വഴികൾ(കവിത )

ഡോ.എസ് .രമ
പ്രയാണത്തിന്റെ തുടക്കം
ഒരൊറ്റ ബിന്ദുവിൽ നിന്നും…
പിന്നെയവർ വഴി മാറി..
മുൻഗാമികൾക്ക് പിന്നേ നടന്നു..

വരി തെറ്റാത്തൊരുറുമ്പിൻ
കൂട്ടം കണക്കെ
വേറിട്ട വഴികളിലൂടവർ നടന്നു..
ഇരുളിന്റെ ചട്ടക്കൂടുകളിൽ
ഇടുങ്ങിയ തുരങ്കങ്ങളിലൂടെ
കണ്ണുമൂടി കെട്ടിയവർ നടന്നു….

വഴി മാറി നടന്നവർ വെറുക്കപ്പെട്ടു..
സമാന്തര പാതകളോടവർക്ക് പുച്ഛം
തേടിയ പ്രകാശം ഒന്നെന്നവരറിഞ്ഞില്ല…
വഴികൾ ഒരുമിച്ചൊരാ തെരുവുകളിൽ
പകയോടവർ പരസ്പരം നോക്കി നിന്നു..
വേട്ടനായ്ക്കളെ പോലിടക്കൊക്കെ
കടിച്ചു കീറി..

ചിന്തിയ ചോരത്തുള്ളികളും
ചിതറിയ മാംസകഷ്ണങ്ങളും
ചേർത്തു വച്ചാരോ നേട്ടമാക്കി…

അവരോർത്തില്ലവരെല്ലാം
മനുഷ്യരെന്ന്..
അവരുടെ ചോര ചുവപ്പെന്ന്
അവരുടെ ലക്ഷ്യം ഒരേ ബിന്ദുവെന്ന്
അവരെന്നും അന്ധരായിരുന്നു…
വേറിട്ട വഴികളിൽ
അവരെന്നും അന്ധരായിരുന്നു…

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ