാണ് ഈ പുസ്തകം. ജിദ്ദു കൃഷ്ണമൂർത്തി ഫ്രീഡം ഫ്രം നോളജ് പ്രിസ്ക്രൈബ് ചെയ്യുമ്പോലെ, ഫ്രീഡം ഫ്രം മോഡേണിറ്റി!

എന്നാൽ, ഭൂമി മുതൽ അണ്ഡകടാഹം വരെ നീണ്ടുകിടക്കുന്നതാണ് ‘ദൈവത്തിൻറെ പുസ്തക’ത്തിലെ സ്ഥലരാശി. ആധുനിക ജീവിതവും, പ്രാചീന ജീവിതവും, മദ്ധ്യകാല ജീവിതവും അതിൽ ചുരുൾ നിവരുന്നുണ്ട്. ദ്വാപരയുഗവും, ആറാം നൂറ്റാണ്ടും, ഇരുപതാം നൂറ്റാണ്ടും, ഇരുപത്തിയൊന്നാം നൂറ്റാണ്ടും, നോവലിലെ കാലങ്ങളാണ്. മനുഷ്യ സംസ്കൃതിയെ മൊത്തം വിചാരണക്കു വിധേയമാക്കുകയാണ്. ഇത്രയധികം ദൈവദൂതരും, മഹാത്മാക്കളും, തത്വജ്ഞാനികളും, കലാകാരന്മാരും വന്നുപോയിട്ടും ലോകം ഇങ്ങിനെ നാശകോശമായല്ലൊയെന്ന ആധിയിൽനിന്നാണ് ഈ പുസ്തകം പിറവിയെടുക്കുന്നത്. മാനവ ചരിത്രത്തെ മാത്രമല്ല, മഹാത്മാക്കളെപ്പോലും തെറ്റു തിരുത്തിച്ചു എങ്ങിനെ നവലോകം സാദ്ധ്യമാക്കാം എന്ന പരീക്ഷണമാണ് കൃതിയിൽ നടക്കുന്നത്!

വൈജാത്യങ്ങൾക്കിടയിലും രണ്ടു കൃതികളിലെയും താത്വികവും ദാർശനികവുമായ ആകാംക്ഷകൾ സമാനമാണ്. നിലനിൽക്കുന്ന വ്യവസ്ഥിതിയോടുള്ള വിസമ്മതത്തിലും പുത്തൻ ജീവിതാന്വേഷണത്തിനുള്ള വ്യഗ്രതയിലും ഇവ രണ്ടും ഏകരീതിയിൽപ്പെടുന്നു.

💥 ആധുനികതയോടും, ആധുനികത സംസ്കൃതിയോടുമുള്ള കെറുവ് താങ്കളുടെ പല കഥകളിലും നിഴലിച്ചുകാണാം. ആ മനോഭാവം തന്നെയല്ലേ ‘ജീവിതത്തിൻറെ പുസ്തക’ത്തിനും, പിന്നീട്, ‘ദൈവത്തിൻറെ പുസ്തക’ത്തിനും വഴിവെച്ചത്?

💎 ആധുനികതയെല്ലാം തിരസ്കരിച്ചു ആളുകൾ ഗുഹാജീവിതത്തിലേക്കു പോകണമെന്നല്ല എൻറെ അഭിപ്രായം! എന്നാൽ, ലോകം മുഴുവൻ ഗ്രഹിച്ചുകഴിഞ്ഞ ജ്ഞാനോദയജന്യമായ പാശ്ചാത്യ ആധുനികതക്ക് ചില പ്രശ്നങ്ങളുണ്ട്. സാമ്രാജ്യത്വമാണ് അതിനെ ജനിപ്പിച്ചെടുക്കുന്ന വയറ്റാട്ടി. അതുകൊണ്ടാണ് പ്രകൃതിക്കും മനുഷ്യനും വിനാശകാരിയായ മൂലധന മുതലാളിത്തമായി അതു ബീഭത്സപ്പെട്ടിരിക്കുന്നത്. മനുഷ്യത്തിനോ, സ്നേഹത്തിനോ, കാരുണ്യത്തിനോ അവിടെ സ്ഥാനമില്ല.

മനുഷ്യരെ ആർത്തിപ്പണ്ടാരങ്ങളായ യന്ത്രങ്ങളായാണ് മൂലധന മുതലാളിത്തം അന്യവൽക്കരിക്കുന്നത്. ലോകം മുടിഞ്ഞുപോകുമെന്ന് പാരീസ് ഉച്ചകോടി മുന്നറിയിപ്പു നൽകിയിട്ടും നമ്മൾ ഹരിതഗൃഹവാതകങ്ങൾ നിരന്തരം വമിപ്പിച്ചുകൊണ്ടിരിക്കുന്നു. ഗ്രേറ്റാ തുൻബെർഗിൻറെ ചോദ്യങ്ങൾക്കുമുന്നിൽ നാണമില്ലാതെ മിഴിച്ചുനിൽക്കുന്നു!

മനുഷ്യൻറെ സങ്കൽപ്പനങ്ങൾക്കും അനുഭൂതികൾക്കും പ്രാധാന്യം നൽകാത്ത മുതലാളിത്തജന്യമായ ആധുനിക സംസ്കൃതിയുടെ യുക്തിഭാഷ, വ്യക്തികളിൽ വൈകാരികമായ ശൂന്യസ്ഥലികൾ സൃഷ്ടിക്കുന്നു. ആ ശൂന്യസ്ഥലികളുടെ വലിവാണ് മതതീവ്രവാദ ശക്തികൾക്ക് രൂപീകരണം നൽകുന്നതെന്നാണ് അസ്ഗർ അലി എഞ്ചിനീയറുടെ കണ്ടെത്തൽ!

അതായത്, മതതീവ്രവാദവും ഭീകരവാദവും സൃഷ്ടിക്കുന്നത് മതങ്ങളല്ല, മറിച്ചു, യാന്ത്രിക സംസ്കൃതിയാണെന്നർത്ഥം. അപ്പോൾ, ജീവിതത്തിൽ സ്നേഹകാരുണ്യങ്ങൾ ഇച്ഛിക്കുന്നവർക്ക് അതിനോട് കെറുവിക്കാതിരിക്കാൻ കഴിയുമോ?

💥 ആത്മീയമായി വിലയിരുത്തിയാൽ, മതങ്ങൾ തമ്മിൽ വൈരുദ്ധ്യങ്ങളില്ലായെന്ന് രാമനുണ്ണി എവിടയോ പറഞ്ഞതോർക്കുന്നു. ലോകമതങ്ങൾ തമ്മിലുള്ള പ്രധാന സാദൃശ്യമെന്താണ്?

💎 എല്ലാ മതങ്ങൾക്കും ജനാധിപത്യപരവും വിപ്ലവാത്മകവുമായ ഉത്ഭവം കണ്ടെത്താൻ കഴിയും. മനുഷ്യൻറെ മൗലികമായ അഭിനിവേശങ്ങൾക്കും , ചായ്ച്ചിലുകൾക്കും ചരിത്രത്തിൽ ഏകസ്വരൂപമുള്ളതിനാലാണ് വിവിധ കാലങ്ങളിൽ ഉത്ഭവിച്ച മതങ്ങൾക്ക് സാദൃശ്യങ്ങളുള്ളത്.

മതങ്ങളുടെയും പ്രവാചകരുടെയും അനുസ്യുതി ഹിന്ദുധർമ്മവും ഇസ്ലാമും അംഗീകരിക്കുന്നുണ്ട്. സാഹിത്യവും കലയും പോലെ യഥാർത്ഥ മതവും അപരനിലേക്കു തുറക്കുന്ന വാതിലാണ്! അതുകൊണ്ടുതന്നെ എല്ലാ മതമൂല്യങ്ങളും സമാനമായിരിക്കും!

💥 സംസ്കാരങ്ങളും മതങ്ങളും എവിടെയൊക്കെയോ ബന്ധപ്പെട്ടു കിടക്കുന്നു. സാമുവൽ ഹണ്ടിംഗ്ടൺ പറയുന്നത് പോസ്റ്റ് കോൾഡ് വാർ ലോകത്ത് സംസ്കാരങ്ങളും മതസ്വത്വങ്ങളും വലിയ ഏറ്റുമുട്ടലുകൾക്ക് വഴിയൊരുക്കുമെന്നാണ് (The Clash of Civilizations). യുദ്ധങ്ങൾ നടക്കുക രാജ്യങ്ങൾ തമ്മിലല്ല, സംസ്കാരങ്ങൾ തമ്മിലായിരിക്കുമെന്ന്! രാമനുണ്ണിയുടെ കാഴ്ചപ്പാടെന്താണ്?

💎 മതങ്ങളും സംസ്കാരങ്ങളും തമ്മിൽ യുദ്ധംവെട്ടുമെന്ന അഭിപ്രായമുയർത്തുന്നത് പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ ദർശനങ്ങളാണ്. വ്യക്തി-സമൂഹം, സ്വകാര്യം-പൊതുകാര്യം, മനസ്സ്-ശരീരം, ഭൗതികം-ആത്മീയം എന്നിങ്ങനെ എല്ലാ മണ്ഡലങ്ങളേയും വൈപരീത്യങ്ങളായി കാണുന്നത് വെസ്റ്റേൺ മോഡേണിറ്റിയുടെ സവിശേഷതയാണ്. എന്നാൽ, വ്യത്യസ്തമായതെല്ലാം കടകവിരുദ്ധമാണെന്ന സങ്കൽപ്പം തെറ്റാണ്.

ഭൂലോകത്ത് സാമ്രാജ്യത്വം സംഭവിക്കുന്നതിനു മുമ്പ് വിവിധ സംസ്കാരങ്ങൾ പരസ്പരം ശത്രുത പുലർത്തിയതിനു തെളിവില്ല. സംസ്കാരികമായ വ്യത്യാസങ്ങളെ കൗതുകത്തോടെയാണ് കണ്ടിരുന്നത്. പഴയ യാത്രാവിവരണങ്ങളിലൂടെ കണ്ണോടിച്ചാൽ അതു വ്യക്തമാകും.

ചൈനയിൽനിന്നും ഇന്ത്യയിലെത്തിയ ഫാഹിയാനും, ഹുയാങ് സാങ്ങുമെല്ലാം ഭാരതീയ സംസ്കൃതിയെ സ്നേഹാദരങ്ങളോടെയാണ് വിലയിരുത്തിയിട്ടുള്ളത്. വ്യത്യസ്തതകളിൽ രമിക്കുന്നത് മനുഷ്യസഹജമാണ്. സാമ്രാജ്യത്വം മറ്റു രാജ്യങ്ങളെ ചൂഷണം ചെയ്യാനെത്തിയതുകൊണ്ടാണ് അവിടേയുള്ള സംസ്കാരങ്ങളുമായി സംഘർഷപ്പെടേണ്ടിവന്നത്!

സാമ്രാജ്യത്വത്തിൻറെ സന്തതിയായ മുതലാളിത്തത്തിൻറെ സന്തതിയായ, സാമുവൽ ഹണ്ടിംഗ്ടണിന്, The Clash of Civilizations തിയറി ജന്മസിദ്ധമായി ലഭിച്ചതാണ്!

പോസ്റ്റ് കോൾഡ് വാർ കാലത്ത്, ലോകം ഏകധ്രുവമായി. കാപ്പിറ്റലിസത്തിനാകട്ടെ, സംഘർഷങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും മാത്രമേ വളരാനും കഴിയുകയുള്ളൂ. അതിനാണ് The Clash of Civilizations എന്നൊരു പുതിയ ഏറ്റുമുട്ടൽ-ഭൂമിക അദ്ദേഹം പടച്ചുണ്ടാക്കിയത്!

സംസ്കാരങ്ങളുടെ ഏറ്റുമുട്ടലുകൾ എന്നതുകൊണ്ട് ഹണ്ടിംഗ്ടൺ ഉദ്ദേശിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘട്ടനമാണ്. ഇസ്ലാമിനെ യുദ്ധംവെട്ടാനുള്ള പ്രതിയോഗിയാക്കുന്ന ദുഷ്ടലാക്കും ഇതിലുണ്ട്.

💥 വലതുകയ്യും ഇടതുകാലും വെട്ടുമെന്നും, ആറുമാസത്തിനകം മതം മാറണമെന്നുമുള്ള ഭീഷണിക്കത്ത് ലഭിച്ചിരുന്നുവല്ലൊ! ആരാണ് ഇതിനു പിന്നിൽ? എന്തുകൊണ്ടാണിതു സംഭവിച്ചത്? മതസൗഹാർദ്ദം കാണാൻ കേരളത്തിലേക്കു വരൂ എന്നാണല്ലൊ നാം മറ്റുള്ളവരോടു പറയാറുള്ളത്!

💎 ‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി’ എന്ന ശീർഷകത്തിൽ ഒരു ദീർഘലേഖനം എഴുതിയതിൻറെ പേരിലാണ് മേൽപറഞ്ഞ ഭീഷണിക്കത്ത് എനിക്കു ലഭിച്ചത്. ഇന്ത്യയിലെ ഹിന്ദുക്കളോടും മുസ്ലീംങ്ങളോടും തമ്മിൽ തല്ലരുതെന്നു കേണപേക്ഷിക്കുന്ന ലേഖനമായിരുന്നു അത്. ആരേയും പ്രകോപിപ്പിക്കുന്ന യാതൊന്നും അതിലില്ല. എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ അഭിപ്രായപ്പെട്ടതുപോലെ, വിനയത്തിൻറെ അങ്ങേയറ്റത്തെ ഭാഷയിൽ എഴുതിയ ലേഖനം.

ഏതു നിലക്കു നോക്കിയാലും ഹിന്ദു സമുദായവും മുസ്ലീം സമുദായവും തമ്മിൽ തല്ലുന്നതിന് യാതൊരു കാരണവുമില്ലെന്ന് യുക്തിഭദ്രമായും മൃദുവായും തെര്യപ്പെടുത്തുന്ന ലേഖനം ചിലർക്ക് അസഹ്യമായി തോന്നിയത് അവർ വൈപരീത്യം വളർത്തി മുതലെടുക്കാൻ ശ്രമിക്കുന്നതിനാലാണ്. ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കുമിടയിൽ സ്പർദ്ധ സൃഷ്ടിച്ചു നേട്ടം കൊയ്ത സാമ്രാജ്യത്വ ശക്തികളുടെ ആതേ അജണ്ടയാണ് ഇത്തരക്കാരും പിൻതുടരുന്നത്.

മതസൗഹാർദ്ദത്തിനു കേളികേട്ട കേരളത്തിലുമിതാ ഭീകരവാദ ഭീഷണിയെന്ന കാര്യം നേരെ ചിന്തിക്കുന്നവർക്കു ചീത്ത വാർത്തയാണെങ്കിൽ, വർഗ്ഗീയതക്കായി പ്രവർത്തിക്കുന്നവർക്ക് നല്ല വാർത്തയാണ്! എനിക്ക് ഈ ഭീഷണിക്കത്തു ലഭിച്ചപ്പോൾ, ഇന്ത്യയിലൊട്ടുക്കുമുള്ള പ്രിൻറ് ആൻറ് വിഷ്വൽ മീഡിയകൾ അത്യാവേശമാണ് കാണിച്ചത്! എണ്ണമറ്റ ടെലിഫോൺ കാളുകൾ ഉത്തരേന്ത്യയിൽനിന്നു വന്നുകൊണ്ടിരുന്നു.

വിനാശ വാർത്തകളോട് പൊതുവെ മാധ്യമ രംഗത്തുള്ള പ്രതിപത്തിക്കുപരി, ചില ദുഷ്ടലാക്കുകാർ ഈ അമിതോത്സാഹത്തിനു പുറകിലുണ്ടെന്ന് എനിക്കു പെട്ടെന്നു മനസ്സിലായി. ഉത്തരേന്ത്യ പോലെ കേരളവും കെട്ടുപോയെന്നും, ദൈവത്തിൻറെ സ്വന്തം നാട് ഭീകരവാദത്തിൻറേതുകൂടിയാണെന്ന് വരുത്തിത്തീർക്കാനുള്ള ഉത്സാഹമായിരുന്നു അവർക്ക്.

ഏതോ മതഭ്രാന്തൻറെ ഭീഷണിക്കത്തിനാൽ കേരളത്തിൻറെ മൈത്രീസ്വഭാവത്തിനു ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നും, നിങ്ങളുടെ നാടിനേക്കാൾ പതിന്മടങ്ങ് ഭദ്രമാണ് ഇപ്പോഴും കേരളമെന്നും ഞാൻ തിരിച്ചടിച്ചു! കേരളമെന്നു കേട്ടാൽ ചോര തിളക്കണമെന്നു വള്ളത്തോൾ പാടിയത് ഞാൻ അപ്പോൾ ശരിക്കും അനുഭവിച്ചറിയുകയായിരുന്നു!

💥 രാമനുണ്ണിയുടെ ശുഭാപ്തി വിശ്വാസം അഭിനന്ദനം അർഹിക്കുന്നു! ഇനി താങ്കളുടെ പ്രഥമ നോവലായ (1993) ‘സൂഫി പറഞ്ഞ കഥ’യിലേക്കു വരാം. ഈ നോവലും, പൊന്നാനിയിലെ താങ്കളുടെ കുട്ടിക്കാലവും ഇത്രകണ്ടു ബന്ധപ്പെട്ടുകിടക്കാൻ എന്താണു കാരണം? ഈ പ്രദേശക്കാരായ മറ്റു എഴുത്തുകാരിൽ കാണാത്തൊരു അതിസ്വാധീനമാണിത്, അല്ലേ?

💎 സ്വന്തം നാടിൻറെ സ്വാധീനം എല്ലാ എഴുത്തുകാരുടെ രചനകളിലും നൈസർഗ്ഗികമാണ്. ബാല്യകാലസ്മരണകളാണ് സർഗ്ഗാത്മകതയുടെ പ്രധാന ഭക്ഷണമെന്നതാണ് ഇതിനു പ്രധാന കാരണം. അതുകൊണ്ടു പൊന്നാനിയും, പൊന്നാനി സൃഷ്ടിച്ച അവബോധവും ആദ്യ നോവലിൽ നിറഞ്ഞു നിൽക്കുന്നു.

വ്യത്യസ്ത മതസ്തർ തമ്മിൽ പൊന്നാനിയിലുള്ള സൗഹൃദപാരമ്പര്യം ലോകം മുഴുക്കെ വളർന്നു വ്യാപിക്കണമെന്നൊരു hopeful-thinking ‘സൂഫി’യുടെ രചനക്കു പുറകിലുണ്ട്!

മക്കളെ വാത്സല്യത്താൽ ആശ്ലേഷിച്ചു അടിമകളാക്കാനുള്ള മിടുക്ക് പൊന്നാനിമാതാവിന് കുറച്ചേറെയാണ്!

ഇടശ്ശേരി, ഉറൂബ്, എം. ഗോവിന്ദൻ തുടങ്ങി എത്രയോ എഴുത്തുകാർ പൊന്നാനിത്തം കൃത്യമായി ആഘോഷിച്ചവരാണ്! വ്യത്യസ്തമായ വഴിയിലൂടെ ഞാനും അവരെ പിൻതുടരുന്നുവെന്നുമാത്രം.

💥 ‘സൂഫിപറഞ്ഞ കഥ’യുടെ വിത്തുവീണ മണ്ണ് കഥാകാരന് ഏറെ പ്രിയപ്പെട്ടതുതന്നെ. എന്നിട്ടുമെന്തേ ആ നാടും വീടുമെല്ലാം വിട്ട് കോഴിക്കോട്ടേക്കു പോയത്?

💎 സ്റ്റേറ്റ് ബേങ്കിലെ ജോലിസൗകര്യാർത്ഥമാണ് കോഴിക്കോടു വീടുവെച്ചത്. തൃശ്ശൂരാണ് സമീപസ്ഥ നഗരമെങ്കിലും കോഴിക്കോടിനോടാണ് പൊന്നാനിക്കാർക്ക് സാംസ്കാരികമായ ചേർച്ച. കോഴിക്കോടു കഴിഞ്ഞാൽ സാമൂതിരിയുടെ രണ്ടാം തലസ്ഥാനവും പൊന്നാനിയായിരുന്നല്ലൊ.

ഉറൂബ്, അക്കിത്തം, എംടി മുതലായ പൊന്നാനിത്തട്ടകം എഴുത്തകാർ കോഴിക്കോടിനെ തങ്ങളുടെ താൽക്കാലികമോ, സ്ഥിരമോ ആയ ആവാസസ്ഥലിയാക്കിമാറ്റിയില്ലേ!

മുക്കുപണ്ടമിട്ടും ഉത്സവവേളകൾ ആനന്ദപ്രദമാക്കാമെന്ന തരത്തിൽ, കോഴിക്കോടു കുറെയെല്ലാം പൊന്നാനിയുടെ ഛായാഗുണങ്ങൾ എനിക്കു തന്നു സന്തോഷിപ്പിച്ചിട്ടുണ്ട്!

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ